മസ്‌കത്ത്: റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. വടകര സ്വദേശി സുനിൽകുമാർ (48) ആണ് മരിച്ചത്. വാദി കബീർ സിഗ്‌നലിന് സമീപം കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.

വാദി കബീറിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന സുനിൽകുമാർ നാട്ടിൽനിന്ന് കൊടുത്തയച്ച മരുന്നു വാങ്ങി വരവേയാണ് അപകടത്തിൽപെട്ടത്. സുനിൽകുമാറിന്റെ ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ ആദ്യമേ റോഡ് മുറിച്ചുകടന്നിരുന്നു. ഇവർക്ക് പിന്നാലെയാണ് സുനിൽകുമാർ റോഡിലിറങ്ങിയത്. സംഭവസ്ഥലത്തുവച്ചുതന്നെ ഇദ്ദേഹം മരിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ഇടിച്ച വാഹനം നിർത്താതെപോയി. നിർധന കുടുംബത്തിന്റെ ഏക അത്താണിയായ സുനിൽ കുമാറിന് ഭാര്യയും മകനുമുണ്ട്.