ചേലക്കര: പുലാക്കോട് വയോധികയായ കല്യാണിയുടെ കൊലപാതകത്തിനു പിന്നിൽ ആത്മഹത്യ ചെയ്ത ഗോപിയെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നു. സാഹചര്യ തെളിവുകൾ ഗോപിക്ക് എതിരായതാണ് കാരണം. പൊലീസ് ഒരിക്കൽ ചോദ്യം ചെയ്ത് വിട്ടയച്ച ഗോപിയെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് ഗോപിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

പുലാക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യൻ കോവിലിലെ പൂജാരിയായിരുന്നു ഗോപി (34). അച്ഛൻ കുട്ടൻ നേരത്തേ മരിച്ചു. അമ്മ കമലവുമൊന്നിച്ച് കോവിലിന് പുറകിലെ വീട്ടിലാണ് ഗോപി താമസിച്ചിരുന്നത്. ബൈക്ക് മെക്കാനിക്കായിരുന്ന ഗോപി അല്പകാലം മുമ്പാണ് പൂജാ കർമ്മങ്ങളിലേയ്ക്ക് തിരിഞ്ഞത്. ക്ഷേത്രകാര്യങ്ങളിൽ നേരത്തേ സഹകരിക്കാറുണ്ടായിരുന്ന ഗോപി ജ്യോതിഷം പഠിച്ചതോടെയാണ് മെക്കാനിക്ക് പണി ഉപേക്ഷിക്കുന്നത്. ആറുമാസം മുമ്പാണ് ഗോപി കോട്ടപ്പുറം സുബ്രഹ്മണ്യൻ കോവിലിലെ പൂജാരിയായത്. ഇവരുടെ കുടുംബക്ഷേത്രം കൂടിയാണിത്.

പുലാക്കോട് പരേതനായ ചന്ദ്രൻ എഴുത്തച്ഛന്റെ ഭാര്യ ഒടുവത്തൊടിയിൽ കല്യാണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഗോപിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ് കരുതുന്നു. എഴുപതുകാരിയായ കല്യാണി ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഈ മാസം ഇരുപതിനായിരുന്നു ചേലക്കര ഗ്രാമത്തെ നടുക്കിയ കൊലപാതകം നടന്നത്. ആഭരണങ്ങൾ തട്ടിയെടുത്ത ശേഷം മൃതദേഹം ചാക്കിലാക്കി പൊന്തക്കാട്ടിൽ തള്ളിയ നിലയിലായിരുന്നു. തലയ്ക്കടിച്ചും ഉടുത്തിരുന്ന വസ്ത്രം കൊണ്ട് കഴുത്തു ഞെരിച്ചുമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഗോപി പൂജാരിയായ സുബ്രഹ്മണ്യൻ കോവിലിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലായിരുന്നു.

സംഭവത്തിനു രണ്ടു ദിവസം മുൻപു തന്നെ കല്യാണിയെ കാണാനില്ലായിരുന്നു. ഇടയ്ക്ക് അമ്പലങ്ങളിൽ പോകുന്ന പതിവുള്ളതിനാൽ ആരും ഇത് ശ്രദ്ധിച്ചില്ല. കൊച്ചിയിലുള്ള മകൻ ചേലക്കരയിൽ എത്തി പൊലീസിന് പരാതി നൽകാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസിയായ സ്ത്രീ ക്ഷേത്ര മുറ്റം വൃത്തിയാക്കി മാലിന്യം പൊന്തക്കാട്ടിലേക്കിട്ടപ്പോഴാണ് ചാക്കുകെട്ട് കണ്ടത്. കാലുകൾ ചാക്കിന് പുറത്തു കണ്ടതോടെ നാട്ടുകാരെ വിവരമറിക്കുകയായിരുന്നു. കല്യാണിയെ മേൽമുണ്ട് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം അതേ മുണ്ടുകൊണ്ടുതന്നെ കാലും കഴുത്തും ചേർത്തുപിടിച്ച് കെട്ടിയാണ് ചാക്കിലിറക്കിയിരുന്നത്. മേൽമുണ്ട് ഉപയോഗിച്ച് പ്രത്യേക തരത്തിലാണ് മൃതദേഹം കെട്ടിയിരുന്നത്. ഇതിന് കളരിമുറയിലെ കെട്ടിന്റെ സാദൃശ്യം തോന്നിയതിനാലാണ് കളരി അഭ്യാസിയായ ഗോപിയെ ചുറ്റിപ്പറ്റി അന്വേഷണം നടന്നത്. തൃശ്ശൂരിൽനിന്നുള്ള ശ്വാനസേനയിലെ നായയെ എത്തിച്ച് രണ്ടു തവണ തെളിവെടുത്തപ്പോഴും ഫലങ്ങൾ ഗോപിക്ക് എതിരായിരുന്നു. കല്യാണിയുടെ വീട്ടിലേക്ക് നടന്നുനീങ്ങിയ നായ വീടിനകത്തു കയറി മണം പിടിച്ചശേഷം മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പറമ്പിലേക്കാണ് വന്നത്.

കല്യാണിയുടെ സ്വർണ മാലയും വളയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പിന്നീട് കണ്ടൈത്തി . ഇത് മൂന്നു പവൻ മാത്രമാണ്. എഴുപതു വയസായെങ്കിലും കല്യാണ്ി കൂലിപ്പണിക്കു പോയിരുന്നു. എന്നാൽ ഏറെ സമ്പാദ്യമൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. എന്നാൽ കല്യാണിയുടെ മരണശേഷം ഗോപി നടത്തിയ ചില ഫോൺ കോളുകൾ സംശയാസ്പദമാണെന്ന് പൊലീസ് കണ്ടെത്തി. ചേലക്കര പ്രദേശത്തെ ചില സ്വർണക്കടകളിലേക്ക് ഗോപിയുടെ ഫോണിൽ നിന്ന് വിളിച്ചതിന്റെ രേഖകൾ പൊലീസ്് കണ്ടെത്തിയത് നിർണ്ണായകമായി. സ്വർണത്തിന്റെ വിലവിവരം അന്വേഷിച്ചു വിളിച്ചത് ഗോപി തന്നെയാണെന്നും സൈബർ സെൽ തിരിച്ചറിഞ്ഞു. ഇതിനുള്ള ഉത്തരം തൃപ്തികരമായി ഗോപിയിൽ നിന്ന് തേടാനിരിക്കെയാണ് ആത്മഹത്യ ഉണ്ടായത്.

വയോയധികയുടെ കൊലപാതകത്തിനു പിന്നിൽ ഗോപി തന്നെ എന്ന നിഗമനത്തിൽ പൊലീസ് എത്താനുള്ള കാരണങ്ങളും ഇതാണ്. എന്നാൽ കാണാതായ സ്വർണ്ണാഭരങ്ങൾ കണ്ടെത്താനാവാത്തതാണ് പൊലീസിനെ കുഴക്കുന്നത്. മോഷണമുതൽ ഇയാൾ എവിടെ ഒളിപ്പിച്ചുവെന്നത് കുറ്റം തൈളിയിക്കുന്നതിൽ അതിപ്രധാനമാണ്. അതു കണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. കൂടാതെ വിരലടയാളമുൾപ്പടെയുള്ള തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലവും പൊലീസ് കാത്തിരിക്കുന്നു. എന്നാൽ സാഹചര്യത്തെളിവുകൾ നീളുന്നത് ഗോപിയിലേയ്ക്കു തന്നെയാണ്. തൂങ്ങി മരിക്കാൻ മറ്റു കാരണങ്ങളൊന്നും ഇല്ലാതിരുന്ന ഗോപി രണ്ടാമത്തെ ചോദ്യം ചെയ്യലിൽ പിടിക്കപ്പെടുമെന്നായപ്പോൾ സ്വയം ജീവനൊടുക്കി എന്നാണ് പൊലീസ് കരുതുന്നത്.

അതേസമയം തുടർച്ചയായുണ്ടാകുന്ന അസ്വാഭാവിക മരണങ്ങളിൽ പകച്ചു നിൽക്കുകയാണ് ചേലക്കര ഗ്രാമവാസികൾ. എഴുപതുകാരിയായ വീട്ടമ്മ കല്യാണിയുടെ കൊലപാതകം ഈ നിരയിൽ ഏറ്റവും ഒടുവിലത്തേതാണ്. ഇക്കഴിഞ്ഞ ജൂലായ് 22-ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു എന്ന വാർത്തയായിരുന്നു ചേലക്കരയെ ഞെട്ടിച്ചത്. വെങ്ങാനെല്ലൂർ പടിഞ്ഞാറ്റുമുറി താളം ബസ് സ്റ്റോപ്പിനുസമീപം വാടകവീട്ടിൽ താമസിച്ചിരുന്ന സത്യഭാമയുടെ മകൾ സാന്ദ്ര (21)യെ കുടുംബവഴിക്കിനെത്തുടർന്ന് ഭർത്താവ് വിനീത് (32)കുത്തിക്കൊല്ലുകയായിരുന്നു വാർത്ത.ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിനീതിനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു.

2015 നവംബർ 20-നാണ് നാടിനെ നടുക്കിയ മറ്റൊരു കൊലപാതകം നടന്നത്. വീട്ടമ്മയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി എന്നായിരുന്നു ആദ്യം അറിഞ്ഞത്. ഇത് നാട്ടുകാരെ അറിയിച്ചത് ഭർത്താവ് ബാബുവായിരുന്നു. പൊലീസ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമെന്ന് തെളിഞ്ഞത്. തോട്ടുപ്പാലം അംബേദ്കർ കോളനിയിൽ മോളി (42)യെ ഭർത്താവ് ബാബു (48) കുടുംബവഴക്കിനെത്തുടർന്ന് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് അന്ന് കണ്ടെത്തിയത്.

അതിന് അഞ്ചു മാസം മുമ്പ് ഏപ്രിൽ അഞ്ചിന് അർദ്ധരാത്രിയിലാണ് കുറുമലയിൽ കൊലപാതകം നടന്നത്.തൊട്ടടുത്ത ദിവസം ഞായറാഴ്ച പത്രവിതരണത്തിനെത്തിയവരാണ് കുറുമല സ്‌കൂളിനു സമീപത്തെ കാനയിൽ പാതി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. ബാലൻ എന്ന രാമകൃഷ്ണനെ (58)കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ രാധാകൃഷ്ണ (56)നെ മണിക്കൂറുകൾക്കകംത്തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുമായി മദ്യപിച്ച് ചീട്ടുക്കളിക്കിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് നടന്ന കയ്യാങ്കളിയാണ് കൊലപാതകത്തിലെത്തിച്ചത്. കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന് മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കുകയുമായിരുന്നു.