മസ്‌കത്ത്: ഒമാനിൽ ഇന്ത്യൻ സ്‌കൂളിലെ ബസ് അപകടത്തിൽപ്പെട്ടു രണ്ടു മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ നാലു മരണം. കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് ഷമാസ്, കോട്ടയം സ്വദേശി സജാദിന്റെ മകൾ റൂയ എന്നിവരാണ് മരിച്ച മലയാളികൾ. ബസ് ജീവനക്കാരായ ഒമാൻ സ്വദേശികളാണ് മരിച്ച മറ്റ് രണ്ടുപേർ.

നിസ്വയിലാണ് അപകടം. മരിച്ച മലയാളി വിദ്യാർത്ഥികൾ രണ്ടാം ക്ലാസിൽ പഠിക്കുന്നവരാണ്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

സ്‌കൂൾ വിദ്യാർത്ഥികൾ വിനോദയാത്ര പോയ ബസാണ് അപകടത്തിൽ പെട്ടത്. ബഹ്ലയിലേക്ക് പോയ ബസിൽ മീൻ കൊണ്ടുപോയ ട്രക്കിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ നിസ്വ ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് ഷമാസിന്റെ മൃതദേഹം ബഹ്ല ആശുപത്രിയിലും റൂയയുടെ മൃതദേഹം നിസ്വ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നെന്നാണ് റിപ്പോർട്ടുകൾ.