തൃശ്ശൂർ: വികാരിയച്ചനെതിരെ കേസ് നൽകിയതിനു ആ കുടുബത്തിലെ വിവാഹം മുടക്കുമെന്ന നിലപാടിൽ തൃശ്ശൂർ ഒല്ലൂരിൽ ഇടവകയിലെ വിശ്വാസി സൂമൂഹം. ഇടവകാംഗവും വ്യവസായിയുമായ തെക്കിനിയത്ത് റാഫേലിന്റെ മകന്റെ വിവാഹം നടത്താൻ പള്ളി അധികാരികൾ സ്മ്മതം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിസവം വിളിച്ചു ചൊല്ലലും നടന്നു. നിയമപരമായി കല്ല്യാണം നടത്തേണ്ട ബാധ്യതയുള്ളതിനാലാണ് ഇത്. പള്ളി അധികാരികൾ ഈ നിലപാട് എടുക്കുമ്പോഴും വിശ്വാസികൾ പ്രക്ഷോഭ പാതിയിലാണ്. മകന്റെ കല്ല്യാണം പള്ളിയിൽ നടത്തിയാൽ കലാപമുണ്ടാകുമെന്ന ആഹ്വാനവുമായി കഴിഞ്ഞ ദിവസം ജാഥയും നടന്നു. ഇത് ചിത്രീകരിക്കാൻ എത്തിയ മാദ്ധ്യമ പ്രവർത്തകരെ പ്രക്ഷോഭക്കാർ തല്ലിചതച്ചു. കല്ല്യാണം നടത്താനെത്തുന്നവർക്കും ഇതായിരിക്കും അവസ്ഥയെന്നാണ് ഇവർ പറയുന്നത്.

ഇടവകാംഗവും വ്യവസായിയുമായ തെക്കിനിയത്ത് റാഫേലിനെതിരെയാണ് പ്രതിഷേധം. പ്രശസ്തമായ ഒല്ലൂർ പള്ളി തിരുനാളിനോടനുബനധിച്ച് കരിമരുന്ന് പ്രയോഗം നടത്തുന്നതിനെതിരെയാണ് വികാരി ഫാ നോബി അമ്പുക്കനും ഒല്ലൂർ സെന്റ് ആന്റണീസ് പള്ളി ടസ്റ്റിമാർക്കുമെതിരെ പള്ളിപ്പറമ്പിനോട് ചേർന്ന് കൂറ്റൻ വീടിവച്ച വ്യവസായിയായ റാഫേൽ കോടതിയെ സമീപിച്ചത്. പള്ളിതിരുന്നാളിലെ വെടിക്കെട്ടിൽ തന്റെ വീടിന് നാശനഷ്ടമുണ്ടായെന്ന് കാട്ടി റാഫേൽ ജില്ലാ കോടതിയിൽ പള്ളിക്കെതിരെ പരാതിപ്പെടുകയും ചെയ്തു. നൂറ്റാണ്ടിലേറെ പഴക്കമുള്ള തിരുനാൾ ആഘോഷത്തിന്റെ ചടങ്ങാണ് കരിമരുന്ന് പ്രയോഗമെന്നും ഏഴ് വർഷം മുമ്പാണ് റഫേൽ ഇവിടെ വീട് വച്ചതെന്നുമാണ് ഇടവകക്കാരുടെ വാദം. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ റാഫേൽ പള്ളിക്ക് സമീപം കൂറ്റൻ വീട് പണിയുകയും പിന്നീട് പള്ളിക്കെതിരെ കോടതിയെ സമീപിക്കുകയുമാണെന്നും ഇവർ പറയുന്നു. അതുകൊണ്ട് മകന്റെ വിവാഹം തടയുമെന്നും പറയുന്നു.

പള്ളിയുടെ താൽപ്പര്യ പ്രകാരമായിരുന്നു പ്രക്ഷോഭങ്ങളുടെ തുടക്കം. പള്ളി വികാരിക്ക് എതിരായ കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ റാഫേൽ ഇതിന് വഴങ്ങിയില്ല. പള്ളിയിൽ കല്ല്യാണം നടത്തിയില്ലെങ്കിൽ അത് പുതിയ നിയമപ്രശ്‌നങ്ങൾ ഉണ്ടാകും. വിഷയത്തിൽ രൂപതയും റാഫേലിന് അനുകൂലമായ നിലപാട് എടുത്തു. ഇതോടെയാണ് വിളിച്ചു ചൊല്ലൽ നടത്തേണ്ടി വന്നത്. ഇതോടെയാണ് വിശ്വാസികൾ കൂടുതൽ അക്രമാസക്തമായത്. എന്നാൽ കല്ല്യാണം നടത്താമെന്ന് സമ്മതിക്കുകയും ഒപ്പം വിശ്വാസികളെ പ്രകോപിപ്പിച്ച് പ്രശ്‌നമുണ്ടാക്കാനുമാണ് വികാരി ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസത്തെ പള്ളി പ്രസംഗം ഇതിന് തെളിവാണ്.

റാഫേൽ കേസ് കൊടുത്തത് ദൈവത്തിനും മാലാഖയ്ക്കും എതിരെയാണെന്നായിരുന്നു വികാരിയുടെ പ്രസംഗം. ഇതോടെ വിശ്വാസി സമൂഹം പ്രകോപിതരുമായി. നിയമപരമായ കാര്യങ്ങളാൽ കല്ല്യാണം നടത്തില്ലെന്ന് പറയാൻ കഴയില്ല. അതുകൊണ്ട് പ്രതിഷേധം ശക്തമാക്കി കല്ല്യാണം പൊളിക്കാനുള്ള രഹസ്യ നിർദ്ദേശം പള്ളി നൽകിയിട്ടുണ്ടെന്നാണ് സൂചന. അതിന്റെ ഭാഗമായിരുന്നു ഇന്നലത്തെ ജാഥയും മാദ്ധ്യമ പ്രവർത്തകരെ നേരിടലും. കല്ല്യാണം നടത്തിയാൽ കലാപമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന മുദ്രാവാക്യം. എങ്ങനേയും കല്ല്യാണം തടയാനാണ് ഇവരുടെ ശ്രമമെന്ന് ഇതിലൂടെ വ്യക്തമാണെന്ന് കേരളാ കത്തോലിക്കാ ഫെഡറേഷൻ ജനറൽ സെക്രട്ടറി വികെ ജോയി മറുനാടൻ മലയാളിയോട് പറഞ്ഞു.

എന്തുവന്നാലും റാഫോലിന്റെ മകന്റെ കല്ല്യാണം മുടക്കുമെന്നാണ് ഇടവകയിലെ ഭൂരിപക്ഷത്തിന്റെ പരസ്യ പ്രഖ്യാപനം. ഈ മുദ്രാവാക്യവുമായി സഭാവിശ്വാസികളായ നൂറുകണക്കിനു ആളുകൾ ഫ്‌ലക്‌സ് ബോർഡും പ്ലക്കാർഡുകളും പിടിച്ച് കല്യാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒല്ലൂരിൽ കഴിഞ്ഞ ആഴ്ച ജാഥ നടത്തിയിരുന്നു. ഇതോടെ വിഷയം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായി. ഇതോടെ കല്ല്യാണം നടത്താമെന്ന പരസ്യ നിലപാടിൽ പള്ളി അധികാരികൾ എത്തിയിരുന്നു. വിവാഹം മുടക്കാനോ വിവാഹം നടത്തില്ലെന്ന് പറയാനോ വികാരിമാർക്ക് അധികാരമല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇത് മനസ്സിലാക്കിയായിരുന്നു വിളിച്ചു ചൊല്ലലും നടത്തിയത്. ഇനി വധുവിന്റെ പള്ളിയിൽ മനസമ്മതവും നടക്കും. അതിന് ശേഷം മിന്നുകെട്ട് ജനുവരി 3നാണ് ഒല്ലുരിലെ പള്ളിയിൽ നടക്കേണ്ടത്. ഇതിനെയാണ് ചോരപ്പുഴ ഒഴുക്കിയാലും തടയുമെന്ന് വിശ്വാസികൾ പറയുന്നത്.

പള്ളിക്കെതിരെ പരാതി കൊടുത്തതിന്റെ പേരിൽ തിരുനാളിന് റാഫേലിന്റെ വീടിനോട് ചേർന്ന് ഗർഭം കലക്കിയെന്ന അത്യൂഗ്ര സ്‌ഫോടന വസ്തുവാണ് പൊട്ടിച്ചത്. ഇതാണ് റാഫേലും പള്ളിയും തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാക്കിയത്. റാഫേലും പള്ളിയും തമ്മിലെ തർക്കം തുടരുന്നത് ഇങ്ങനെയാണ് -ഒല്ലൂർ പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനെതിരെ പള്ളിയോട് ചേർന്ന് വീട് വച്ച് താമസിക്കുന്ന റാഫേൽ കോടതിയെ സമീപിച്ചത്. കോടതി ഇദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച് വെടിക്കെട്ട് സ്റ്റേ ചെയ്തു. കാര്യങ്ങൾ പരിശോധിച്ച് അന്തിമ തീരുമാനം ഏറ്റെടുക്കുവാൻ ജില്ലാ ഭരണകൂടത്തിനു നിർദ്ദേശം നൽകി. പഴയകാല ആചാരങ്ങളുടെ ഭാഗമായി നടത്താനുള്ള കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്ന 2007ൽ വന്ന ഒരു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുൻകാലങ്ങളിലേതു പോലെ വെടിക്കെട്ട് നടത്തുവാൻ എ.ഡി.എം അനുവാദവും നൽകി.

തുടർന്ന് വെടിക്കെട്ടും നടന്നു. ഇതിനെതുടർന്നാണ് വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് കരിമരുന്ന് പ്രയോഗത്തിൽ തന്റെ വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് റാഫേൽ ജില്ലാ കോടതിയിൽ പള്ളിക്കെതിരെയും ഫാ.നോബി അമ്പൂക്കനും ട്രസ്റ്റിമാർക്കെതിരെയും പരാതി നൽകിയത്. ഇതേതുടർന്ന് ഇടവകാംഗങ്ങളും പള്ളിയും റാഫേലിനെതിരായി. തർക്കം മുറുകിയിരിക്കുമ്പോളാണ് റാഫേലിന്റെ മകന്റെ വിവാഹം വരുന്നത്. ഇതിന്റെ ആവശ്യങ്ങൾക്കായി പള്ളിയുമായി ബന്ധപ്പെട്ടപ്പോൾ കേസിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കണമെന്ന് ആവശ്യം ഉയർന്നു. എന്നാൽ റാഫേൽ കേസ് പിൻവലിക്കാൻ തയ്യാറായില്ല. തുടർന്ന് ഇയാളെ ബിഷപ്പ് ഹൗസിലേക്ക് വിളിച്ച് ചർച്ച നടത്തി. അതും ഫലം കണ്ടില്ല. ഇതോടെ മകന്റെ വിവാഹം പള്ളിയിൽ വച്ച് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വികാരി. എന്നാൽ നിയമപരമായി ഇതിന് കഴിയില്ലെന്ന് രൂപതാ നിലപാട് എടുത്തു. ഇതോടെ പരസ്യമായി വരാതെ പള്ളി അധികാരികൾ ഇടവകാംഗങ്ങളെ മുൻനിർത്തി കള്ളക്കളി തുടരുകയായിരുന്നു.

സമ്മർദ്ദം ശക്തമാകുമ്പോഴും വിവാഹം പള്ളിയിൽ വച്ച് നടത്തണമെന്നും താൻ വിശ്വാസങ്ങൾക്ക് എതിരല്ലെന്നുമാണ് റാഫേലിന്റെ നിലപാട്. എന്നാൽ നുരഞ്ജനത്തിന്റെ മാർഗം സ്വീകരിക്കണം എന്ന നിലപാടിലാണ് വികാരി ഫാ. നോബി അമ്പൂക്കനും സഹവൈദികരും. ഇത് റാഫേലിനെ അറിയിക്കുകയും ചെയ്തു. എന്നിട്ടും വിട്ടുവീഴ്ചയ്ക്ക് റാഫേൽ തയ്യാറായില്ല. ഇതാണ് പുതിയ പ്രശ്‌നങ്ങൾക്ക് കാരണം. പള്ളിയിലെ ഈ ഊരുവിലക്ക് റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവി ക്യാമറമാനേയും കാർഡ്രൈവറേയും മുപ്പതംഗസംഘം ക്രൂരമായി തല്ലിച്ചതച്ചു. നട്ടെല്ലിനും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റ നിലയിൽ ജനംടിവി ക്യാമറമാൻ വയനാട് സ്വദേശിയായ ജിതിൻ, കാർ ഡ്രൈവർ ആനന്ദൻ എന്നിവരെ തൃശൂർ ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാപ്‌ടോപ്പിനും ക്യാമറക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഒമ്പതിനാണ് പള്ളിക്ക് മുന്നിൽ സമരം നടക്കുന്നതായുള്ള ഫോൺ വന്നതിനെത്തുടർന്ന് ജനം ടിവി സംഘം ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിക്ക് മുന്നിൽ എത്തിയത്. എന്നാൽ സമരക്കാർ വരുന്നത് കാത്ത് പള്ളി ഗ്രൗണ്ടിൽ നിൽക്കുമ്പോഴാണ് സമരത്തിന് കാരണമായിട്ടുള്ള ഫൽക്‌സ് ബോർഡ് കണ്ടത്. ഇതിൽ പള്ളിക്കും വിശ്വാസികൾക്കുമെതിരെ പ്രചാരണം നടത്തുന്ന റാഫേലിന്റെ മകന്റെ വിവാഹം നടത്തിക്കൊടുക്കരുതെന്നുള്ള ബോർഡുമുണ്ടായിരുന്നു. ഇത് ക്യാമറയിൽ പകർത്തുമ്പോഴാണ് മുപ്പതംഗസംഘമെത്തി ഇവരെ ആക്രമിച്ചത്. കാറിന്റെ സീറ്റിൽ വച്ചിരുന്ന ലാപ്‌ടോപ്പ് എടുത്ത് വലിച്ചെറിയുകയും മൈക്ക് നശിപ്പിക്കുകയും ചെയ്തു. തടയുവാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ ആനന്ദിനും മർദ്ദനമേറ്റു. ഈ സംഭവം വിവാദങ്ങൾക്ക് പുതിയ മാനം നൽകിയിട്ടുണ്ട്.

സഭാനിലപാട് കേരളത്തിന് അപമാനമാണെന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. റാഫേലിന്റെ വീടും കാനം സന്ദർശിച്ചു. ഇതോടെ വിവാദത്തിന് രാഷ്ട്രീയ മാനവും വരികെയാണ്.