മസ്‌കറ്റ്: സെയിൽസ്, മാർക്കറ്റിങ് മേഖലകളിൽ വിസ നൽകുന്നതിനുള്ള വിലക്ക് അവസാനിക്കാനിരിക്കെ ആറ് മാസത്തെക്ക് കൂടി വിസാ നിരോധനം നീട്ടാൻ തീരുമാനം. ഒമാൻ വംശജരല്ലാത്ത സെയിൽസ്, മാർക്കറ്റിങ് പ്രൊഫഷണലുകൾക്ക് വിസ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന മാൻപവർ മന്ത്രാലയത്തിന്റെ തീരുമാനം മൂലം തൊഴിലുടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

2013 ഡിസംബർ മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. സെയിൽസ്, മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യപ്പെടുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനാണ് വിസ നിഷേധിച്ചുകൊണ്ട് മാൻപവർ മന്ത്രാലയം തീരുമാനം പുറപ്പെടുവിച്ചത്.നിലവിൽ പ്രവാസികൾ ജോലി ചെയ്യുന്ന ഇത്തരം ഒഴിവുകളിൽ കൂടുതൽ സ്വദേശികളെ പരിശീലനം നൽകി നിയമിക്കുകയാണ് മാൻപവർ മന്ത്രാലയത്തിന്റെ ലക്ഷ്യം. അതിനാലാണ് ആറുമാസത്തേക്ക് കൂടി ഈ നിരോധനം നീട്ടാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിൽ ഒമാൻ സ്വദേശികൾക്ക് കൂടുതൽ അവസരം ഒരുക്കുകയു ഇതിനു പിന്നിലുള്ള മറ്റൊരു ഉദ്യേശ്യമാണ്.

മാൻപവർ മിനിസ്റ്റർ ഷെയ്ഖ് അബ്ദുള്ള ബിൻ നാസീർ അൽ ബക്രിയാണ് ഇതുസംബന്ധിച്ച് തീരുമാനം അറിയിച്ചത്. പുതിയ വിസ ലഭിക്കുന്നതിന് ഒരു വർഷമായി നിരോധനം നിലനിൽക്കുന്നതിനാൽ തൊഴിലന്വേഷകർ മാത്രമല്ല, ആളെ നിയമിക്കാനാകാതെ തൊഴിലുടമകളും പ്രതിസന്ധിയിലാണ്. എക്‌സലന്റ് കാറ്റഗറിയിലുള്ള സ്ഥാപനങ്ങൾക്കും, സർക്കാർ പദ്ധതി ഏറ്റെടുത്ത സ്ഥാപനങ്ങൾക്കും മാത്രമാണ് ഇതിൽ ഇളവുള്ളത്.