തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും തെക്കൻ കേരളത്തിലെ തീരങ്ങളിൽ ദുരിതപെയ്ത്ത് തുടരുന്നു. മത്സ്യബന്ധനത്തിനായി കടലിൽ പോയ നിരവധി പേർ ഇനിയും തിരിച്ചെത്താത്താണ് കടുത്ത ആശങ്കക്ക് ഇടയാക്കുന്നത് തിരുവനന്തപുരത്തു നിന്നും മത്സ്യബന്ധനത്തിന് പോയ നൂറോളം ആളുകളെ കാണാനുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനിടെ രക്ഷാപ്രവർത്തനം ഫലപ്രദമല്ലെന്ന ആരോപണവും ഒരു വശത്തു നിന്നും ഉയരുന്നുണ്ട്. ദുരിതത്തിൽ പെട്ടവരെ കരയിൽ എത്തിക്കാനുള്ള നടപടികൾ ഫലപ്രദമല്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരത്ത് കടലിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.

കടലിൽ ഇറങ്ങരുതെന്ന കർശന നിർദ്ദേശം നിലനിൽക്കെയാണ് സ്വന്തം സുരക്ഷ അവഗണിച്ചും കൂടെയുള്ളവരെ രക്ഷിക്കാൻ മൽസ്യത്തൊഴിലാളികൾ നേരിട്ട് തിരച്ചിലിന് ഇറങ്ങിയത്. കൊല്ലം, വിഴിഞ്ഞം എന്നിവിടങ്ങളിൽനിന്നുമാണ് തൊഴിലാളികൾ കടലിലേക്കു പോയത്. നാലു ബോട്ടുകളിലായി 20 തൊഴിലാളികളാണ് കൊല്ലത്തുനിന്നു പുറപ്പെട്ടത്. കടലിൽപ്പെട്ടവരുടെ ജീവനാണ് തങ്ങൾക്കു പ്രധാനമെന്ന് തൊഴിലാളികൾ വ്യക്തമാക്കി. അതിനിടെ, തീരദേശത്ത് പ്രബലമായ ലത്തീൻ സഭയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണമെന്ന് വൈദികർ സഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സരക്ഷാപ്രവർത്തനത്തിന്റെ വ്യാപ്തി വർധിപ്പിക്കണമെന്നാണ് ആവശ്യം. കൊച്ചുവേളി മേഖലയിൽനിന്ന് മൽസ്യബന്ധനത്തിനായി പോയ നാലു പേരേക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് മൽസ്യത്തൊഴിലാളികൾ തീരദേശ റോഡ് ഉപരോധിക്കുകയാണ്. അതേസമയം, തിരിച്ചിലിനു മൽസ്യത്തൊഴിലാളികളുടെ വലിയ ബോട്ടിറക്കാമെന്നു തിരുവനന്തപുരം കലക്ടർ കെ.വാസുകി അറിയിച്ചു. ബോട്ടിന്റെ രജിസ്റ്റർ നമ്പർ പൊലീസിനു കൈമാറണം. ബോട്ടുകൾ രണ്ടു നോട്ടിക്കൽ ൈമൽ അപ്പുറം പോകരുത്. തിരുവനന്തപുരത്ത് 107 പേർ മടങ്ങിയെത്താനുണ്ടെന്നും കലക്ടർ കൂട്ടിച്ചേർത്തു.

ഇപ്പോഴും കടലിൽ കുടുങ്ങിക്കിടക്കുന്ന നൂറോളം തിരച്ചിൽ തുടരുകയാണ്. വിവരം ശേഖരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, മൽസ്യത്തൊഴിലാളിയായ ജോൺസനെ തീരസംരക്ഷണ സേന രക്ഷിച്ചു. മറ്റൊരു സംഭവത്തിൽ കടലിൽ കുടുങ്ങിയ എട്ടു മൽസ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അഞ്ചുപേരെ നീണ്ടകരയിലും രണ്ടുപേരെ കൊച്ചിയിലും ഒരാളെ വിഴിഞ്ഞത്തും എത്തിക്കും. കൊല്ലം നീണ്ടകരയിൽനിന്നുപോയ ബോട്ട് കാണാതായി. ബോട്ടിലുണ്ടായിരുന്ന 12 പേരെ കാണാനില്ല. ജിതിൻ എന്ന ബോട്ടാണ് കാണാതായത്. ബോട്ടിലുണ്ടായിരുന്ന മൂന്നുപേരെ നാവികസേന രക്ഷപ്പെടുത്തി.

അതിനിടെ കടലിൽ നിന്നു രക്ഷപെട്ടവർ പറയുന്നത് കടലിൽ കഴിയവേ സഹിച്ചത് നരകയാതന ആണെന്നാണ്. മൂന്നുദിവസം അനുഭവിച്ചതു സമാനതയില്ലാത്ത ദുരിതമെന്നു രക്ഷപെട്ടവരുടെ വെളിപ്പെടുത്തലുകൾ. പ്പമുണ്ടായിരുന്നയാൾ കടലിൽവീണെങ്കിലും രക്ഷിക്കാനായില്ലെന്നു മൽസ്യത്തൊളിലാളികൾ അറിയിച്ചു. വൻ തിരമാലകൾ ബോട്ടുകൾ തകർത്തു. ഇത്രയും വലിയ തിരമാലകൾ കണ്ടിട്ടില്ല. രക്ഷപ്പെട്ടതു ബോട്ടിന്റെ അവശിഷ്ടങ്ങളിൽ പിടിച്ചുകിടന്നെന്നും തൊഴിലാളികൾ അറിയിച്ചു.

കേരളത്തിൽ ഇടവിട്ട കനത്തമഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സൈന്യവും കോസ്റ്റ് ഗാർഡും തിരച്ചിൽ തുടരുകയാണ്. തമിഴ്‌നാട്ടിൽനിന്നുള്ള ദുരന്തനിവാരണസേനയും തിരച്ചിലിൽ പങ്കു ചേരുന്നുണ്ട്. ഇതുവരെ 300 മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ചു. തിരുവനന്തപുരത്തെ വിഴിഞ്ഞം, പെരുമാതുറ എന്നിവിടങ്ങളിൽനിന്ന് നൂറിലധികം ആളുകളെയാണ് കാണാതായത്. അതിനിടെ 104 പേരെ കൽപ്പേനിയിൽ കണ്ടെത്തിയെന്ന് നാവികസേന അറിയിച്ചു. ഇതിൽ മലയാളികളും ഉൾപ്പെടുന്നു. എന്നാൽ ഭൂരിഭാഗം പേരും തമിഴ്‌നാട്ടുകാരാണ്. ഇനിയും കരയിലെത്താൻ ബാക്കിയുള്ളവരുടെ കണക്ക് ശേഖരിക്കാൻ വില്ലേജ് ഓഫീസർമാർക്ക് കളക് ടർമാർ നിർദ്ദേശം നൽകി. അതേസമയം കടലിൽ പോയവരുടെ കണക്കെടുക്കാൻ കളക്ടർമാർ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.