- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിപിയെ ചൊല്ലി തർക്കം; ഡോർ വലിച്ചടച്ചത് ഇഷ്ടമായില്ല; ചെന്നൈയിൽ ഒല ടാക്സി ഡ്രൈവർ എൻജിനീയറെ ഇടിച്ചുകൊന്നു
ചെന്നൈ: ഒടിപി പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒല ടാക്സി ഡ്രൈവർ സോഫ്റ്റ് വെയർ എൻജിനീയറെ കൊലപ്പെടുത്തി. കുടുംബാംഗങ്ങൾക്ക് മുന്നിൽ വച്ച് ഡ്രൈവറിന്റെ മർദ്ദനമേറ്റാണ് മരണം. ഇടിയേറ്റ് ബോധരഹിതനായി വീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ചെന്നൈയ്ക്കടുത്ത് നാവലൂരിൽ ഞായറാഴ്ചയാണ് സംഭവം.ഗുഡുവാഞ്ചേരിയിൽനിന്നുള്ള ഉമേന്ദറാണ് അടിയേറ്റു മരിച്ചത്. ഒല ടാക്‌സിഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. കോയമ്പത്തൂരിൽ സ്വകാര്യ സോഫ്റ്റ് വെയർ കമ്പനിയിൽ ജോലിചെയ്യുന്ന ഉമേന്ദർ രണ്ടുദിവസംമുമ്പാണ് ചെന്നൈയിലെത്തിയത്. വാരാന്ത്യം ബന്ധു വീട്ടിൽ വന്നതാണ് കുടുംബം.
മാളിൽ കയറി സിനിമ കണ്ട് എൻജിനീയറും കുടുംബവും തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്. ഗുഡുവാഞ്ചേരിയിലേക്ക് പോകാനായി ഉമേന്ദർ ഒല ടാക്‌സി വിളിച്ചു. നമ്പർ നോക്കി ഉറപ്പുവരുത്തി കാറിൽ കയറി. അതിനിടെയാണ് ഒടിപിയെ ചൊല്ലി തർക്കം ഉണ്ടായത്.
ഒടിപി പറഞ്ഞിട്ട് കയറിയാൽ മതിയെന്ന് പറഞ്ഞ് കാറിൽ നിന്ന് ഡ്രൈവർ ഇറക്കിവിട്ടു. പുറത്തിറങ്ങിയ ഉമേന്ദർ ദേഷ്യത്തിൽ കാറിന്റെ ഡോർ വലിച്ചടച്ചു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് പ്രകോപനത്തിന് കാരണം.വഴക്കിനിടെ ക്ഷുഭിതനായ രവി കൈയിലുള്ള മൊബൈൽ ഫോൺ കൊണ്ട് എറിഞ്ഞു. തുടർന്ന് നിരന്തരം മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായി വീണ ഉമേന്ദറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ