- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിവെള്ളവും നല്ല റോഡും വൈദ്യുതിയും കിട്ടാക്കനിയായ ജന്മനാട്; മകനുവേണ്ടി അച്ഛൻ കൊണ്ട വെയിലും കഠിനമായ യാത്രയും; നഹ്രിയിലെ രവി കുമാർ ദാഹിയയിൽ നിന്നും ഒളിംപിക്‌സ് മെഡൽ ജേതാവിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെ കൈയൊപ്പ് പതിഞ്ഞത്; ഹരിയാനയിലെ നഹ്രി വികസനം സ്വപ്നം കാണുന്നത് ആ ഒളിമ്പിക്‌സ് മെഡലിൽ
ന്യൂഡൽഹി: ടോക്യോ ഒളിംപിക്‌സിൽ പുരുഷ വിഭാഗം 57 കിലോ ഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ രവികുമാർ ദാഹിയയുടെ വെള്ളിമെഡൽ നേട്ടം രാജ്യത്തിന് അഭിമാനമാകുമ്പോൾ ഹരിയാനയിലെ സോനിപത് ജില്ലയിലെ നഹ്രി എന്ന കൊച്ചുഗ്രാമത്തിന് ആ മെഡൽ നൽകുന്നത് വികസന പ്രതീക്ഷയുടേയും അതിജീവനത്തിന്റെയും വെള്ളിവെളിച്ചമാണ്.
ഒളിമ്പിക്സിൽ മെഡലുറപ്പിച്ചതോടെ രവി കുമാർ ദാഹിയയുടെ ജന്മനാടായ ഹരിയാന സോനാപത് ജില്ലയിലെ നഹ്രി ഗ്രാമവാസികൾ ആഘോഷത്തിലും പ്രതീക്ഷയിലുമായിരുന്നു. തങ്ങളുടെ ഗ്രാമത്തിന്റെ വീരനായകനായ രവി കുമാർ ഒളിമ്പിക്‌സിൽ നേട്ടം കൊയ്തതോടെ ഇനി നഫ്രി ഗ്രാമം ശ്രദ്ധാ കേന്ദ്രമാകുകയും പ്രദേശവാസികൾ നേരിടുന്ന ദുരിത ജീവിത്തിന് മാറ്റമുണ്ടാകുകയും ചെയ്യുമെന്ന പ്രതീക്ഷ.
കാരണം കുടിവെള്ളമോ 24 മണിക്കൂർ വൈദ്യുതിയോ ഇല്ലാത്ത ഗ്രാമത്തിലേക്ക് ഒളിംപിക്‌സ് മെഡലുമായി രവികുമാർ വരുമ്പോൾ അവരുടെ ജീവിത സൗകര്യങ്ങൾ കൂടി മെച്ചപ്പെടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ദിവസം രണ്ട് മണിക്കൂർ മാത്രമാണ് നഹ്‌റിയിൽ വൈദ്യുതി വിതരണമുള്ളത്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമത്തിൽ എടുത്തുപറയാവുന്ന ഒരേയോരു സർക്കാർ ഓഫീസ് മൃഗാശുപത്രിയാണ്.
കുഗ്രാമമെന്ന് പറയാവുന്ന ഹരിയാനയിലെ നഹ്രി ഗ്രാമവാസികളുടെ പ്രാർത്ഥന കൂടിയാണ് ടോക്യോ ഒളിമ്പിക്‌സിലെ രവി കുമാറിന്റെ മുന്നേറ്റത്തിൽ ഊർജ്ജമായിട്ടുണ്ടാകുക. രവി കുമാർ ദാഹിയ ഒളിമ്പിക്സിൽ സ്വർണവുമായി മടങ്ങിയെത്താനായിരുന്നു അവരുടെ പ്രാർത്ഥന. ടോക്യോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയിൽ രവി ദാഹിയ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയതോടെ പ്രതീക്ഷകൾ വാനോളം ഉയർന്നിരുന്നു. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും വെള്ളിമെഡൽ ഉറപ്പിച്ചതോടെ നഹ്രി ഗ്രാമവാസികൾ ആഹ്ലാദത്തിലാണ്.
രവി കുമാർ ഒളിമ്പിക്‌സ് ഗുസ്തിയിൽ ഫൈനലിലേക്ക് മുന്നേറിയതോടെ രാജ്യത്തിന്റെ ഒന്നാകെ ശ്രദ്ധാകേന്ദ്രമായി മാറിയത് പിതാവ് രാകേഷ് ദാഹിയ ആയിരുന്നു. മകനുവേണ്ടി പതിമൂന്നുവർഷത്തോളമായി രാകേഷ് ദാഹിയ പുലർച്ചെ മൂന്നു മണിമുതൽ പ്രയത്നത്തിലാണ്.
ഒളിംപിക് മെഡൽ നേട്ടത്തിൽ രവികുമാർ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് പിതാവ് രാകേഷ് കുമാർ ദാഹിയയോടാവും. കർഷകനായ രാകേഷ്‌കുമാർ പാട്ടത്തിനെടുത്ത ഭൂമിയിൽ കഠിനാധ്വാനം ചെയ്താണ് കഷ്ടപ്പാടൊന്നും അലട്ടാതെ രവികുമാറിന്റെ പരിശീലനം മുന്നോട്ടുകൊണ്ടുപോയത്.
പാലും നെയ്യുമായി രാകേഷ് കുമാർ എന്നും 60 കിലോ മീറ്റർ അകലെ ഛത്രസാൽ സ്റ്റേഡിയത്തിൽ മഹാബലി സത്പാലിന് കീഴിൽ ഗുസ്തി പരിശീലനം നടത്തുന്ന മകനടുത്തെത്തും. ഒരു ദിവസം പോലും അതിന് മുടക്കം വരുത്തിയിട്ടില്ല അദ്ദേഹം. പുലർച്ചെ 3.30ന് എഴുന്നേൽക്കുന്ന രാകേഷ് കുമാർ അഞ്ച് കിലോ മീറ്റർ നടന്ന് റെയിൽവെ സ്റ്റേഷനിലെത്തും. അവിടെ നിന്ന് ട്രെയിനിൽ കയറി ആസാദ്പൂരിൽ ഇറങ്ങി രണ്ട് കിലോ മീറ്റർ നടന്ന് ഛത്രസാൽ സ്റ്റേഡിയത്തിലെത്തുന്നത്.
തിരിച്ചുവന്നശേഷം പാടത്ത് കഠിനമായ ജോലിയിലും ഏർപ്പെടും. കോവിഡ് നിയന്ത്രണങ്ങൾ വരുന്നതുവരെ കഴിഞ്ഞ 12 വർഷമായി രാകേഷ് ചെയ്യുന്ന കാര്യമാണിത്. വളരെ കഷ്ടപ്പെട്ടാണ് ഇതെല്ലാം ഇവിടെ എത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഒന്നും പാഴാക്കി കളയരുതെന്നും എപ്പോഴും രവികുമാറിനോട് പറയാറുണ്ടെന്നും രാകേഷ്‌കുമാർ പറയുന്നു. അതുകൊണ്ടു തന്നെ ഒരിക്കൽ നെയ്യ് നിലത്തുപോയപ്പോൾ അതെടുത്ത് രവികുമാർ കഴിച്ച കാര്യവും രാകേഷ്‌കുമാർ അഭിമാനത്തോടെ ഓർക്കുന്നു.
ആറാം വയസിലാണ് രവികുമാറിനെ അച്ഛൻ സുഹൃത്തായ ഹൻസ്രാജിന്റെ അഖാഡയിൽ ഗുസ്തി പരിശീലനത്തിന് അയക്കുന്നത്. അന്നുമുതലെ ഒളിംപിക്‌സിൽ മെഡൽ നേടുക എന്നത് മാത്രമായിരുന്നു രവികുമാറിന്റെ ലക്ഷ്യവും താൽപര്യവുമെന്ന് രാകേഷ് കുമാർ ഓർത്തെടുക്കുന്നു. സാധാരണ യുവാക്കളെ പോലെ ബൈക്കിലോ പുതിയ വസ്ത്രങ്ങളിലോ ഷൂസിലോ ഒന്നും അവന് താൽപര്യമുണ്ടായിരുന്നില്ല. അവനെല്ലാം ഗുസ്തിയായിരുന്നുവെന്നും രാകേഷ് കുമാർ പറയുന്നു.
രവി ദാഹിയയുടെ മെഡൽ നേട്ടം തന്റെ ഗ്രാമത്തിന്റെ ദുരിതങ്ങൾ അകറ്റുമെന്ന് രാകേഷ് പ്രതികരിച്ചിരുന്നു. വെള്ളവും വൈദ്യുതിയും യാത്രാ സൗകര്യങ്ങളുമില്ലാത്ത ഗ്രാമത്തിലേക്ക് ഇവ എത്തിക്കാൻ അധികാരികൾ ഇടപെടുമെന്ന പ്രതീക്ഷയാണ് രാകേഷ് പങ്കുവച്ചത്. രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന ഗ്രാമത്തിൽ ദിവസം രണ്ടു മണിക്കൂർ മാത്രമാണ് വൈദ്യതി ലഭിക്കുന്നത്.
സ്വർണവുമായി മകൻ മടങ്ങിയെത്തുമെന്ന കാര്യത്തിൽ തനിക്ക് സംശയമൊന്നുമില്ലെന്ന് രാകേഷ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. ദിവസം 24 മണിക്കൂറും വൈദ്യുതിയും നല്ല റോഡുകളും ഗ്രാമത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. മകന്റെ വിജയം ഗ്രാമത്തിന് വികസനമുണ്ടാക്കുമെന്നും കരുതുന്നു.
ഗ്രാമത്തിൽ ഒരു സർക്കാർ ആശുപത്രിക്കായി ഏറെനാളായി അഭ്യർത്ഥിക്കുന്നു. ഇപ്പോൾ സോനാപത് ആശുപത്രി മാത്രമാണ് ആശ്രയം. എല്ലാ പിതാക്കന്മാരും മകനു വേണ്ടി ചെയ്യുന്ന കാര്യമേ താനും ചെയ്തിട്ടുള്ളൂ. രാജ്യത്തിനായി മകൻ ഏറെ കാര്യങ്ങൾ ചെയ്യുമ്പോൾ അത് എന്റെ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു.
കർഷക കുടുംബത്തിൽ ജനിച്ച രവികുമാർ ഈ ഗ്രാമത്തിൽ നിന്നുള്ള മൂന്നാമത്തെ ഒളിംപ്യനാണ്. 1980ലെ മോസ്‌കോ ഒളിംപിക്‌സിലും 1984ലെ ലോസാഞ്ചൽസ് ഒളിംപിക്‌സിലും ഇന്ത്യക്കായി മത്സരിച്ച മഹാവീർ സിംഗും 2012ലെ ലണ്ടൻ ഒളിംപിക്‌സിൽ മത്സരിച്ച അമിത് ദാഹിയയുമാണ് രവികുമാറിന്റെ മുൻഗാമികൾ.
ഇതിൽ രണ്ട് ഒളിംപിക്‌സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തിരിച്ചെത്തിയ മഹാവീർ സിംഗിനോട് അന്നത്തെ മുഖ്യമന്ത്രിയായ ചൗധരി ദേവീലാൽ എന്താണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ആവശ്യമാണ് നാട്ടിലെ മൃഗാശുപത്രി.
ഒരു നല്ല ആശുപത്രി പോലുമില്ലാത്ത ഗ്രാമത്തിൽ എന്തെങ്കിലും അസുഖം വന്നാൽ സോനിപതിലേക്ക് പോകണം നാട്ടുകാർ. സ്വന്തമായി ഒരു സ്റ്റേഡിയമോ കളി സ്ഥലമോ ഈ ഗ്രാമത്തിലില്ല. നാട്ടുകാർ മുൻകൈയെടുത്ത് നിർമ്മിച്ച മിനി സ്റ്റേഡിയമാണ് ആകെയുള്ള കളിസ്ഥലം.
ടോക്യോയിൽ നിന്ന് രവികുമാർ മെഡലുമായി മടങ്ങുമ്പോൾ തങ്ങളുടെ നാടും അധികൃതരുടെ ശ്രദ്ധയിൽ പെടുമെന്നും പുതിയ വികസന പ്രവർത്തനങ്ങൾ വരുമെന്നും അതുകൊണ്ടുതന്നെ നാട്ടുകാർ പ്രതീക്ഷിക്കുന്നു.
സ്പോർട്സ് ഡെസ്ക്