തിരുവനന്തപുരം : വിദേശയാത്രയ്ക്ക് ആവശ്യമായ രേഖകളുണ്ടായിട്ടും പ്രവാസി മലയാളിക്ക് യാത്ര നിഷേധിച്ച ഒമാൻ എയർ വിമാന കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്. റീ എൻട്രി ഉണ്ടോ എന്നത് സൗദിയിൽ പരിശോധിക്കേണ്ട കാര്യമായിട്ടും തിരുവനന്തപുരത്ത് യാത്ര തടയുകയായിരുന്നു വിമാനകമ്പനി ചെയ്ത്. ഇത് കടുത്ത അനീതിയാണെന്ന് ഉപഭോക്തൃഫോറം കണ്ടെത്തി.

ഒമാൻ എയറിനെതിരെ രണ്ടു വർഷം നീണ്ട നിയമപോരാട്ടത്തിലൂടെ പുലയനാർകോട്ട എസ്.എൻ നഗർ ടി.സി 6/1572 ൽ സജി ചെല്ലപ്പനാണ് നഷ്ടപരിഹാരം നേടിയെടുത്തത്. 2013 ജൂണിൽ സജിയും ഭാര്യയും സൗദി അറേബ്യയിലേക്ക് പോകാനായി 37,600 രൂപ നൽകി ഒമാൻ എയറിന്റെ രണ്ടു ടിക്കറ്റുകൾ വാങ്ങിയിരുന്നു. പുലർച്ചെ നാലിന് യാത്രക്കായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികൾ ബോർഡിങ് പാസിനായി കമ്പനി അധികൃതരെ സമീപിച്ചപ്പോൾ വിസ രേഖകളിൽ റീ എൻട്രി സീലും തീയതിയും ഇല്ലെന്ന കാരണം പറഞ്ഞ് പാസ് നൽകിയില്ല.

എമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്രയ്ക്ക് അനുമതി നൽകാവുന്നതാണെന്ന് നിർദ്ദേശിച്ചിട്ടും വിമാന കമ്പനി നിലപാട് മാറ്റിയില്ല. പിറ്റേന്ന് ജോലിക്ക് ഹാജരാകേണ്ടതിനാൽ സജി അടുത്ത ദിവസത്തെ ഖത്തർ എയവർവെയ്‌സിൽ അതേ രേഖകൾ ഹാജരാക്കി എമർജൻസി ടിക്കറ്റിൽ സൗദിയിൽ എത്തി. ഇതിനൊപ്പം ഓരോ ടിക്കറ്റിൽ നിന്നും 4000 രൂപ ഈടാക്കിയ ശേഷമാണ് ബാക്കി തുക ഒമാൻ എയർ തിരികെ നൽകിയത്. കൃത്യസമയത്ത് ജോലിക്ക് ഹാജരാകാത്തതിനാൽ 30,000 രൂപ കൈനഷ്ടവും സജിക്കുണ്ടായി.

നവംബറിൽ നാട്ടിൽ തിരിച്ചെത്തിയ സജി 40,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു. തങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര റദ്ദായിട്ടും കമ്പനി തുക പിടിച്ചെടുത്തതും ഉയർത്തിക്കാട്ടി. തുടർന്നാണ് 40,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ ഫോറം പ്രസിഡന്റ് പി. സുധീർ ഉത്തരവിട്ടത്.