ബ്രിട്ടീഷ് ഭരണത്തിൽനിന്നും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് നയിച്ച മഹാത്മാ ഗാന്ധി എന്നും ഒലി ഹണ്ടർ സ്മാർട്ടിന് ആവേശവും അത്ഭുതവുമായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച ആ ചെറിയ മനിുഷ്യനെ അടുത്തറിയുകയായിരുന്നു ഒലിയുടെ ലക്ഷ്യം. ഗാന്ധിജിയെ അറിയണമെങ്കിൽ ഇന്ത്യയെ അറിയണമെന്ന് മനസ്സിലാക്കിയ ഒലി അതിന് ഇറങ്ങി പുറപ്പെട്ടു. ഫോട്ടോഗ്രാഫറും സാഹസിക സഞ്ചാരിയുമായ ഒലി, ഇന്ത്യയെ അറിയാൻ തിരഞ്ഞെടുത്തത് വേറിട്ടൊരു വഴിയാണ്. കാൽനടയായി ഇന്ത്യയിലുടനീളം സഞ്ചരിക്കുക.

ഏപ്രിൽ 23-ന് ലഡാക്കിലെ നുബ്രയിൽനിന്നാണ് ഈ 34-കാരൻ തന്റെ ഇന്ത്യയെ കണ്ടെത്തൽ ആരംഭിച്ചത്. സിനിമകളിലും ഡോക്യുമെന്ററികളിലും കണ്ട ഗാന്ധിജിയല്ല, ഇന്ത്യയുടെ ജനങ്ങളുടെ മനസ്സിലുള്ള ഗാന്ധിജിയെ കണ്ടെത്തുകയായിരുന്നു ഒലിയുടെ ലക്ഷ്യം. അതിനേറ്റവും മികചച് മാർഗം ഇന്ത്യയിലുടനീളം നടക്കുകയെന്നതാണെന്ന് ഒലി തീരുമാനിച്ചു. ഗാന്ധി ദർശൻ പയദയാത്ര എന്നു പേരിട്ട നടപ്പ് കന്യാകുമാരിയിലെത്തിയപ്പോൾ, ഒലി പിന്നിട്ടത് 4500 കിലോമീറ്റർ ദൂരം.

തോളിലൊരു ബാഗുമായാണ് ഒലി ഈ നടത്തമത്രയും നടന്നത്. 12 കിലോയോളം വരുന്ന ബാഗിലുണ്ടായിരുന്നത് ഒരു ക്യാമറയും ഒരു കിടക്കവിരിയും ടെന്റും മാത്രം. അമ്മ നൽകിയ പാവക്കുട്ടി മാത്രമാണ് തന്റെ കൈയിൽ വിലപിടിച്ചതായി ഉണ്ടായിരുന്നതെന്ന ഒലി പറയുന്നു, ദിസവും 40 മുതൽ 50 കിലോമീറ്റർവരെ ഒലി നടന്നു. യാത്രയിൽ വെള്ളവും പഴങ്ങളും വഴിയോരത്ത് ്കിട്ടിയ ഭക്ഷണവുമായിരുന്നു ആഹാരം. ജി.പി.എസ് ഒലിക്ക് വഴികാട്ടി. തെരുവോരങ്ങളിലുറങ്ങി.

കഴിഞ്ഞ ബുധനാഴ്ച കന്യാകുമാരിയിൽ ഒലിയുടെ യാത്ര അവസാനിച്ചു. ഗാന്ധിജിയെ ഇത്രമേൽ സ്‌നേഹിക്കുന്ന ഒലിക്ക് ഇന്ത്യയിൽനിന്ന് ദുരനുഭവമുണ്ടായത് ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിൽനിന്നുമാത്രം. ഗുജറാത്തിലെ ജാംബുസാറിൽ ഒലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു. മറ്റെവിടെയും യാതൊരു വിഷമതകളുമുണ്ടായില്ല. എല്ലാവരും ഈ വിദേശിയെ സ്വന്തക്കാരനെന്ന പോലെ സ്‌നേഹിച്ചു.

യാത്ര ഒലിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. ഇതുപോലുള്ള വമ്പൻ യാത്രകൾ മുമ്പും ഒലു നടത്തിയിട്ടുണ്ട്. 2013-ൽ ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച ഒലി, 2015-ൽ ആമസോൺ നദിയുടെ ഉത്ഭവസ്ഥാനത്തുനിന്ന് അതിന്റെ അവസാനംവരെ നടന്നും വാർത്ത സൃഷ്ടിച്ചിട്ടുണ്ട്. ഇക്കുറി ഗാന്ധിജിയെന്ന തന്റെ ആരാധനാമൂർത്തിയെ അദ്ദേഹത്തിന്റെ നാട്ടുകാരിൽനിന്നുതന്നെ അറിയാൻ വേണ്ടിയാണ് ഒലി ഇന്ത്യയിലെത്തിയത്. കാൽനടയാത്രയിലുടനീളം ഒലിക്ക് ആളുകളുടെ ഗാന്ധിജിയോടുള്ള ആദരവ് മനസ്സിലാക്കാനുമായി.

ഗുജറാത്തിൽ സബർമതി ആശ്രമത്തിലെത്തിയപ്പൾ അവിടെ ഒലി രണ്ടുദിവസം താമസിക്കുകയുണ്ടായി. ദണ്ഡിയാത്രയെക്കുറിച്ച് മനസ്സിലാക്കാൻ ദണ്ഡിയാത്ര പുനസൃഷടിക്കാൻ അദ്ദേഹം ശ്രമിച്ചു. സബർമതി ആശ്രമത്തിൽനിന്നും കൊച്ച്രാബ് ആശ്രമത്തിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ റോഡും കടുത്ത മലിനീകരണവും മാത്രമാണ് ഒലിയെ വിഷമിപ്പിച്ചത്.

ഭക്ഷണകാര്യത്തിൽ ഒലിക്ക് യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നില്ല. വഴിയോരത്ത് ആളുകൾ എന്തെങ്കിലും കഴിക്കുന്നത് കണ്ടാൽ, അത് സുരക്ഷിതമാണെന്ന വിശ്വാസത്തിൽ കഴിക്കുകയായിരുന്നു ഒലിയുടെ രീതി. ചപ്പാത്തിയും സമൂസയും ദാലുമൊക്കെ ഒലിയുടെയും പ്രിയപ്പെട്ട ഭക്ഷണമായി മാറി. തനിക്ക് ഇന്ത്യയിൽ പലേടത്തും അനുഭവിക്കാൻ കഴിഞ്ഞ സ്‌നേഹവും ലഭിച്ച ആദരവുമാണ് ഒലിയെ അത്ഭുതപ്പെടുത്തിയത്. ചിലയിടങ്ങളിൽ തന്നെ ദൈവത്തെപ്പോലെയാണ് സ്വീകരിച്ചതെന്ന് ഒലി പറയുന്നു.

അതിഥി ദൈവമാണെന്ന സങ്കൽപത്തിന്റെ വില അദ്ദേഹത്തിന് യാത്രയിലുടനീളം മനസ്സിലായി. രാത്രി ഉറങ്ങാൻ സ്ഥലം നൽകിയും രാവിലെ ചൂട് ചായയുമായി വിളിച്ചുണർത്തിയും ഗ്രാമവാസികൾ അദ്ദേഹത്തെ സ്‌നേഹിച്ചു. കേരളത്തിലെത്തിയപ്പോഴാണ് ഒലിക്ക് ആ സ്‌നേഹം കൂടുതലായറിയാൻ സാധിച്ചത്. പലേടത്തും സ്വീകരണങ്ങളൊരുക്കിയാണ് മലയാളികൾ അദ്ദേഹത്തെ വരവേറ്റത്.

വിഭജനത്തിനുശേഷം 1971 വരെ പാക്കിസ്ഥാന്റെ പക്കലായിരുന്ന നുബ്ര താഴ്‌വരയിൽനിന്ന് യാത്രയാരംഭിച്ച ഒലി ഷിംല, ജയ്‌പ്പുർ, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്വാതന്ത്ര്യദിനത്തിന് ഉദയ്‌പ്പുരിലെത്തി. പിന്നീട് മുംബൈയിലും പുനെയിലുമെത്തിയ ഒലി, ഗാന്ധിജി അവിടെ പ്രവർത്തിച്ചിരുന്ന ഇടങ്ങളൊക്കെ സന്ദർശിച്ചു. ഒടുവിൽ രാഷ്ട്പിതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്ത കന്യാകുമാരിയിൽ, തന്റെ ഇന്ത്യയെ കണ്ടെത്തൽ യാത്ര വിജയകരമായി അവസാനിപ്പിക്കുകയും ചെയ്തു.