രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയ ദിനാഘോഷം തുടരുകയാണ്. ഗവർണറേറ്റുകളിൽ സുൽത്താനോട് കൂറുപ്രഖ്യാപിച്ചുകൊണ്ടുള്ള റാലികൾ നടന്നു. ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദിന്റെ നേതൃത്വത്തിൽ മസ്‌കത്ത് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്‌സിൽ വിവിധ ആഘോഷ പരിപാടികളാണ് വ്യാഴാഴ്ച നടന്നത്. ആറായിരത്തോളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ചേർന്ന് അവതരിപ്പിച്ച വർണശബളമായ പരിപാടിയിൽ രാജ്യത്തോടും സുൽത്താനോടുമുള്ള ജനതയുടെ കൂറ് വിളംബരം ചെയ്യുന്ന ടാബ്‌ളോയിഡുകളും അവതരിപ്പിച്ചു.

പരമ്പരാഗത കലാരൂപങ്ങളും വിവിധ മേഖലകളിൽ രാഷ്ട്രം കൈവരിച്ച നേട്ടങ്ങളും കലാരൂപങ്ങളുടെ രൂപത്തിൽ അരങ്ങിലെത്തി. ഇന്ത്യൻ പ്രസിഡന്റ് പ്രണബ് മുഖർജി, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, യു.എ.ഇ പ്രസിഡന്റ്, സൗദി രാജാവ്, ബഹ്‌റൈൻ രാജാവ്, മൊറോക്കോ രാജാവ്, അൽജീരിയ പ്രസിഡന്റ് തുടങ്ങി വിവിധ ലോകനേതാക്കൾ സുൽത്താന് ദേശീയദിന ആശംസകൾ നേർന്നു.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 2,3 ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ ആഘോഷങ്ങൾ അതിരുകടക്കരുതെന്നും ജനങ്ങൾ സുരക്ഷിതത്വം പാലിക്കണമെന്നും സിവിൽ അഥോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുഅവധി ദിവസങ്ങളിൽ അപകടങ്ങളുടെ തോത് വളരെയധികം വർധിക്കുന്ന സാഹചര്യത്തിലാണ് സിവിൽ അഥോറിറ്റിയുടെ സുരക്ഷാ നിർദ്ദേശം. ഏതെങ്കിലും സാഹചര്യത്തിൽ അപകടമുണ്ടായാൽ രക്ഷാ പ്രവർത്തനത്തിനായി പൊതുസ്ഥലത്ത് ആംബുലൻസുകളും ക്യാംപ് ചെയ്യുന്നുണ്ട്.

അതേസമയം, വിവിധ മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലും ഇന്ത്യൻ സ്‌കൂളുകളിലും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്ത് വരുംദിവസങ്ങളിലും ദേശീയദിന മാർച്ചുകളും ആഘോഷപരിപാടികളും തുടരും.