മസ്‌കത്ത്: റസിഡൻസ് കാർഡിൽ രേഖപ്പെടുത്തിയ തൊഴിൽ ആണോ നിങ്ങൾ ചെയ്യുന്നത്. അതോ തൊഴിൽ മാറിയാണോ നിങ്ങൾ ജൊലിയെടുക്കുന്നത്. എങ്കിൽ പിടി വീഴുമെന്ന് ഉറപ്പ്. രേഖപ്പെടുത്തിയ തൊഴിൽ അല്ലാതെ മറ്റു തൊഴിലുകളിൽ ഏർപ്പെടുന്ന പ്രവാസികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

റോയൽ ഒമാൻ പൊലീസിന്റെയും അതാത് നഗരസഭ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്നും തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് റിപ്പോർട്ട് ചെയ്തു.

നിയമലംഘനത്തിന് കൂട്ട് നിൽക്കുന്ന തൊഴിലുടമക്ക് പിഴയും തൊഴിലാളിക്ക് നാടുകടത്തലുമായിരിക്കും ശിക്ഷ നൽകുക. മസ്‌കത്തിലും മറ്റു മുനിസിപ്പാലിറ്റികളിലും ഇത്തരം റെയ്ഡുകൾ ശക്തമാക്കിയിട്ടുണ്ട്.മുൻ മാസങ്ങളെ അപേക്ഷിച്ച് മസ്‌കത്ത് നഗരത്തിൽ തൊഴിൽനിയമ ലംഘകരെ തേടിയുള്ള പരിശോധന വ്യാപമാക്കിയിരിക്കുകയാണ്. റെയ്ഡിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം 15നും 21 നുമിടയിൽ മാത്രം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് 476 വിദേശികൾ പിടിക്കപ്പെട്ടിട്ടുണ്ട്. ഈ കാലയളവിൽ തൊഴിൽ നിയമ ലംഘനം നടത്തിയതിന് 260 പേരെ നാടുകടത്തിയിട്ടുണ്ട്.