117 പേർ മത്സരരംഗത്തുണ്ടായിട്ടും റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ നേട്ടം ഒരു വെള്ളിമെഡലും ഒരു വെങ്കലവും മാത്രമാണ്. ബാഡ്മിന്റണിൽ പി.വി സിന്ധു നേടിയ വെള്ളിയും ഗുസ്തിയില് സാക്ഷി മാലിക് നേടിയ വെങ്കലവും. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നവർക്കായി രാജ്യം മുടക്കിയ കോടിക്കണക്കിന് രൂപയിൽ, മെഡൽ നേട്ടത്തിൽ കലാശിച്ചത് വെറും 1.66 ശതമാനം മാത്രം!

36.85 കോടി രൂപയാണ് 117 ഒളിമ്പ്യന്മാർക്കായി രാജ്യം ചെലവിട്ടത്. ഇതിൽ സിന്ധുവിനും സാക്ഷിക്കുമായി ചെലവായത് നാമമാത്രമായ തുകയാണ്. മറ്റു ചിലർക്കുവേണ്ടി മുടക്കിയ തുക ജലരേഖ പോലെ മാഞ്ഞുപോവുകയായിരുന്നു.

വനിതാ റിലേ ടീമിന്റെ പരിശീലനത്തിനും തയ്യാറെടുപ്പുകൾക്കുമായി മുടക്കിയത് 2.94 കോടി രൂപയാണ്. എന്നാൽ അവരുടെ നേട്ടമോ? ഹീറ്റ്‌സിൽ ഏഴാം സ്ഥാനം. സെമിയിലേക്ക് യോഗ്യത നേടിയതുമില്ല. പുരുഷ ഡിസ്‌കസ് ത്രോയിൽ മത്സരിച്ച വികാസ് ഗൗഡയ്ക്ക് നൽകിയത് 1.02 കോടി. എത്തിയതോ? 28-ാം സ്ഥാനത്തും!

കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സുകളിലായി ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ നേട്ടം സമ്മാനിച്ച ഷൂട്ടിങ്ങിനുവേണ്ടിയാണ് പാതിയിലേറെ തുക ചെലവിട്ടത്. 15.39 കോടി രൂപ. പക്ഷേ, റിയോയിൽ അതൊന്നും മെഡലിലേക്ക് എത്തിയില്ല. യാതൊരു മെഡൽ സാധ്യതയുമില്ലെന്ന് മുൻകൂട്ടി മനസ്സിലാക്കിയിട്ടും അത്‌ലറ്റിക്‌സിനുവേണ്ടി വാരിയെറിഞ്ഞതും കോടികളാണ്. ഒളിമ്പിക്‌സിന് യോഗ്യത നേടിയ 36 താരങ്ങളിൽ 30 പേർക്കുവേണ്ടി 7.80 കോടി രൂപ മുടക്കി.

ഇന്ത്യക്ക് മെഡൽ നേടിത്തന്ന പി.വി സിന്ധുവിനും സാക്ഷി മാലിക്കിനുമായി ചെലവാക്കിയത് 61.13 ലക്ഷം രൂപയാണ്. എന്നാൽ, പരിക്കുമൂലം കാര്യമായ പ്രകടനം നടത്താൻ കഴിയാതിരുന്ന വികാസ് ഗൗഡ, സൈന നേവാൾ, യോഗേശ്വർ ദത്ത്എന്നിവർക്കായി 2.5 കോടി രൂപ ചെലവായി. ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട ഇന്ദർജീത് സിങ്ങിനും നർസിങ് യാദവിനുമായി പാഴാക്കിയത് 90.49 ലക്ഷവും.

ടാർജറ്റ് ഒളിമ്പിക് പോഡിയം സ്‌കീം(ടോപ്‌സ്) അനുസരിച്ചാണ് താരങ്ങൾക്കുവേണ്ടി തുക ചെലവിട്ടത്. 2015 മാർച്ചിൽ നിലവിൽ വന്ന ഈ പ്ദ്ധതി അനുസരിച്ചാണ് ഒളിമ്പ്യന്മാർക്ക് തുക അനുവദിക്കുക. സ്വകാര്യ പരിശീലകരുടെ ഫീസടക്കമുള്ള കാര്യങ്ങൾക്ക് ഈ സ്‌കീമിൽനിനിന്ന് പണം ലഭിക്കും. യാത്ര, വിദേശത്ത് പരിശീലനം എന്നിവയ്ക്കും സഹായം ലഭിക്കും.

2012 മുതൽ 2015 ഡിസംബർവരെ കേന്ദ്രം കായികരംഗത്ത് ചെലവിട്ടത് 750 കോടി രൂപയാണെന്ന് മുൻ കായിക മന്ത്രി സർബാനന്ദ സോനോവാൾ ഒരിക്കൽ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങൾക്കുവേണ്ടി മുടക്കിയ തുകയും 67 സ്‌പോർ്ട്‌സ് ഫെഡറേഷനുകൾക്ക് ഗ്രാന്റിനത്തിലും അല്ലാതെയും നൽകിയ തുകയും അടക്കമാണിത്.