മസ്‌കറ്റ്: സുൽത്താനേറ്റ് ഓഫ് ഒമാന്റെ 44ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്  നടക്കുന്ന റാലിയിൽ പ്രവാസി സംഘടനളും ഐക്യദാർഡ്യം പ്രഖ്യാപിച്ച് പങ്കെടുത്തത് ശ്രദ്ധേയമായി.ഇതാദ്യമായാണ്  പ്രവാസസംഘടനകൾ മൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ അനുമതിയോടെ നടക്കുന്ന റാലിയിൽ അണിചേരുന്നത്. സുൽത്താന്റെ ചിത്രം പതിപ്പിച്ച പ്ലക്കാർഡുകളേന്തിയും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

മത്ര സിഗ്‌നലിൽ നിന്ന് തുടങ്ങിയ റാലി റയ്യാൻ പാർക്കിനു സമീപമുള്ള റൗണ്ട് എബൗട്ടിലാണ് അവസാനിച്ചത്. ഒമാനി നാടോടി നൃത്തസംഘത്തോടൊപ്പം മലയാളികളും താളത്തിൽ ചുവടുവച്ചത് കാണികളിൽ ആവേശമുണർത്തി.

മസ്‌കത്ത് പാലസ് വരെ നടത്താനിരുന്ന റാലി ഗതാഗത കുരുക്കിനെ തുടർന്ന് റയ്യാൻ പാർക്കിന് സമീപം പിരിച്ചുവിടാൻ പൊലീസ് നിർദ്ദേശിക്കുകയായിരുന്നു. നവാസ്, ഫിറോസ്, നാസർ, സാദിഖ്, നൗഷാദ്, അഫ്ത്താബ്, ഹുസൈൻ ബലൂഷി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.റാലിയുടെ ചീഫ് കോഓർഡിനേറ്റർ കെ. യൂസഫ് സലിം കേരളീയ സമൂഹത്തെ അഭിനന്ദിച്ചുകൊണ്ട് വാലിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. ഒമാൻ പാർലമെന്റ് അംഗങ്ങളായ ശൈഖ് ഖാദിം അബ്ദുള്ള അലി അൽ അജ്മി, സയ്യിദ് ഗാനിം അൽ മുഖ്ബാലി തുടങ്ങിയവർ ആശംസ നേർന്നു.