- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്മാട്ടി കണ്ട് മടങ്ങിയ ഗുരുവായൂരപ്പനും ബന്ധുക്കളും മദ്യപിച്ചത് ശ്രീവൽസം ബാറിൽ; ബൈക്ക് മോഷ്ടാവിനെ സിസിടിവിയിൽ നിന്ന് തിരിച്ചറിഞ്ഞത് വസ്ത്രം നോക്കി; വാഹനം കിട്ടിയതോടെ 15 പേർ ചേർന്ന് തല്ലിചതച്ചു; ഒലവക്കോട്ടെ ക്രൂരതയ്ക്ക് പിന്നിലെ കൂടുതൽ അറസ്റ്റിന് സാധ്യത
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം ഐശ്വര്യ നഗർ - കോളനി റോഡിൽ ബൈക്ക് മോഷ്ടിച്ചയാളെ യുവാക്കൾ മർദ്ദിച്ചു കൊലപ്പെടുത്തിയതിന് പിന്നിൽ ആൾക്കൂട്ടത്തിന്റെ ക്രിമിനൽ മനസ്സ്. വിദ്യാർത്ഥികളാണ് കേസിൽ അറസ്റ്റിലായത്. അതിക്രൂര മർദ്ദനമാണുണ്ടായതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടും.
മലമ്പുഴ കടുക്കാംകുന്നം മുസ്തഫയുടെ മകൻ റഫീഖ് (27) ആണ് മരിച്ചത്. സംഭവത്തിൽ കൊല്ലങ്കോട് മയിലാപ്പത്തറ ഗുരുവായൂരപ്പൻ (23), ആലത്തൂർ കാട്ടുശ്ശേരി നെരിയംപറമ്പ് വീട്ടിൽ മനീഷ് (23), പല്ലശ്ശന പൂത്തോടുതറ സൂര്യ (20) എന്നിവരെ ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അർദ്ധരാത്രിയാണ് സംഭവം. കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്.
റഫീഖിന്റെ ശരീരത്തിൽ 26 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. താടിയെല്ല് തകർന്നിരുന്നു. നടുവിനും പരിക്കുണ്ട്. തലയ്ക്കേറ്റ ക്ഷതത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണം. ഇത് ചുമരിൽ പിടിച്ച് ഇടിച്ചാലോ ഇഷ്ടിക കൊണ്ട് അടിച്ചാലോ സംഭവിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ല. മർദ്ദിച്ചതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
മുണ്ടൂർ കുമ്മാട്ടി കഴിഞ്ഞ് മടങ്ങിയ പ്രതികൾ രാത്രി പത്തേകാലോടെ ഒലവക്കോട് ശ്രീവത്സം ബാറിലിരുന്ന് മദ്യപിച്ചു. പതിനൊന്നര കഴിഞ്ഞ് ബാറിൽ നിന്നിറങ്ങിയ ഇവർ തങ്ങൾ വന്ന ബൈക്ക് കാണാതെ സെക്യൂരിറ്റി ജീവനക്കാരനോട് തിരക്കി. തുടർന്ന് ബാറിലെ സിസി ടി.വി ദൃശ്യം പരിശോധിച്ചതിൽ ഒരാൾ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നത് കണ്ടു. തെരച്ചിലിൽ ഒലവക്കോടു ജംഗ്ഷനിൽ വച്ച് റഫീഖിനെ കണ്ടെത്തി. ചോദ്യംചെയ്യലിൽ ആദ്യം ബൈക്ക് എടുത്തകാര്യം റഫീഖ് സമ്മതിച്ചില്ല. വസ്ത്രത്തിലെ സാമ്യമാണ് റഫീഖിനെ കുടുക്കിയത്.
മറ്റൊരു ബൈക്കാണ് കൊണ്ടുപോയതെന്ന് പറഞ്ഞൊഴിയാനും ശ്രമിച്ചു. ഒലവക്കോട് കുടുംബകോടതി പരിസരത്ത് മാറ്റി നിറുത്തിയിരുന്ന ബൈക്ക് റഫീഖിന്റെ സാന്നിദ്ധ്യത്തിൽ പിന്നീട് കണ്ടെടുത്തു. ഈ സമയത്തെല്ലാം പ്രതികളിൽ നിന്ന് മർദ്ദനമേറ്റിരുന്നു. അടിയേറ്റ് റഫീഖ് തളർന്നുവീണു.ഇതിനിടെ വിവരമറിഞ്ഞ് ടൗൺ നോർത്ത് പൊലീസ് സ്ഥലത്തെത്തി. പൊലീസ് വാഹനത്തിൽ റഫീഖിനെയും പ്രതികളെയും കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും റഫീഖിനെ രക്ഷിക്കാനായില്ല.
അറസ്റ്റിലായ ഗുരുവായൂരപ്പൻ ജെ.സി.ബി ക്ലീനറാണ്. മനീഷ് സൈന്യത്തിൽ പ്രവേശിക്കാനുള്ള പരീക്ഷ കഴിഞ്ഞ് നിൽക്കയാണ്. സൂര്യ ഡിപ്ലോമ വിദ്യാർത്ഥിയാണ്. ഇവർ അകന്ന ബന്ധുക്കളാണെന്ന് പൊലീസ് പറഞ്ഞു. റഫീക്കിന്റെ പേരിൽ പാലക്കാട് നോർത്ത് സ്റ്റേഷനിൽ ബൈക്ക് മോഷണക്കേസും കസബ സ്റ്റേഷനിൽ ലഹരിക്കേസുമുണ്ട്.
ബാറിൽ നിന്ന് 300 മീറ്റർ അകലെയാണ് പ്രതികൾ റഫീഖിനെ മർദിച്ചത്. റഫീഖ് അടിയേറ്റ് ബോധരഹിതനായതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ തടഞ്ഞുനിർത്തി. പൊലീസെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പതിനഞ്ചോളം പേരുണ്ടായിരുന്നു. ഒരാളെ കൂടിനിന്നവർ അടിക്കുന്നതാണ് കണ്ടത്. അടിയേറ്റയാൾ നിലത്തുവീണതു കണ്ടു.
അപ്പോൾത്തന്നെ പൊലീസിനെ വിളിച്ചു. 10 മിനിറ്റ് കൊണ്ട് പൊലീസ് വന്നു. അപ്പോഴേക്കും തല്ലിയവരിൽ കുറച്ചുപേർ തിരിച്ചുവന്നിരുന്നു. അടിയേറ്റയാളെ ആശുപത്രിയിലെത്തിച്ചു. വണ്ടി മോഷ്ടിച്ചതിനാണ് മർദിച്ചതെന്ന് പറയുന്നതുകേട്ടു'.ഇതാണ് സാക്ഷി മൊഴി.
മറുനാടന് മലയാളി ബ്യൂറോ