- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെങ്കലത്തിളക്കത്തോടെ ടോക്യോയിൽ നിന്ന് പി വി സിന്ധു തിരിച്ചെത്തി; ഡൽഹി വിമാനത്താവളത്തിൽ ഗംഭീര വരവേൽപ്പ് നൽകി രാജ്യം; ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ സ്വീകരിച്ചത് വാദ്യമേളങ്ങളോടെ; പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് താരം
ന്യൂഡൽഹി: ടോക്യോ ഒളിംപിക്‌സ് ബാഡ്മിന്റണിലെ വെങ്കലമെഡൽ നേട്ടവുമായി ഇന്ത്യയുടെ പി.വി സിന്ധു നാട്ടിൽ തിരിച്ചെത്തി. ഡൽഹി വിമാനത്താവളത്തിൽ ഗംഭീര വരവേൽപ്പാണ് താരത്തിന് ലഭിച്ചത്.
ഒളിംപിക് മെഡൽ ജേതാവിന് ഔദ്യോഗിക സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ(ബായ്)യുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെയാണ് സിന്ധുവിനെ വിമാനത്താവളത്തിൽ വരവേറ്റത്. പിന്തുണച്ചവർക്കെല്ലാം സിന്ധു നന്ദി അറിയിച്ചു.
@Pvsindhu1 after coming home
- Doordarshan Sports #TokyoOlympics (@ddsportschannel) August 3, 2021
Bravo Champion!! ???????????? #Cheer4India #TeamIndia #Olympics #Tokyo2020
Video credit : @BAI_Media pic.twitter.com/0lbTe35Dvr
ഒളിംപിക്‌സ് വെങ്കല മെഡൽ പോരാട്ടത്തിൽ ചൈനയുടെ ഹെ ബിങ് ജിയാവോയെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് സിന്ധു വെങ്കലം നേടിയത്. റിയോ ഒളിംപിക്‌സിൽ വെള്ളി മെഡൽ നേടിയ സിന്ധു ഇതോടെ തുടർച്ചയായി രണ്ട് ഒളിംപ്കിസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.
Ace shuttler @Pvsindhu1 receives a warm welcome at Delhi Airport as she returns to India after winning a bronze medal at #Tokyo2020
- SAIMedia (@Media_SAI) August 3, 2021
Let's welcome our champion with a loud India! India!#Cheer4India @PMOIndia @ianuragthakur @NisithPramanik @BAI_Media @WeAreTeamIndia @PIB_India pic.twitter.com/yqjbCXrYWH
ഒളിംപിക്‌സിന് മുമ്പ് അത്ര മികച്ച ഫോമിലല്ലാതിരുന്ന സിന്ധു ഒളിംപിക്‌സിൽ തുടർചയായ നാലു ജയങ്ങളോടെയാണ് സെമിയിലെത്തിയത്. ഒറ്റ ഗെയിം പോലും കൈവിടാതെയായിരുന്നു സിന്ധുവിന്റെ മുന്നേറ്റം. എന്നാൽ സെമിയിൽ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്‌പേയിയുടെ തായ് സു യിങിനോട് സിന്ധു നേരിട്ടുള്ള ഗെയിമുകൾക്ക് തോൽവി വഴങ്ങി.
2016 റിയോ ഒളിംപിക്സിലെ വെള്ളി മെഡൽ നേട്ടത്തോടെ സിന്ധു രാജ്യത്തിന്റെ അഭിമാനമായിരുന്നു. പിന്നീടുള്ള 4 വർഷം ഇന്ത്യൻ ബാഡ്മിന്റനിൽ ഏറ്റവും അധികം ഉയർന്നു കേട്ടതും സിന്ധുവിന്റെ പേരുതന്നെയാണ്.
ടോക്യോയിൽ സിന്ധുവിനെ സെമിയിൽ കീഴടക്കിയ ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങിനെ പ്രീ ക്വാർട്ടറിൽ നേരിട്ടുള്ള ഗെയിമുകൾക്കു വീഴ്‌ത്തി റിയോയിലെ വരവ് അറിയിച്ച സിന്ധു ക്വാർട്ടറിൽ ചൈനയുടെ രണ്ടാം സീഡ് വാങ് യിഹാനെയും, സെമിയിൽ ജാപ്പനീസ് സൂപ്പർ താരം നോസോമി ഒകുഹാരയെയും വീഴ്‌ത്തിയാണ് അന്ന് വെള്ളി മെഡൽ ഉറപ്പിച്ചത്.
മൂന്നു ഗെയിമും 81 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ സ്പെയിനിന്റെ ഒന്നാം നമ്പർ താരം കരോലിന മാരിനോടു കീഴടങ്ങിയെങ്കിലും റിയോയിൽനിന്നു തല ഉയർത്തിപ്പിടിച്ചുതന്നെയായിരുന്നു സിന്ധുവിന്റെ മടക്കം.
പിന്നീടു പ്രമുഖ ടൂർണമെന്റുകളുടെ ഫൈനലുകളിൽ തുടർച്ചയായി തോൽവി ഏറ്റുവാങ്ങിയതിന്റെ പേരിൽ എറെ പഴി കേട്ട സിന്ധു 2018ലെ ബിഡബ്ല്യുഎഫ് വേൾഡ് ടൂറിലെ കിരീടനേട്ടത്തോടെ ഭാഗ്യജാതകം തിരുത്തിയെഴുതി. ബിഡബ്ല്യുഎഫ് കിരീടം നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരവും സിന്ധുതന്നെ.
പിറ്റേ വർഷം നടന്ന ലോക ചാംപ്യൻഷിപ്പിലെ കിരീടനേട്ടത്തോടെ സിന്ധു വീണ്ടും പുതുചരിത്രമെഴുതി. ജപ്പാന്റെ നോസോമി ഒകുഹാരയെയാണു 2 ടൂർണമെന്റുകളുടെയും ഫൈനലുകളിൽ പരാജയപ്പെടുത്തിയത്. അതും നേരിട്ടുള്ള ഗെയിമുകൾക്ക്. ഇതോടെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്ന സിന്ധു പിന്നീടുള്ള ടൂർണമെന്റുകളിൽ അമ്പേ തകരുന്ന കാഴ്ചയ്ക്കും ആരാധകർ സാക്ഷിയായി.
18 മാസങ്ങൾക്കു ശേഷം 2021ൽ സ്വിസ് ഓപ്പൺ ഫൈനലിൽ ഇടം പിടിച്ച സിന്ധു കരോലിനാ മാരിനെതിരെ രുചിച്ചതു വമ്പൻ തോൽവി (21 - 12, 21 - 5). 'ഫോം ഔട്ട്' എന്ന വിമർശനത്തിനിടെ ആറാം സീഡായി ഒളിംപിക്സിനു ജപ്പാനിലേക്കു പറന്ന സിന്ധു പക്ഷേ ടോക്യോയിൽ 'തനിനിറം' പുറത്തെടുത്തു.
ലോക ഒന്നാം നമ്പറും സിന്ധുവിന്റെ കടുത്ത പ്രതിയോഗിയുമായിരുന്ന കരോലിനാ മാരിന്റെ പിന്മാറിയതോടെ സുവർണ പ്രതീക്ഷയുമായെത്തിയ ലോക അഞ്ചാം നമ്പർ അകാനെ യമാഗൂച്ചിയെ ക്വാർട്ടറിൽ നിലം തൊടാതെ വീഴ്‌ത്തിയ സിന്ധുവിന് അടിതെറ്റിയതു സെമിയിൽ ലോക ഒന്നാം നമ്പർ തായ് സുയിങ്ങിനു മുന്നിൽ (18 - 21, 12 - 21) മാത്രം.
സെമിയിലെ നിരാശയ്ക്കുള്ള പ്രായശ്ചിത്തം എന്ന വിധം ഹീ ബിങ് ജിയോയെ ആധികാരിക പ്രകടനത്തോടെ വീഴ്‌ത്തി സിന്ധു നേടിയ വെങ്കലത്തിനു സ്വർണത്തിന്റെ തിളക്കമുണ്ട്!
2016 റിയോ ഒളിംപിക്സിനുള്ള പരിശീലനത്തിനിടെ 3 മാസക്കാലം മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നിട്ടുണ്ട് പി.വി. സിന്ധു. പരിശീലനത്തിൽ ശ്രദ്ധ തെറ്റാതിരിക്കാൻ അന്നത്തെ പരിശീലകനായിരുന്ന പുല്ലേല ഗോപിചന്ദാണ് അന്നു ഫോൺ മാറ്റിവച്ചത്. ഫോൺ ഒഴിവാക്കിയുള്ള പരിശീലനം സിന്ധുവിനെ വെള്ളി മെഡലിന്റെ തിളക്കത്തിലെത്തിച്ചു.
റിയോ ഒളിംപിക്സിലെ ഫൈനൽ മത്സരത്തിനു ശേഷം കോച്ച് ഗോപീചന്ദ് പ്രതികരിച്ചത് ഇങ്ങനെ, 'കഴിഞ്ഞ 3 മാസമായി സിന്ധു മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല. ആദ്യം അതു തിരിച്ചു കൊടുക്കണം.' ഒളിംപിക്സിലെ വെള്ളി നേട്ടത്തിനു പിന്നാലെ മറ്റൊരു അപൂർവ ബഹുമതി കൂടി സിന്ധുവിനെ തേടിയെത്തിയിരുന്നു. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുക്കറുടെ വക ഒരു ബിഎംഡബ്ലിയു കാർ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയതിനുള്ള സമ്മാനം!
ഇന്ത്യൻ വോളിബോൾ താരങ്ങളായ പി.വി. രമണ പി. വിജയ ദമ്പതികളുടെ മകളായ സിന്ധുവിനു കായികം 'കൂടെപ്പിറപ്പാണ്'. കുട്ടിക്കാലം മുതൽ തുടങ്ങിയതാണു ബാഡ്മിന്റനിലെ പരിശീലനം. പുലർച്ചെ 3 മണിക്കും പിന്നീടു വൈകിട്ടും 30 കിലോമീറ്റർ അകലെയുള്ള പുല്ലേല ഗോപിചന്ദ് അക്കാദമിയിൽ എത്തിയായിരുന്നു പരിശീലനം. ഇതിനായി ഒരു ദിവസം പിന്നിട്ടിരുന്നത് ശരാശരി 120 കിലോമീറ്റർ ദൂരം!
'മാരെദ്പള്ളിയിൽനിന്നു ഗച്ചിബൗളിയിലുള്ള ഗോപിചന്ദ് അക്കാദമിയിലേക്കു സിന്ധുവിനെ കൊണ്ടുവിട്ടിരുന്നതും തിരികെ കൊണ്ടുപോയിരുന്നതും അച്ഛൻ പി.വി. രമണയാണ്. വീടും അക്കാദമിയും തമ്മിൽ 30 കിലോമീറ്റർ ദൂരമാണ് ഉണ്ടായിരുന്നത്. പിന്നീടു കുറേക്കാലത്തിനു ശേഷമാണു അക്കാദമിക്ക് അടുത്തേക്കു സിന്ധു താമസം മാറ്റിയത്,'
സ്പോർട്സ് ഡെസ്ക്