മസ്‌കറ്റ്: 45ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 2, 3 ദിവസങ്ങളിൽ ഒമാനിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഹിസ് മജസ്ടി സുൽത്താൻ ഖാബൂസിന്റെ രാജകീയ ഉത്തരവ് പ്രകാരമാണ് സർക്കാർ അവധി നൽകിയത്. മന്ത്രാലയത്തിലെ ജീവനക്കാർ, പബ്ലിക്ക് അഥോറിറ്റി, സ്‌റ്റേറ്റ് അഡ്‌മിനിസ്‌ട്രേഷനിലെ മറ്റ് വിഭാഗങ്ങൾ എന്നിവിടങ്ങളിലെ ജോലിക്കാർക്കാണ് അവധി. ദിവാൻ ഓഫ് ദി റോയൽ കോർട്ട്, സിവിൽ സർവ്വീസ് കൗൺസിൽ ചെയർമാൻ സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.വീക്കെന്റ് അവധിക്ക് ശേഷം ഡിസംബർ 6നായിരിക്കും ഇനി ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുക.

ഡിസംബർ 2, 3 തീയതികളിൽ സ്വകാര്യ മേഖലയ്ക്കും അവധി നൽകുമെന്ന് മാനവവിഭവശേഷി മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ നസീർ അൽ ബക്രി അറിയിച്ചു. അതേസയമം, ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാനേജ്‌മെന്റും ജീവനക്കാരും തമ്മിലുള്ള ഉടമ്പടി പ്രകാരം സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.