ണ്ണവിലയിലിണ്ടായ ഇടിവിനെത്തുടർന്ന് ഗൾഫിലുണ്ടായ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുക കേരളത്തെ. തൊഴിൽ നഷ്ടപ്പെട്ട് അനേകായിരങ്ങൾ നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് ഇനിയും വർധിക്കും. ഗൾഫിൽനിന്നും നാട്ടിലേക്ക് എത്തിക്കൊണ്ടിരുന്ന പണത്തിന്റെ അളവിലും ഗണ്യമായ കുറവുണ്ടാകും.

ആഗോളതലത്തിൽ എണ്ണവിലയിലുണ്ടായ ഇടിവ് ഏറ്റവും കൂടുതൽ ബാധിച്ചത് ഗൾഫ് രാജ്യങ്ങളെയാണ്. അതിന്റെ അലയൊലികളാണ് ഇന്ത്യയിലും സംഭവിക്കുന്നത്. ഗൾഫിൽനിന്ന് ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 27 ശതമാനത്തോളം ഇടിവാണുണ്ടായത്. 2008-ൽ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ഇത്രയും കുറവുണ്ടാകുന്നത് ഇതാദ്യം.

എണ്ണവിലയിലെ തകർച്ച ഗൾഫിലെ നിർമ്മാണപ്രവർത്തനങ്ങളെയാണ് കാര്യമായി ബാധിച്ചത്. പല പദ്ധതികളും നിർത്തിവെക്കപ്പെട്ടു. ഇതോടെ ഈ മേഖലയിൽ ജോലിയെടുത്തിരുന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിനാളുകൾ തൊഴിൽ രഹിതരായി. കമ്പനികൾ പിരിച്ചുവിടുന്നതിന് മുമ്പുതന്നെ പലരും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

70 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗൾഫിൽ ജോലി ചെയ്യുന്നത്. ഓരോ ദിവസവും ആയിരക്കണക്കിനാളുകൾ തൊഴിൽ നഷ്ടപ്പെടൽ ഭീഷണി നേരിടുന്നുണ്ട്. ഖത്തർ പെട്രോളിയത്തിൽ ജോലി ചെയ്തിരുന്ന ആയിരത്തോളം ഇന്ത്യക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഇന്ത്യൻ തൊഴിലാളികളിലേറെയും എണ്ണ, നിർമ്മാണ മേഖലകളിലാണ് ജോലി ചെയ്യുന്നത്.

വിദേശത്തുനിന്നുള്ള സാമ്പത്തിക സ്രോതസ്സുകൾ വറ്റുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഗൾഫിലെ സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ അമേരിക്കയിലെ പലിശനിരക്ക് ഉയരുന്നതും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനൊരുങ്ങുന്നതും ചൈനീസ് സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധികളും ഇന്ത്യൻ വിപണിയെ സാരമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.