മസ്‌കത്ത്: വിലക്കുറവായതിനാൽ പഴയ കാറുകൾ വാങ്ങി ഉപയോഗിക്കുന്ന പ്രവാസികൾ ജാഗ്രതേ. ഏഴുവർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഒമാൻ നിരോധിച്ചു. 2008ന് മുമ്പുള്ള വാഹനങ്ങൾക്കാണ് നിരോധനം പ്രാബല്യത്തിൽ വരുക.

ഈ മാസം 19 മുതൽ അതിർത്തികളിൽനിന്ന് 2008ന് മുമ്പുള്ള കാറുകൾക്കും മോട്ടോർ ബൈക്കുകൾ അടക്കമുള്ളവക്കും എക്‌സ്‌പോർട്ട് ക്‌ളിയറൻസ് ലഭിക്കില്ല. ഇതുസംബന്ധിച്ച് ആർ.ഒ.പി മുഴുവൻ അതിർത്തി ചെക്‌പോയന്റുകൾക്കും കസ്റ്റംസ് കേന്ദ്രങ്ങൾക്കും സർക്കുലർ അയച്ചു.

2008 ന് മുമ്പ് നിർമ്മിച്ച വാഹനങ്ങൾക്ക് ഒമാനിലേക്ക് കയറ്റുമതി അനുമതി നൽകുന്നത് നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് റോയൽ ഒമാൻ പൊലീസ് മുഴുവൻ അതിർത്തികളിലെയും ഡ്യൂട്ടി ഓഫീസർമാർക്കും സർക്കുലർ അയച്ചത്.

യുഎഇ യിൽ നിന്ന് പഴക്കമുള്ള സെക്കനൻഡ് കാറുകൾ വാങ്ങി ഒമാനിലെത്തി വിൽപന നടത്തുന്ന വ്യാപാരികൾ നിരവധിയാണ്. ഇത്തരത്തിൽ ഗുണമേന്മ കുറഞ്ഞ വാഹനങ്ങൾ രാജ്യത്ത് എത്തുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.