കോഴിക്കോട്: കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലിയെന്നതാണ് നമ്മുടെ ദേവസ്വം ബോർഡുകളുടെ പൊതുവെയുള്ള അവസ്ഥ. ധൂർത്തിന്റെയും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കഥകൾ മാത്രമാണ് തിരുവിതാംകൂർ ദേവസ്വംബോർഡിൽ നിന്നടക്കം കേൾക്കാനുള്ളത്. എന്നാൽ ഇതിന് തീർത്തും അപവാദമാവുകയാണ്, ബിജെപിവിട്ട് സിപിഎമ്മിലെത്തിയ ഒ.കെ വാസു ചെയർമാനായ മലബാർ ദേവസ്വം ബോർഡ്.

മലയാള മനോരമയടക്കമുള്ള കേരളത്തിലെ പ്രമുഖർ കൈയേറിയ കാൽലക്ഷത്തോളം ഏക്കർ ക്ഷേത്രഭൂമിയാണ് ഇപ്പോൾ ദേവസ്വം ബോർഡ് തിരിച്ചുപടിച്ചത്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി സംബന്ധിച്ച കേസുകൾ ഏറ്റെടുക്കുമെന്നും അതിന് ലീഗൽ സെൽ രൂപവത്കരിക്കുമെന്നും മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ. വാസു, കമീഷണർ കെ. മുരളി എന്നിവർ കോഴിക്കോട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളുടെ പ്രാദേശികഅവകാശികൾ വൻകിടക്കാർക്കെതിരെ കേസ് നടത്തുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. കേസുകൾ പരാജയപ്പെടുന്ന സാഹചര്യവും ഉണ്ട്. ഇതൊഴിവാക്കുകയാണ് ബോർഡ് ലക്ഷ്യം.

ലീഗൽ സെൽ രൂപവത്കരിക്കാനായി സർക്കാറിന് അപേക്ഷ നൽകി. കോടതിവിധിയിലൂടെ ക്ഷേത്രഭൂമി തിരികെ ലഭിക്കുന്നതിനുള്ള അനുകൂല സാഹചര്യമുണ്ട്. തളിപ്പറമ്പ് തിമിരി ദേവസ്വത്തിലെ 1400 ഏക്കർ ഭൂമി ഒഴിപ്പിക്കാൻ വിധിയായി. വെള്ളോറ ചുഴലി ക്ഷേത്രത്തിലെ 234 ഏക്കർ ഭൂമി ഒഴിപ്പിക്കും. നടുവിൽ വെള്ളാട്ട്‌ േദവസ്വത്തിന്റെ 26,000 ഏക്കറിൽ 23,000 ഏക്കർ കൈയേറ്റക്കാരിൽ നിന്ന് തിരികെ പിടിക്കും. പാലക്കാട് ജില്ലയിലെ കല്ലേക്കുളങ്ങരയിൽ എമൂർ ഭഗവതിക്ഷേത്രത്തിലെ 694 ഏക്കർ ഭൂമിയും തിരിച്ചുപിടിക്കാൻ ഉത്തരവായിട്ടുണ്ട്.

മലയാള മനോരമയുടെ കൈവശമുള്ള മഞ്ചേരി പന്തല്ലൂർ ദേവസ്വം ഭൂമിയുടെ 600 ഏക്കറും ഒഴിപ്പിക്കാൻ വിധിയായി. നിരവധി ക്ഷേത്രങ്ങൾ ഊരായ്മക്കാരും മറ്റും കൈയടക്കി വെച്ചിട്ടുണ്ട്. സമയബന്ധിതമായി ഇത്തരം ക്ഷേത്രങ്ങളുടെ നിയന്ത്രണം ബോർഡ് ഏറ്റെടുക്കും. ദേവസ്വം ബോർഡ് ആക്ട് ഭേദഗതി ഉൾപ്പെടെയുള്ള ബിൽ അടുത്ത നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.-ഒ.കെ വാസു പറഞ്ഞു.

മലയാള മനോരമ കുടുംബം എം.ആർ.എഫ് ടയേഴ്‌സിനുവേണ്ടി കൈയേറിയ മഞ്ചേരി പന്തല്ലൂരിലെ ക്ഷേത്രഭൂമി തിരിച്ചുപിടക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ ഇവിടെ പ്രക്ഷോഭത്തിന് എത്തിയിരുന്നു.