മസ്‌കറ്റ്: അനധികൃത താമസക്കാർക്കായി ഒമാൻ ഗവൺമെന്റ് അനുവദിച്ച പൊതുമാപ്പിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കും. മെയ് മൂന്നിനാണ് പൊതുമാപ്പ് പ്രാബല്യത്തിൽവന്നത്. കൂടുതൽപേർക്ക് പ്രയോജനപ്പെടുത്തുന്നതിനായി ഒരുതവണ കാലാവധി നീട്ടിനൽകിയിരുന്നു.

കാലാവധി കഴിയുന്നതോടെ അനധികൃത താമസക്കാർക്കായി വ്യാപകതിരച്ചിൽ ആരംഭിക്കുമെന്നും പിടിയിലാകുന്നവർക്കെതിരെ കർശന നിയമനടപടി കൈക്കൊള്ളുമെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.കാലാവധി കഴിയുമ്പോൾ ഇവർക്കെതിരെ ശക്തമായ നടപടിസ്വീകരിക്കാനാണ് തീരുമാനം. പിഴയോ മറ്റ് ശിക്ഷകളോ കൂടാതെ അനധികൃത പ്രവാസി താമസക്കാർക്ക് സ്വദേശത്തേക്ക് തിരിച്ചുപോകാനുള്ള അവസരമാണ് പൊതുമാപ്പിലൂടെ നൽകിയത്.

23,653 പേരാണ് ഇതുവരെ പൊതുമാപ്പ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് മടങ്ങിയത്. പൊതുമാപ്പ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് ബംഗ്ലാദേശി തൊഴിലാളികളാണ്. ഏകദേശം 7300 ബംഗ്ലാദേശികളാണ് പൊതുമാപ്പ് കാലയളവിൽ സ്വദേശത്തേക്ക് മടങ്ങിയതെന്ന് ബംഗ്ലാദേശ് എംബസി അറിയിച്ചു.

പൊതുമാപ്പ് പ്രഖ്യാപനവേളയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലൂദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 47,000ത്തോളം അനധികൃത താമസക്കാർ ഒമാനിലുണ്ടായിരുന്നതായി ഗവൺമെന്റിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. പൊതുമാപ്പിന് ഇത്തവണ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഇന്ത്യൻ എംബസി അധികൃതരും പറഞ്ഞു.