തൃശൂർ: ഒല്ലൂർ പള്ളിയിൽ വികാരിക്കെതിരെയുള്ള പ്രക്ഷോഭം തണുപ്പിക്കാൻ ആർച്ച് ബിഷപ്പുമായി നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടു.
വലിയൊരു വിഭാഗം വിശ്വാസികൾ വികാരി ജോൺ അയ്യങ്കാനയ്ക്ക് എതിരെ രംഗത്തെത്തിയതോടെയാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തിയത്.
ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിന്റെ പിൻബലത്തിൽ ഒല്ലൂർ പള്ളി വികാരി ഫാദർ ജോൺ അയ്യങ്കാനയിലിന്റെ ഗുണ്ടാവിളയാട്ടമാണ് പള്ളിയിൽ നടക്കുന്നതെന്ന് ഒരു വിഭാഗം വിശ്വാസികൾ ആക്ഷേപിക്കുന്നു.

വിശ്വാസികളുടെ പൊതുയോഗം വിളിക്കാതെ ഫാദർ ജോൺ അയ്യങ്കാന തനിക്ക് താൽപ്പര്യമുള്ള ഗുണ്ടകളെ വച്ച് പള്ളിഭരണം കയ്യാളുന്നുവെന്നും എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് വലിയൊരു വിഭാഗം വിശ്വാസികളും വികാരിക്ക് എതിരെ രംഗത്ത് എത്തിയത്. കഴിഞ്ഞ ഒല്ലൂർ പള്ളിയിൽ വിശ്വാസികൾ കലാപം ആരംഭിച്ചിട്ട് കുറെ നാളുകളായി. വികാരി ജോൺ അയ്യങ്കാന പൊതുയോഗം വിളിക്കാതെ പ്രതിനിധി യോഗം വിളിച്ചതിനെ ചൊല്ലിയാണ് കഴിഞ്ഞ ദിവസം ഒരു വിഭാഗം വിശ്വാസികൾ രംഗത്തെത്തിയത്. കാനോൻ നിയമപ്രകാരം താനാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ആർച് ബിഷപ്പ് പറഞ്ഞതോടെയാണ് ഇന്ന് ചർച്ച അലസി പിരിഞ്ഞത്.

ചർച്ച് ആക്റ്റ് നടപ്പിലാക്കണമെന്നാണ് വിശ്വാസികളുടെ പ്രതിനിധി സംഘം ആവശ്യപ്പെട്ടത്. പള്ളി സ്വത്ത് ഭരിക്കേണ്ടത് വിശ്വാസികളാണെന്നും അവർ വാദിച്ചു. പള്ളി വികാരി പള്ളിയിൽ പ്രവേശിക്കുന്നത് തടയാനായി വിശ്വാസികൾ പള്ളിക്ക് മുമ്പിൽ മുദ്രാവാക്യം വിളിച്ച് ഒത്തുചേർന്നിരിക്കുകയാണ്.കാനോൻ നിയമം അറബിക്കടലിൽ, ചർച്ച് ആക്റ്റ് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വിശ്വാസികൾ പള്ളിക്ക് മുമ്പിൽ തടിച്ചുകൂടിയിരിക്കുന്നത്. അതേസമയം പൊലീസ് സഹായത്തോടെ പള്ളിയിൽ പ്രവേശിക്കാനാണ് വികാരിയുടെ ശ്രമം. സ്ഥലത്ത് വൻപൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

രാവിലെ മാർ ആൻഡ്രൂസ് താഴത്തിനെ കാണാൻ എത്തിയ വിശ്വാസികൾ അദ്ദേഹത്തെ കാറിൽ കയറാൻ അനുവദിക്കാത്ത വിധത്തിലായിരുന്നു വിശ്വാസികളുടെ രോഷപ്രകടനം. സഭയിൽ അടുത്തകാലത്തായി ഉയർന്ന ആരോപണങ്ങൾ അടക്കം മുദ്രാവാക്യം വിളിപോലെ പറഞ്ഞു കൊണ്ടാണ് അവർ ബിഷപ്പിനെ വളഞ്ഞത്. സ്ഥലക്കച്ചോടാണോ.. സ്ഥലക്കച്ചോടം.. ആലഞ്ചേരി പിതാവിനെ സ്ഥലക്കച്ചോടത്തിൽ കുടുക്കി.. എന്ന് അടക്കം ചുറ്റും കൂടിയ ജനക്കൂട്ടം വിളിച്ചു പറഞ്ഞു. ഇതിനിടെ പള്ളിവികാരിക്കെതിരെ പരാതിയുണ്ടെങ്കിൽ എഴുതി നൽകണം എന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടത്. എന്നാൽ, ഇത് കേൾക്കാൻ പോലും അവർ തയ്യാറായില്ല. അത്രയ്ക്ക് രോഷമായിരുന്നു അവർക്ക്.

പരാതി എഴുതാൻ തയ്യാറല്ലെന്നും നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യത്തിൽ വിശ്വാസികൾ ഉറച്ചു നിന്നു. ഈ നിലപാടിൽ വിശ്വാസികൾ ഉറച്ചു നിന്നതോടെ ബിഷപ്പിന് തൽക്കാലം പിൻവാങ്ങേണ്ടി വന്നു. ബിഷപ്പിനെതിരായ രോഷപ്രകടനത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആലപ്പുഴയിലേക്ക് പോയി പിന്നീട് സംസാരിക്കാം എന്നു പറഞ്ഞു കൊണ്ടാണ് ബിഷപ്പ് അരമനയിൽ നിന്നും പോയത്. എന്നാൽ, പിന്നീട് ഈ വിഷയത്തെ കുറിച്ച് അദ്ദേഹം ഒന്നും പറയുകയും ഉണ്ടായില്ല.

ഫാ.ജോൺ അയ്യങ്കാനയെ അനുകൂലിക്കുന്നവർ പള്ളിയുടെ താക്കോൽക്കൂട്ടം കൊണ്ട് വിശ്വാസിയായ മുൻ കോർപറേഷൻ കൗൺസിലർ ജോൺ കാഞ്ഞിരത്തിങ്കലിനെ ഇടിച്ചുവീഴ്‌ത്തിയെന്നാണ് വികാരിക്ക് എതിരെ നിലകൊള്ളുന്ന വിശ്വാസികൾ ആരോപിക്കുന്നത്. ഇതേത്തുടർന്നാണ് വിശ്വാസികൾ അരമനയിലേക്ക് മാർച്ച് നടത്തിയത്.

പൊറുതിമുട്ടിയ വിശ്വാസികൾ തൃശൂർ ആർച്ച് ബിഷപ് ആണ്ട്രൂസ് താഴത്തിനെ കണ്ടു സങ്കടം ഉണർത്തിക്കവെ വീണ്ടും പ്രശ്നമുണ്ടായി. അരമനയിൽ അപ്പോൾ ഫാദർ ജോൺ അയ്യങ്കാനയോടൊപ്പം സംരക്ഷകർ എന്ന മട്ടിൽ മൂന്നുപേർ ഉണ്ടായിരുന്നു. അവർ ആരെന്നു വിശ്വാസികൾ ചോദിച്ചതോടെ മറുപടി നൽകാതെ വിശ്വാസികളെ ആക്രമിച്ചുവെന്നാണ് ആരോപണം.

പള്ളിയുടെ ഫണ്ട് ധൂർത്തടിക്കുന്നുവെന്നും തന്നിഷ്ടപ്രകാരം പള്ളിവാതിലുകൾ അടച്ചിട്ട് വിശ്വാസികളെ തുരത്തുന്നുവെന്നും എല്ലാമാണ് വികാരി ജോൺ അയ്യങ്കാനയ്ക്ക് എതിരെ ഉയരുന്ന പ്രധാന ആക്ഷേപങ്ങൾ. പ്രശ്നമുണ്ടായാൽ അത് പരിഹരിക്കുന്നതിന് പകരം സ്വകാര്യമുറിയിൽ കടന്ന് വാതിലടയ്ക്കുന്നയാളാണ് ഫാദർ ജോൺ എന്നും എതിർക്കുന്നവർ ആരോപിക്കുന്നു.

വിവാഹത്തിന് മുമ്പായി ഇടവകയിലെ പെൺകുട്ടികളുടെ വീട്ടിൽ നിന്ന് വൻ തുകകൾ കൈക്കൂലി വാങ്ങുന്നതായും ആരോപണം ഉയരുന്നുണ്ട്. ഫാദർ ജോൺ അയ്യങ്കാന വികാരിയായ എല്ലാ പള്ളികളിലും പ്രശ്നക്കാരൻ ആയിരുന്നുവെന്നും വിശ്വാസികൾ പറയുന്നു. നടപടികളെ എതിർക്കുന്നവരെ ഗുണ്ടകളെ വിളിച്ച് അടിച്ചമർത്തുന്നതായും അഭിസംബോധന ചെയ്യുന്നതുപോലും എടാപോടാ വിളികളോടെ ആണെന്നുമാണ് ആക്ഷേപം.