പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിലവസരങ്ങൾ തുറന്ന് ഒമാൻ റെയിൽവേ.രാജ്യത്ത് ആരംഭിക്കുന്ന റെയിൽ പദ്ധതിയിലെ ആദ്യ ഒഴിവുകൾ ഒമാൻ റെയിൽ കമ്പനി പ്രഖ്യാപിച്ചു. ഈമാസം 30 വരെയാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുക.

കൊമേഴ്‌സ്യൽ സ്റ്റാറ്റർജി വകുപ്പിൽ ബിസിനസ് പ്ലാനിങ് അനലിസ്റ്റ്, സെക്രട്ടറി, ധനകാര്യ വിഭാഗത്തിൽ അസറ്റ് അക്കൗണ്ടന്റ്, സപ്ലൈ ചെയിൻ വിഭാഗത്തിൽ ഇൻ കൺട്രി വാല്യു സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് ഒമാൻ റെയിൽ ആദ്യമായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ഒഴിവുകളിൽ സ്വദേശി അപേക്ഷകർക്ക് മുൻഗണനയുണ്ടാകുമെങ്കിലും പരിചയ സമ്പന്നരായ പ്രവാസികൾക്കും അവസരമുണ്ടാകുമെന്ന് ഒമാൻ റെയിൽ അറിയിച്ചു.

www.omanrail.com എന്ന വെബ്‌സൈറ്റ് വഴി ഓൺ ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇംഗ്ലീഷിൽ തയാറാക്കിയ സീവിയും ഒപ്പമുണ്ടാകണം. മാനവവിഭവ ശേഷി മന്ത്രാലയവുമായി ചേർന്നാണ് നിയമനം നടത്തുക. ഒമാനിൽ ആദ്യമായാണ് റെയിൽവേ പദ്ധതി ആരംഭിക്കുന്നത്.

ഒമാന്റെ യുഎഇ അതിർത്തിയായ ബുറൈമി മുതൽ യമൻ അതിർത്തി വരെ നീളുന്ന 2135 കിലോമീറ്റർ റെയിൽവേ പദ്ധതിയാണ് ഒമാൻ റെയിൽ നടപ്പാക്കുന്നത്. സ്വദേശികൾക്കെന്ന പോലെ പ്രവാസികൾക്കും വൻ തൊഴിൽ സാധ്യതൾക്ക് റെയിൽവേ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.