മസ്‌ക്കറ്റ്: യുഎഇ പോലെ ഇന്ധന സബ്‌സിഡി പിൻവലിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ജീവിത നിലവാരം നിലവിലുള്ളതു പോലെ തുടരുമെന്നും അതിൽ വീഴ്ച വരുത്തുന്ന കാര്യങ്ങളൊന്നും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും ഡാർവിഷ ബിൻ ഇസ്മയിൽ അൽ ബെലൗഷി പറഞ്ഞു.

നിലവിൽ ഇന്ധന വില കുറഞ്ഞിരിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവു മൂലമാണെന്നും അതേസമയം രാജ്യം ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. അടുത്ത വർഷം മുതൽ ഇന്ധന സബ്‌സിഡി പിൻവലിക്കുമെന്ന അഭ്യൂഹത്തെ തുടർന്നാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമോയെന്ന സംശയത്താൽ പൊതുജനങ്ങളുടെ ജീവിത ചെലവുകളും മറ്റും പഠിക്കുന്നതിന് ഫിനാൻഷ്യൽ അഫേഴ്‌സ് ആൻഡ് എനർജി റിസോഴ്‌സസ് കൗൺസിൽ ഒരു കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തിയിരുന്നു. സർക്കാർ ചെലവുകൾ വെട്ടിച്ചുരുക്കിയും നോൺ ഓയിൽ വരുമാനങ്ങൾ വർധിപ്പിച്ചും എണ്ണവിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നാണ് കൗൺസിൽ പിന്നീട് വെളിപ്പെടുത്തിയത്. പെട്രോളിനും ഡീസലിനും ഉൾപ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങൾക്ക് സബ്‌സിഡി നൽകുന്നതു മൂലം ഒമാന് ഈ വർഷം ചെലവായത് 900 മില്യൺ റിയാലാണ്. മുൻ വർഷം ഇത് 840 റിയാലായിരുന്നു.