മസ്‌കത്ത്: മൊബൈൽ വിപണിയിലെ വ്യാജന്മാരുടെ വിളയാട്ടം തടയാനുറച്ച് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അഥോറിറ്റി (ട്രാ) രംഗത്ത്. നിങ്ങൾ വാങ്ങുന്ന മൊബൈൽ ഫോണും ടാബ്ലെറ്റും വ്യാജനല്ലെന്ന് ഉപഭോക്താവിന് ഉറപ്പാക്കുന്നതിനായുള്ള ട്രായുടെ ഓട്ടോമേറ്റഡ് സംവിധാനം പ്രവർത്തനമാരംഭിച്ചു. വ്യാജ ഉപകരണങ്ങൾക്കെതിരായ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പുതിയ സംവിധാനം ആരംഭിച്ചത്.

ജി.എസ്.എം അസോസിയേഷനുമായി ചേർന്നാണ് വ്യാജഫോണുകൾ തിരിച്ചറിയുന്നതിനുള്ള 'വെരിഫൈ ബിഫോർ യു ബൈ' ഓട്ടോമാറ്റഡ് സംവിധാനം ആരംഭിച്ചത്. ഉപകരണത്തിന്റെ ബോക്‌സിലുള്ള 15 അക്ക ഐ.എം.ഇ.ഐ നമ്പർ 80566 എന്ന നമ്പറിലേക്ക് എസ്.എം.എസ് ആയി അയക്കുകയാണ് വേണ്ടത്. ഐ.എം.ഇ.ഐ നമ്പർ ജി.എസ്.എം അസോസിയേഷനിൽ രജിസ്റ്റർ ചെയ്തതാണോ എന്നത് പരിശോധിക്കുകയാണ് സംവിധാനം ചെയ്യുക. രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് മറുപടി വരുന്നതെങ്കിൽ ഫോൺ ഒറിജിനൽ ആയിരിക്കും.

ഒമാൻ ടെൽ, ഉരീദു ഉപഭോക്താക്കൾക്കാണ് പുതിയ സംവിധാനം നിലവിൽ ലഭ്യമാവുക. മറ്റ് ഓപറേറ്റർമാർക്കും വൈകാതെ ഇത് ലഭ്യമാക്കും. റോമിങ് നെറ്റ്‌വർക്കിലും പ്രവർത്തിക്കുന്നതിനാൽ ഒമാനിലുള്ള ഒരാൾ വിദേശത്തുനിന്ന് ഫോൺ വാങ്ങിയാലും എസ്.എം.എസ് അയച്ച് വ്യാജനാണോ അല്ലയോ എന്നത് ഉറപ്പിക്കാൻ കഴിയും. അംഗീകൃത വിൽപനക്കാരിൽനിന്ന് മാത്രം ഫോണുകൾ വാങ്ങുകയാണ് വ്യാജന്മാരുടെ പിടിയിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗം. ഇത്തരം വിൽപനക്കാർ ട്രായുടെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഫോണുകൾ ഇറക്കുമതി ചെയ്യുന്നത്. ട്രാ അംഗീകൃതം എന്നെഴുതിയ സ്റ്റിക്കർ ഇവയിലുണ്ടാകും. ഉപകരണം വാങ്ങുന്നതിന് മുമ്പ് ഈ സ്റ്റിക്കർ ഉണ്ടെന്ന് ഉറപ്പാക്കണം.

ഫോണിന്റെ വില യഥാർഥ വിലയേക്കാൾ ഏറെ കുറവാണെങ്കിൽ അത് വ്യാജനായിരിക്കും. ലോഗോക്കും സ്‌ക്രീനിനും അനുസരിച്ചല്ല ഫോണിന്റെ പാക്കിങ് എങ്കിൽ അത് വ്യാജനാണ് എന്നതിന്റെ അടയാളമാണ്. യഥാർഥ ഫോണുകൾക്കെല്ലാം കുറഞ്ഞത് ഒരു വർഷത്തെ വാറന്റി ഉണ്ടാകും. വാറന്റി ലഭ്യമാകാത്ത ഫോണുകളും വ്യാജന്റെ പട്ടികയിലുള്ളതാകാനാണ് സാധ്യത. വ്യാജഫോണുകൾ സംബന്ധിച്ച പരാതി അഥോറിറ്റിയുടെ സർവിസ് നമ്പറായ 800 000 00 വഴിയോ www.gov.om എന്ന വെബ്‌സൈറ്റ് മുഖേനയോ നൽകാം.

വ്യാജ മൊബൈൽ ഉൽപന്നങ്ങളുടെ എണ്ണം വിപണിയിൽ മുമ്പെങ്ങുമില്ലാത്ത വിധം വർധിച്ചിരിക്കുകയാണ്. കുറഞ്ഞ നിലവാരവും ഉപകരണങ്ങൾ പെട്ടെന്ന് കേടാകുന്നതുമായുള്ള പരാതികൾ കൂടിവരുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് പരാതികളാണ് ഈ വിഷയത്തിൽ രാജ്യത്ത് ലഭിച്ചത്.