- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടൂരിൽ കുമ്മാട്ടി കണ്ട് മടങ്ങിയവർ ബൈക്ക് ബാറിന് മുമ്പിൽ വച്ച് മദ്യപിക്കാൻ കയറി; ഫിറ്റായി തിരിച്ചു വന്നപ്പോൾ ബൈക്കില്ല; സിസിടിവി പരിശോധനയിൽ വാഹനം തള്ളിക്കൊണ്ടു പോകുന്നത് കണ്ടു; ഒലവക്കോട് ആൾക്കൂട്ടം തല്ലിക്കൊന്നത് 27കാരനെ; റഫീക്കിന്റേത് ക്രൂര കൊലപാതകം
പാലക്കാട്: കേരളത്തെ ഞെട്ടിച്ച് വീണ്ടും ആൾക്കൂട്ട കൊല. അട്ടപ്പാടിയിലെ മധുവിന്റെ ക്രൂര കൊലപാതകത്തിന്റെ നടുങ്ങിയ കേരളത്തെ വീണ്ടും ഞെട്ടിക്കുകയാണ് ഒലവക്കോടിലെ ക്രൂരതയും. ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ യുവാവ് മരിച്ചു. മലമ്പുഴ കടുക്കാംകുന്നം കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. 3 പേരെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു പുലർച്ചെ 1.45ന് ഒലവക്കോട് ജംക്ഷനിലാണു സംഭവം. കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ റഫീക്കിനെ മർദിച്ചത്. റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച കൊലയളി സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു. സംശയം മാത്രം തോന്നിയായിരുന്നു ഇവരുടെ ആക്രമണം. അതിക്രൂരമായ മർദ്ദനം റഫീക്കിന് ഏറ്റിരുന്നു. ഇതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
റഫീക്കിനെ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. പൊലീസെത്തി അക്രമിസംഘത്തിലെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഒലവക്കോട്ടെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഒലവക്കോട് ഐശ്വര്യ നഗർ കോളനിയിലാണ് സംഭവം.
ഇന്നലെ മുണ്ടൂരിൽ കുമ്മാട്ടിയായിരുന്നു. മുണ്ടൂരിൽ നിന്ന് കുമ്മാട്ടി കണ്ട് മടങ്ങിയവർ ഒലവക്കോടിലെ ബാറിൽ കയറി മദ്യപിച്ചു. ഇവർ ബാറിന് മുന്നിൽ ബൈക്ക് വച്ചിരുന്നു. മദ്യപിച്ചെത്തിയപ്പോൾ ബൈക്കില്ല. തുടർന്ന് ബൈക്ക് കണ്ടെത്താൻ ഇവർ സിസിടിവി പരിശോധിച്ചു. ഇതോടെ സംശയം തോന്നിയ ആളിനെ പിടികിട്ടി. പിന്നീട് മോഷണം തെളിഞ്ഞു. ഈ യുവാവിനെ ചോദ്യം ചെയ്ത ശേഷം തല്ലിക്കൊല്ലുകയായിരുന്നു.
സിസിടിവിയിൽ ബൈക്ക് ഒരാൾ ഉന്തി തള്ളിക്കൊണ്ടു പോകുന്നത് കണ്ടതാണ് പ്രകോപനമായത്. നാട്ടുകാരും റഫീക്കിനെ മർദ്ദിക്കാൻ ചേർന്നുവെന്നും റിപ്പോർട്ടുണ്ട്. ഇവരെ കണ്ടെത്താനും ശ്രമം തുടങ്ങി.
മറുനാടന് മലയാളി ബ്യൂറോ