ടോക്കിയോ: ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കിയിൽ രണ്ടാമത്തെ പൂൾ മൽസരത്തിൽ ഇന്ത്യക്കു ഞെട്ടിക്കുന്ന തോൽവി. ലോക ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയ ഇന്ത്യയെ 7-1നാണ് തകർത്തുവിട്ടത്. ആദ്യ മൽസരത്തിൽ ന്യൂസിലാൻഡിനെ 3-2നു പരാജയപ്പെടുത്തി ഒളിംപിക്‌സ് പോരാട്ടങ്ങൾക്ക് തുടക്കമിട്ട ഇന്ത്യൻ നിര പക്ഷെ ഓസീസിന്റെ കണ്ണഞ്ചിക്കുന്ന പ്രകടനത്തിനു മുന്നിൽ തകർന്നടിഞ്ഞു.

ഓസ്‌ട്രേലിയയ്ക്കായി ബ്ലെയ്ക് ഗോവേഴ്‌സ് ഇരട്ടഗോൾ നേടി. 40, 42 മിനിറ്റുകളിലാണ് ഗോവേഴ്‌സ് ഓസീസിനായി ഗോൾ നേടിയത്. ജേക്കബ് വെറ്റൺ (10), ജെറമി ഹെയ്വാർഡ് (21), ആൻഡ്രൂ ഒഗിൽവി (23), ജോഷ്വ ബെൽറ്റ്‌സ് (26), ടിം ബ്രാൻഡ് (51) എന്നിവരുടെ വകയാണ് ശേഷിച്ച ഗോളുകൾ. ഇന്ത്യയുടെ ആശ്വാസ ഗോൾ 34ാം മിനിറ്റിൽ ദിൽപ്രീത് സിങ് നേടി.

കളിയുടെ ആദ്യ ക്വാർട്ടറിൽ ഓസീസിനെ ഒരു ഗോളിൽ പിടിച്ചുനിർത്താൻ ഇന്ത്യക്കു കഴിഞ്ഞെങ്കിലും രണ്ടാം ക്വാർട്ടറിൽ കളി കൈവിട്ടു. രണ്ടാം ക്വാർട്ടറിൽ മൂന്നു ഗോളുകൾ നേടി മുൻതൂക്കം നേടി ഓസിസ് നിര മൂന്നാം ക്വാർട്ടറിൽ രണ്ടും തവണ സ്‌കോർ ചെയ്ത് ജയം ഉറപ്പാക്കി. ഓസ്‌ട്രേലിയൻ നിരയുടെ ഏഴാമത്തെ ഗോൾ അവസാന ക്വാർട്ടറിലായിരുന്നു. ഇന്ത്യയുടെ ആശ്വാസ ഗോൾ മൂന്നാം ക്വാർട്ടറിൽ ദിൽപ്രീത് സിങിന്റെ വകയായിരുന്നു.

ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ 4-0ന്റെ മികച്ച ലീഡുമായി അവർ വിജയമുറപ്പാക്കിയിരുന്നു. 10ാം മിനിറ്റിൽ വെറ്റണിലൂടെയാണ് ഓസ്ട്രേലിയ അക്കൗണ്ട് തുറക്കുന്നത്. ആദ്യ ക്വാർട്ടറിൽ 1-0ന്റെ ലീഡാണ് ഓസീസിനുണ്ടായിരുന്നത്. എന്നാൽ രണ്ടാം ക്വാർട്ടറിൽ മൂന്നു തവണ സ്‌കോർ ചെയ്ത് അവർ ഇന്ത്യയെ വാരിക്കളയുകയായിരുന്നു. അഞ്ചു മിനിറ്റിനിടെ മൂന്നു ഗോളുകളാണ് അവർ അടിച്ചുകൂട്ടിയത്.



രണ്ടാം ക്വാർട്ടറിൽ 21ാം മിനിറ്റിൽ പെനൽറ്റി കോർണറിൽ നിന്നും ഹെയ്വാർഡാണ് ഓസീസിനെ മുന്നിലെത്തിക്കുന്നത്. ഗോൾകീപ്പറും മലയാളി താരവുമായ പിആർ ശ്രീജേഷിനെ കബളിപ്പിച്ച് ബോൾ അകത്തു കയറുകയായിരുന്നു. പിന്നീടുള്ള മൂന്നു തകർപ്പൻ ഫീൽഡ് ഗോളുകൾക്കും ശ്രീജേഷിന് മറുപടിയില്ലായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഗോൾപോസ്റ്റിലേക്കു ബോളുകൾ കയറിയപ്പൾ ശ്രീജേഷ് നിസ്സഹായനായിരുന്നു.

23ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഒഗിൽവി ഓസ്ട്രേലിയയെ 2-0നു മുന്നിലെത്തിച്ചു. ഇന്ത്യ ഈ ഗോളിന്റെ ഞെട്ടലിൽ നിന്നും മാറുന്നതിനു മുമ്പ് 26ാം മിനിറ്റിൽ ഓസ്ട്രേലിയ നാലാമത്തെ ഗോളും കണ്ടെത്തി. ബെൽറ്റ്സായിരുന്നു സ്‌കോറർ.

മൂന്നാം ക്വാർട്ടറിൽ ഇന്ത്യ കാത്തിരുന്ന ഗോൾ പിറന്നെങ്കിലും ഓസീസ് ഗോളടി നിർത്തിയില്ല. രണ്ടു ഗോളുകൾ കൂടി മൂന്നാം ക്വാർട്ടറിൽ അവർ നേടി. 40ാം മിനിറ്റിൽ ഗോവറിന്റെ വകയായിരുന്നു അഞ്ചാമത്തെ ഗോൾ. പെനൽറ്റി സ്ട്രോക്കിൽ നിന്നാണ് താരം ലക്ഷ്യം കണ്ടത്. രണ്ടു മിനിറ്റിനകം പെനൽറ്റി കോർണർ ഗോളാക്കി മാറ്റിയ ഗോവേഴ്സ് സ്‌കോർ 6-1 ആക്കിമാറ്റി. അവസാന ക്വാർട്ടറിൽ അതിവേഗ കൗണ്ടർഅറ്റാക്കിൽ നിന്നും ഗോൾ നേടി ബ്രാൻഡ് ഇന്ത്യയുടെ നാണക്കേടും ഓസീസിന്റെ സ്‌കോർ പട്ടികയും പൂർത്തിയാക്കി.  ഓസ്‌ട്രേലിയ ആദ്യ മത്സരത്തിൽ ജപ്പാനെ 5 - 3നും തോൽപ്പിച്ചു.

ഓസ്‌ട്രേലിയയോട് കൂറ്റൻ തോൽവി വഴങ്ങിയെങ്കിലും ഇന്ത്യയുടെ ക്വാർട്ടർ പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല. പൂൾ എയിൽ സ്‌പെയിൻ, അർജന്റീന, ജപ്പാൻ എന്നീ ടീമുകൾക്കെതിരെ ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്. ഓരോ പൂളിൽനിന്നും ഏറ്റവും മികച്ച നാലു ടീമുകളാണ് ക്വാർട്ടറിലെത്തുന്നത്.

അതേ സമയം ബോക്സിങ്ങിൽ മേരി കോമിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. പുരുഷന്മാരുടെ 63 കിലോഗ്രാം ലെയ്റ്റ്‌വെയ്റ്റ് വിഭാഗത്തിൽ മനീഷ് കൗശിക് ആദ്യ മത്സരത്തിൽ തോറ്റുപുറത്തായി. ബ്രിട്ടീഷ് താരം ലൂക്ക് മക്രോമാകിനോട് 4-1നാണ് കൗശിക് പരാജയപ്പെട്ടത്.



ആദ്യ റൗണ്ടിൽ പിന്നിലായ ഇന്ത്യൻ താരം രണ്ടാം റൗണ്ടിൽ തിരിച്ചടിച്ചു. എന്നാൽ മൂന്നാം റൗണ്ടിലെത്തിയപ്പോഴേക്കും തളർന്ന കൗശികിന് പിടിച്ചുനിൽക്കാനായില്ല. ഇതോടെ ബ്രിട്ടീഷ് താരം മത്സരം സ്വന്തമാക്കി. നേരത്തെ വനിതാ ബോക്സിങ്ങിൽ ഇന്ത്യയുടെ സൂപ്പർ താരം മേരികോം പ്രീ ക്വാർട്ടറിലെത്തിയിരുന്നു. ആദ്യ റൗണ്ടിൽ അനായാസാമായിരുന്നു മേരി കോമിന്റെ വിജയം.