മസ്‌കറ്റ്: താമസസ്ഥലത്തിനടുത്തുള്ള മലകയറുന്നതിനിടെ കാൽ വഴുതി വീണ് ആലപ്പുഴ സ്വദേശി മരിച്ചു. വാദികബിറിൽ ബുധനാഴ്‌ച്ച വൈകുന്നേരം ആണ് സംഭവം. ആലപ്പുഴ സ്വദേശി നിയാസ് എന്ന യുവാവാണ് മരിച്ചത്.

മരണം നടന്ന് പിറ്റേദിവസമാണ് മൃതദേഹം നിയാസിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ജനവരി ആറിന് അവധിയെടുത്ത് നാട്ടിലേക്ക് പോകാനിരിക്കെയാണ് നിയാസിനെ തേടി മരണമെത്തിയത്. അഞ്ചുവർഷമായി ഒമാനിലുള്ള നിയാസ് വാദികബീറിൽ അക്കൗണ്ടന്റായി പ്രവർത്തിക്കുകയായിരുന്നു.

മൃതദേഹം ഖുറം ആർ.ഒ.പി. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാട്ടിൽകൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. ഭാര്യ: ഫർസാന. ആറുമാസം പ്രായമുള്ള കുഞ്ഞുണ്ട്.