- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂരിൽ വൃദ്ധ ദമ്പതികൾക്ക് നേരെ ആക്രമണം; നാവ് മുറിച്ചെടുക്കാൻ ശ്രമം; ആക്രമണത്തിന് പിന്നിൽ മോഷണ ശ്രമമെന്നും സംശയം
കൊടുങ്ങല്ലൂർ: തൃശൂർ മതിലകത്ത് വൃദ്ധദമ്പതികൾക്ക് നേരെ ആക്രമണം. മതിൽമൂലയിൽ ദേശീയ പാതയോട് ചേർന്ന് തനിച്ച് താമസിക്കുന്ന വൃദ്ധ ദമ്പതികളെ ആക്രമിച്ച് അപായപ്പെടുത്താനാണ് ശ്രമം നടന്നത്. മതിൽമൂല സ്രാമ്പിക്കൽ ഹമീദ് (82), ഭാര്യ സുബൈദ (75) എന്നിവരാണ് അക്രമത്തിനിരയായത്. സുബൈദയുടെ നാക്ക് മുറിച്ചെടുക്കാനും ശ്രമംനടന്നു. ഇവരുടെ രണ്ട് പല്ലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. തലയിൽ പലയിടങ്ങളിലും കുത്തി മുറിവേൽപ്പിച്ച നിലയിലാണ്. സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 2.30 യോടെയാണ് സംഭവം.
അക്രമത്തിന് പിന്നിൽ മോഷണ ശ്രമമാണെന്ന് സംശയമുണ്ടെങ്കിലും മറ്റുകാരണങ്ങൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആയുധങ്ങളുമായി മുഖം മറച്ച് എത്തിയ രണ്ട് പേരാണ് അക്രമം നടത്തിയത്. ഇവർ വീടിനോട് ചേർന്നുള്ള മുറിയിൽ നേരത്തെ കയറിക്കൂടിയതായി കരുതുന്നു. അക്രമത്തിന് മുൻപ് ഇവർ വാതിലിൽ മുട്ടി വിളിക്കുകയായിരുന്നു. വാതിൽ തുറന്നതും ആദ്യം ഗൃഹനാഥനെ അക്രമിച്ചു.
ചവിട്ടേറ്റ് ഭർത്താവ് താഴെ വീഴുന്നത് കണ്ട സുബൈദ ഒച്ചവെച്ചതോടെ അക്രമികൾ കയ്യിലുണ്ടായിരുന്ന ചവണ പോലുള്ള ആയുധം ഉപയോഗിച്ച് അവരുടെ നാവ് മുറിച്ചെടുക്കാൻ ശ്രമിച്ചു. പിടിവലിക്കിടെ രണ്ട് പല്ലുകൾ പൊഴിഞ്ഞു. തലയിൽ പലയിടത്തും കുത്തിമുറിവേൽപ്പിച്ച നിലയിലാണ്.
നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെ അക്രമികൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ മതിലകം പൊലീസ് എല്ലാ സാധ്യതകളും അന്വേഷിക്കുകയാണ്. നേരം പുലർന്നതോടെ നടുക്കത്തോടെയാണ് നാട്ടുകാർ സംഭവം കേട്ടത്. പൊലീസ് ചിലരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഏറെക്കാലം പ്രവാസിയായിരുന്ന ഹമീദ് ഇപ്പോൾ വീടിനോട് ചേർന്ന് പൊടിമില്ല് നടന്നുകയാണ്. രണ്ട് പെൺമക്കൾ വിവാഹിതരായി വേറെ താമസിക്കുകയാണ്.