മസ്‌കറ്റ്: പ്രവാസികൾക്ക് ആശ്വാസം നൽകി, ഇന്ത്യക്കാർക്കുള്ള പ്രവേശനവിലക്ക് ഒമാൻ നീക്കുന്നു. ഒമാൻ അംഗീകൃത കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് അടുത്തമാസം ഒന്നുമുതൽ രാജ്യത്ത് പ്രവേശിക്കാം.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ മുതലാണ് ഇന്ത്യക്കാർക്ക് ഒമാൻ പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്. കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഒമാൻ ഇളവ് അനുവദിച്ചത്. ഒമാൻ അംഗീകൃത കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് അടുത്തമാസം ഒന്നുമുതൽ രാജ്യത്ത് പ്രവേശിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്ത്യയിലെ കോവിഷീൽഡ് വാക്സിൻ ഒമാൻ അംഗീകരിച്ചിട്ടുണ്ട്. അതിനാൽ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഒമാനിൽ വരുന്നതിൽ തടസമില്ല. എന്നാൽ കോവാക്സിൻ ഒമാൻ അംഗീകരിച്ചിട്ടില്ല. വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണ് ഒമാൻ പ്രവേശനാനുമതി നൽകുക.