കോഴിക്കോട്: പ്രതിപക്ഷ പാർട്ടികളുടെ ദേശി ബന്ദിനും ഇന്ധന വില പിടിച്ചു നിർത്താനാകുന്നില്ല. ഇന്ധന വില വർധനവിനെതിരെ ഭാരത് ബന്ദ് പ്രഖ്യാപിച്ച് രാജ്യം ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്ന തിങ്കളാഴ്ചയും ഇന്ധന വില വർദ്ധിപ്പിച്ച് കമ്പനികളുടെ ധാർഷ്ട്യം. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് ഹർത്താൽ ദിനമായ ഇന്നും വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 82.72 രൂപ, ഡീസലിന് 76. 73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോൾ 77 രൂപ എന്നിങ്ങനെയുമാണ് ഇന്നത്തെ വില.

ഓരോ ദിനവും റെക്കോർഡ് രേഖപ്പെടുത്തിയാണ് ഇന്ധനവില മുന്നേറുന്നത്. ദിവസവും 20 പൈസ വെച്ചെങ്കിലും കൂടുന്ന ഇന്ധന വിലയിൽ ചില ദിവസങ്ങളിൽ അൻപത് പൈസയുടെ വർദ്ധനവ് വരെയാണ് ഉണ്ടാകുന്നത്. സാധാരണക്കാരായ ജനങ്ങളെ ആശങ്കയിലാക്കിക്കൊണ്ട് രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ പെട്രോളിന് 2.78 രൂപയും ഡീസലിന് 3.54 രൂപയുമാണ് വർദ്ധിച്ചത്. കഴിഞ്ഞ മാസം 25ന് തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 80.98 രൂപയായിരുന്നെങ്കിൽ ഇന്ന് അത് 84.05ൽ എത്തി. ഡീസൽ വില 74.19 രൂപയായിരുന്നത് 77.99 രൂപയിലുമെത്തി.

ഡോളർ കരുത്താർജിച്ചതും ഒപെക് രാജ്യങ്ങൾ ഉൽപാദനം കൂട്ടാതിരുന്നതുമാണ് കാരണമെന്നു വിശദീകരിക്കുന്ന കേന്ദ്രസർക്കാർ വില പിടിച്ചുനിർത്താനുള്ള നടപടികൾക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. മുംബൈയിലാണ് ഏറ്റവും ഉയർന്ന വില പെട്രോൾ ലീറ്ററിന് 88.31 രൂപയും ഡീസൽ 77.32 രൂപയും. കുറഞ്ഞ നികുതി നിരക്കായതിനാൽ വില ഏറ്റവും കുറവുള്ള ഡൽഹിയിൽ പെട്രോളിന് 80.74 രൂപ; ഡീസലിന് 72.84 രൂപയും.

ഇന്ധന വില ദിവസവും റെക്കോർഡിട്ട് കുതിച്ചുയരുന്നത് കണ്ട് അന്തം വിട്ടിരിക്കുകയാണ് മലയാളികൾ. രാജ്യത്തെ മിക്ക നഗരങ്ങളിലും ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് ഇപ്പോഴത്തേത്. ഓഗസ്റ്റ് പകുതിക്കുശേഷം പെട്രോൾ ലീറ്ററിനു 3.42 രൂപയും ഡീസലിനു 3.84 രൂപയുമാണു വർധിച്ചത്. എണ്ണക്കമ്പനികൾ ലഭ്യമാക്കുന്ന വിലയിൽ (പെട്രോൾ 40.50 രൂപ, ഡീസൽ 43 രൂപ) കേന്ദ്ര സംസ്ഥാന നികുതികൂടി ചേരുന്നതോടെയാണ് വില ഇരട്ടിയിലേറെയായി മാറുന്നത്.

ഇന്ധനവില ജനങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമായി ദിവസവും കുതിച്ചുയർന്നിട്ടും നികുതി കുറച്ച് ആശ്വാസമേകാൻ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ തയ്യാറാകുന്നുമില്ല. അതേസമയം ഇന്ധന വില വർദ്ധനവിനെതിരെയും പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും ആഹ്വാനം ചെയ്ത ഹർത്താൽ കേരളത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. രാവിലെ ഒമ്പതുമുതൽ മൂന്നുവരെ ദേശീയതലത്തിൽ കോൺഗ്രസ് അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതാണ് കേരളത്തിൽ 12 മണിക്കൂർ ഹർത്താലായി മാറിയത്.

തെക്കൻ കേരളത്തിൽ അതിരാവിലെ മുതൽ തന്നെ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. എറണാകുളം അടക്കമുള്ള മധ്യ മേഖലയേയും സതംഭിപ്പിച്ചു. മലബാറിൽ എല്ലാ ഹർത്താൽ ദിനവും പോലെ സമ്പൂർണ്ണ നിശ്ചലമാണ് കാര്യങ്ങൾ. നഗരങ്ങളിൽ ഇരുചക്രവാഹനങ്ങളും മറ്റും ഓടുന്നതൊഴിച്ചാൽ മറ്റ് വാഹനങ്ങളൊന്നും നിരത്തിൽ ഇല്ല. കടകമ്പോളങ്ങളും കേരളത്തിൽ ഉടനീളം നിശ്ചലമാണ്. കെ എസ് ആർ ടി സി ബസും ഓടിക്കാൻ അനുവദിച്ചിട്ടില്ല. ടാക്സിയും ഓട്ടോയും എല്ലാം പ്രതിഷേധത്തിലാണ്. രാത്രിയിൽ തന്നെ മലബാറിൽ വാഹനങ്ങൾ തടയാൻ തുടങ്ങി. തിരുവനന്തപുരത്ത് തമ്പാനൂരിൽ സിഐടിയുക്കാർ ബസുകളും മറ്റും തടഞ്ഞു. ഓട്ടോയെല്ലാം രാവിലെ ആറുമണിക്ക് തന്നെ ഓട്ടം നിർത്താനും നിർദ്ദേശിച്ചു.

പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തടസം ഉണ്ടാകരുത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളേയും, വിവാഹം, ആശുപത്രി, എയർ പോർട്ട്, വിദേശ ടൂറിസ്റ്റുകൾ, പാൽ, പത്രം തുടങ്ങിയവയേയും ഹർത്താലിൽ നിന്നൊഴി വാക്കിയിട്ടുണ്ട്. പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടു കൊണ്ടാണ് പെട്രാളിയം ഉൽപ്പന്നങ്ങളുടെ വില കുത്തനെ കൂടുന്നത്. പ്രെട്രോളിന് തിരുവനന്തപുരത്തെ വെള്ളിയാഴ്ച വില 83.30രൂപയും ഡീസലിന് 77.18 രൂപയുമാണ്. മുംബൈയിലെ ഡീസൽ വിലയെക്കാൾ കൂടുതലാണ് തിരുവനന്തപുരത്തേത്. ഈ സാഹചര്യത്തിലാണ് 12 മണിക്കൂർ ഹർത്താൽ നടത്തുന്നതെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ വ്യക്തമാക്കിയിരുന്നു.

പെട്രോളിനും, ഡീസലിനും വിലയിൽ സർവ്വകാല റിക്കാർഡിട്ട സാഹചര്യത്തിൽ എ.ഐ.സി.സി പ്രഖ്യാപിച്ച ദേശീയ ബന്ദിൽ നിന്നും കേരളത്തിന് ഒഴിഞ്ഞ് മാറിനിൽക്കാനാവാത്തതിനാലാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഹർത്താൽ നടത്തുന്നത്. എല്ലാ ജനാധിപത്യ വിശ്വാസികളും ഹർത്താലുമായി സഹകരിക്കണമെന്ന് കെ. പി.സി.സി. പ്രസിഡന്റ് എം.എം.ഹസൻ അഭ്യർത്ഥിച്ചു. കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ, ആരോഗ്യ സർവകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല എന്നിവ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള, എംജി സർവകലാശാലകൾ 15 വരെയുള്ള പരീക്ഷകൾ നേരത്തേ മാറ്റിവച്ചിരുന്നു.

ഇന്ധന വിലവർധനയ്ക്കു പരിഹാരം നിർദ്ദേശിക്കാനോ അതേക്കുറിച്ചു ചർച്ച ചെയ്യാനോ പോലും ബിജെപി മുതിരാത്തതിൽ വേദനയുണ്ടെന്നു കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു. കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് 21 രാഷ്ട്രീയ പാർട്ടികൾ പിന്തുണ അറിയിച്ചിട്ടുണ്ട്. വിവിധ അസോസിയേഷനുകളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നു. എന്നാൽ ഹർത്താലിന്റെ പേരിൽ അക്രമത്തിനു മുതിരരുതെന്നു കോൺഗ്രസ് അനുയായികളോട് ദേശീയ നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തു പെട്രോൾഡീസൽ വില കുതിച്ചു കയറുകയാണ്. ഞായറാഴ്ച പെട്രോൾ ലീറ്ററിനു 12 പൈസയും ഡീസൽ 10 പൈസയുമാണു വർധിച്ചതെന്നും മാക്കൻ പറഞ്ഞു.

പെട്രോൾ വിലവർദ്ധനവിനെതിരെ കോൺഗ്രസ്സ് ഭാരത് ബന്ദ് തിങ്കളാഴ്ച നടത്തുന്നുണ്ട്. ഇതിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ബന്ദിൽ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത വിധത്തിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെയാണ് ബന്ദ് നടത്താൻ തീരുമാനിച്ചത്. എന്നാൽ എൽഡിഎഫ് കോൺഗ്രസ്സിൽ നിന്നും വിട്ടു നിന്ന് 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തു, ഇതോടെയാണ് കേരളത്തിൽ കോൺഗ്രസും 12 മണിക്കൂർ ഹർത്താലിന് തീരുമാനം എടുത്തത്.