പാലക്കാട്: പട്ടിണിയും ദാരിദ്ര്യവും രോഗവും വാർദ്ധക്യവുമെല്ലാം യഥാർത്ഥ പ്രണയത്തിനു മുന്നിൽ അടിയറ വയ്ക്കുമെന്നു തെളിയിക്കുകയാണ് ചന്ദ്രശേഖരനും വിജയവും. പരസ്പരം സ്‌നേഹിക്കാനും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സുമായി വേദനകൾ മറക്കുകയാണ് ഈ ദമ്പതികൾ.

പട്ടിണിയും പ്രശ്‌നങ്ങളും അവഗണിച്ച് ഇവരുടെ പ്രണയനദി ഒഴുകാൻ തുടങ്ങിയിട്ട് 40 വർഷമെങ്കിലും കഴിഞ്ഞു കാണും. പട്ടിണിയുടേയും രോഗത്തിന്റേയും അവശതയിൽ രണ്ടുപേരുടേയും ഓർമ്മ മറഞ്ഞുതുടങ്ങിയതുകൊണ്ട് പ്രായത്തെപ്പറ്റി കൃത്യമായി ഓർമയില്ല. പക്ഷേ പിന്നിട്ട പ്രണയസാഫല്യത്തിന്റെ നാളുകളെപ്പറ്റി അറിയാം. ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം കൈപ്പഞ്ചേരി വീട്ടിൽ ചന്ദ്രശേഖരനും ഭാര്യയും വീട് ബാങ്കുകാർ ജപ്തി ചെയ്തുകൊണ്ടുപോയതുകൊണ്ട് പാതയരികിലാണ് താമസം. പാലപ്പുറത്ത് എൻ.എസ്.എ കോളേജിനു മുമ്പിലായി സംസ്ഥാനപാതയരികിൽ മെടഞ്ഞ തെങ്ങോല കുത്തിനിറുത്തി ഉണ്ടാക്കിയ, ആടിനു പോലും താമസിക്കാൻ പറ്റാത്ത കൂരയിലാണ് ഈ പ്രണയജോഡികൾ സ്‌നേഹം കൊണ്ട് താജ്്മഹൽ തീർക്കുന്നത്.

കുറ്റിക്കാടും വള്ളപ്പടർപ്പുകളും പുല്ലും കൊച്ചുമരങ്ങളും മൂടിയ ആ കൂര സുക്ഷിച്ചു നോക്കിയാലെ കാണു. രണ്ടു മനുഷ്യർ അവിടെ താമസിക്കുന്നു എന്ന പരിഗണനയില്ലാതെ ചിലർ തള്ളുന്ന കോഴിവേസ്റ്റ് ഉൾപ്പടൈയുള്ള മാലിന്യക്കൂമ്പാരത്തിനു സമീപത്തുകൂടി മൂക്കുപൊത്തി വേണം കടന്നു ചെല്ലാൻ. അകത്ത് ഒരു ബെഞ്ചിൽ ഇവർ മകനെ പോലെ വളർത്തുന്ന രാജുവെന്ന തെരുവുനായ കിടക്കുന്നുണ്ട്. അപരിചിതനെ കണ്ടപ്പോൾ അവൻ കുരച്ചു ചാടി. കെട്ടിയിട്ടതു കൊണ്ട് പുറത്തേക്കു വരില്ല.

നിലത്തു കിടന്നിരുന്ന ചന്ദ്രശേഖരൻ ഭാര്യ വിജയത്തെ വിളിച്ചു. വിറച്ചുകൊണ്ട് ഭാര്യ വിജയം എണീറ്റു. വീഴാതിരിക്കാൻ കെട്ടിയ പഴയ കയറിൽ പിടിച്ചാണ് അവർ നിന്നത്. വിട്ടാൽ വീഴും. നിൽക്കുമ്പോഴും അവർ വിറച്ചുകൊണ്ടിരുന്നു. ഇന്നലെ ഹർത്താലായതിനാൽ അവർ ഒന്നും കഴിച്ചിരുന്നില്ല. തൊട്ടടുത്ത എൻ.എസ്.എസ് കോളേജിൽനി്ന്ന് പ്രവൃത്തി ദിവസങ്ങളിലെല്ലാം നാലു പെൺകുട്ടികൾ വരും. അവർ ഒരുമിച്ചുവന്ന് കയ്യിലുള്ള ഭക്ഷണം കൊടുത്തു പോകും. വീട്ടിൽനിന്ന് അവർ ഇവർക്കായി ഭക്ഷണം കൊണ്ടു വരികയാണൊണ് ചന്ദ്രശേഖരൻ പറഞ്ഞു. അല്ലാത്ത ദിവസങ്ങളിൽ അവർ കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം പാതി നൽകി പോകുമത്രെ.

സ്‌കൂളിൽ പോയിട്ടില്ലാത്ത ചന്ദ്രശേഖരൻ എട്ടാം വയസ്സിൽ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ കാണാൻ വന്നതാണ്. പക്ഷെ പിന്നെ വീട്ടിലേക്ക് മടങ്ങിയില്ല. സ്റ്റേഷനിൽ വന്നു നിർത്തിയ ട്രെയിനിൽ കയറി. ഇറങ്ങിയത് ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ്. അവിടെ ഹോട്ടലിൽ മേശ തുടയ്ക്കുന്ന ജോലിയിലായി. വിവരത്തിന് അമ്മക്ക് കൂട്ടുകാരനെ കൊണ്ട് കത്തെഴുതി അയച്ചു. നിന്റെ ഇഷ്ടം പോലെ എങ്ങിനെയെങ്കിലും ജീവിച്ചോ നാട്ടിലേക്ക് വരണമെന്നില്ല, എന്നായിരുന്നത്രെ അമ്മയുടെ മറുപടി. പിന്നെ ആന്ധ്രയിൽ തന്നെ തുടർന്നു.

പതിനെട്ടാം വയസ്സിലാണ് വിജയത്തെ കണ്ടത്. താമസസ്ഥലത്തിനടുത്ത് ഒരു വീട്ടിലായിരുന്നു വിജയ. വിജയത്തിന്റെ അച്ഛന് കൂലിപ്പണിയായിരുന്നു. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ വിജയത്തെ വീട്ടിൽനിന്ന് വിളിച്ചിറക്കി ഒരുമിച്ചു താമസം തുടങ്ങി. ഇതോടെ വിജയത്തെ അവരുടെ വീട്ടുകാരും ഉപേക്ഷിച്ചു. ഇവർക്ക് രണ്ട് ആൺ മക്കളുണ്ടായി. മതമൈത്രിയുടെ പേരിൽ ഒരാൾക്ക് നാസർ എന്നാണ് പേരിട്ടത്. മറ്റെയാൾ രാജേന്ദ്രൻ. പക്ഷെ നാലും അഞ്ചും വയസ്സായപ്പോൾ കുട്ടികൾ രണ്ടു പേരും മലേറിയ വന്നു മരിച്ചു.

പലയിടത്ത് ഹോട്ടൽ ജോലികൾ ചെയ്ത ഇവർ വർഷങ്ങൾക്കു മുമ്പ് ആദ്യമായി നാട്ടിലെത്തി. പക്ഷെ അമ്മ വീട്ടിൽ കയറ്റിയില്ല. അവളെ ഉപേക്ഷിച്ച് മകനോട് അകത്തേക്കു വരാൻ പറഞ്ഞെങ്കിലും വിജയത്തെ ഉപേക്ഷിക്കാൻ ചന്ദ്രശേഖരനായില്ല. തുടർന്നാണ് പാലപ്പുറത്തെ കോളേജിനടുത്ത് റോഡരികിൽ കൂര കെട്ടി താമസം തുടങ്ങിയത്. അമ്മ താമസിച്ചിരുന്ന പത്ത് സെന്റ് സ്ഥലവും വീടും അവർ മകൾക്ക് വേണ്ടിയെടുത്ത വായ്പ അടക്കാത്തതിനെ തുടർന്ന് സ്‌റ്റേറ്റ് ബാങ്കുകാർ ജപ്തി ചെയ്തു കൊണ്ടു പോയി. അമ്മ മരിച്ചുപോകുകയും ചെയ്തു. മൂന്നു വർഷം മുമ്പ് വരെ ഹോട്ടലിൽ ജോലിക്ക് പോയിരുന്ന ചന്ദ്രശേഖരന് ഇപ്പോൾ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കുറെക്കാലമായി ക്ഷയരോഗം ബാധിച്ചിട്ടുണ്ടെങ്കിലും ചികിത്സയൊന്നും ചെയ്യുന്നില്ല. ഭാര്യ വിജയമ്മക്കും നിരവധി രോഗങ്ങളുണ്ട്. രോഗതീവ്രതയിൽ അവരുടെ മുടി വരെ കൊഴിഞ്ഞു പോയി തുടങ്ങിയിരിക്കുന്നു.

ഭക്ഷണം കിട്ടിയാൽ മകനെ പോലെ കരുതുന്ന തെരുവുനായ രാജുവിനോടൊപ്പമാണ് കഴിക്കുക. ചിലർ വന്ന് ഒരു ആശ്രമത്തിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ലെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. കുറച്ചുനേരമെങ്കിലും ഇരുവർക്കും പരസ്പരം കാണാതെ കഴിയാൻ വയ്യ, പട്ടിണിയാണെങ്കിലും ഇവിടെ അതിന് സൗകര്യമുണ്ട്. രോഗം മാറാൻ ധർമ്മാശുപത്രിയിൽ പോയി കിടന്നാലും പരസ്പരം കാണാതിരിക്കേണ്ടി വരും. അതാണ് പോകാത്തതെന്ന് ഭാര്യ വിജയം പറഞ്ഞു. മരിക്കുന്നതു വരെ ഈ കൂരയിൽ കഴിഞ്ഞാൽ മതി. പട്ടിണി കിടക്കാതിരിക്കാൻ നിത്യേന വല്ലതും കിട്ടുക, മുന്നിലെ കുറ്റിക്കാടും മാലിന്യക്കൂമ്പാരവും മാറ്റുക...ഇങ്ങനെയുള്ള ഒന്നു രണ്ട് ആഗ്രഹങ്ങൾ മാത്രമേയുള്ളൂ. പിന്നെ മരണം ഒരുമിച്ചാവണമെന്നും സംസ്‌കാരം ഒരു സ്ഥലത്തായിരിക്കണമെന്നുമുള്ള അതിമോഹവും.