- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ കൊല്ലപ്പെട്ട 62 കാരി ക്രൂര ബലാത്സംഗത്തിനിരയായി; 20 തവണ കുത്തേറ്റു; കൊലപ്പെടുത്തിയത് കഴുത്തറുത്ത്; പിടിയിലായ പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ്
ന്യൂഡൽഹി: ഡൽഹിയിൽ അറുപത്തിരണ്ടുകാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കൊലപാതകം നടന്ന് മണിക്കൂറുകൾ പിന്നിട്ട ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. അതേസമയം, പ്രതിയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ചയാണ് ഡൽഹിയിൽ താമസിക്കുന്ന ബിഹാർ സ്വദേശിനിയായ 62-കാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മകൻ ജോലി കഴിഞ്ഞെത്തിയപ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു വയോധിക. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
കൊലപ്പെട്ട വയോധികയുടെ ശരീരത്തിൽ 20 തവണ കുത്തേറ്റതായാണ് പൊലീസ് കണ്ടെത്തിയത്. കഴുത്തിലും വയറിലും മാരകമായി പരിക്കേറ്റിരുന്നു. മാത്രമല്ല, 62-കാരി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി.
ഇതിനിടെ, പ്രതിയെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് വ്യാപിപ്പിച്ചിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് അറിയിച്ചത്. സംഭവസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മദ്യപിച്ചിരിക്കുന്ന സമയത്താണ് ഇയാൾ വയോധികയെ ആക്രമിച്ചതെന്നാണ് കരുതുന്നത്. ബലാത്സംഗം ചെയ്തതിന് ശേഷം പ്രതി സ്ത്രീയുടെ കഴുത്തിനാണ് ആദ്യം കുത്തിയത്. പിന്നീട് ഇരുപതോളം തവണ ശരീരത്തിൽ കുത്തി.
ബിഹാറിലെ ബെഗുസരായ് സ്വദേശിനിയായ 62-കാരി ഏറെക്കാലമായി കുടുംബത്തോടൊപ്പം ഡൽഹിയിലാണ് താമസം. ഇവർ വീടിനോട് ചേർന്ന് പച്ചക്കറി വിൽപ്പനയും നടത്തിയിരുന്നു. സംഭവദിവസം കൊച്ചുമകനൊപ്പം പച്ചക്കറി വണ്ടിയുമായി കച്ചവടത്തിന് പോയ ഇവർ ഭക്ഷണമുണ്ടാക്കാനായി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്.
ന്യൂസ് ഡെസ്ക്