മസ്‌കത്ത്: ഒമാനിൽ ഭീതിവിതച്ച് വീണ്ടും മെർസ് ബാധ റിപ്പോർട്ട് ചെയ്തു. കടുത്ത പനിയും ന്യുമോണിയയുമായി വന്ന 40കാരനിലാണ് രോഗം കണ്ടത്തെിയത്. റഫറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ഏഴാം തവണയാണ് രാജ്യത്ത് മെർസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗ ബാധിതരിൽ മൂന്നുപേരാണ് നേരത്തേ മരിച്ചത്. കഴിഞ്ഞ മെയ്‌ അവസാനമാണ് രാജ്യത്ത് അവസാന രോഗബാധ കണ്ടത്തെിയത്. രോഗം പടരാതിരിക്കാൻ സുസജ്ജമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

പൊതുജനങ്ങൾ ശുചിത്വം പാലിക്കുകയും ചുമക്കുകയും തുമ്മുകയും ചെയ്താൽ കൈകൾ വൃത്തിയാക്കുകയും വേണം. ഇതുവഴി മെർസ് അടക്കം ശ്വാസകോശരോഗങ്ങളിൽനിന്നും നിരവധി ആരോഗ്യപ്രശ്‌നങ്ങളിൽ നിന്നും പ്രതിരോധം തീർക്കാൻ കഴിയുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറഞ്ഞു. ഒട്ടകങ്ങളിൽനിന്നാണ് രോഗം പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. ഒട്ടകങ്ങളുമായി ഇടപഴകുന്നവർ ശുചിത്വ നിർദേശങ്ങൾ കർശനമായി പാലിക്കണം.

കടുത്ത പനി, ചുമ, അതികഠിനമായ ശ്വാസതടസ്സം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചിലരിൽ ന്യുമോണിയയും വയറിളക്കവും അനുബന്ധമായി കാണാറുണ്ട്. രോഗിക്ക് ദീർഘമായി ശ്വാസമെടുക്കാൻ കഴിയില്ല. തുടക്കത്തിലേ കണ്ടത്തെി ചികിത്സ നൽകിയാൽ രോഗം ഭേദമാക്കാൻ കഴിയും. ശ്വാസതടസ്സത്തോടെയുള്ള പനിയുള്ളവർ ഉടൻ ചികിത്സ തേടണം. ചികിത്സ വൈകിയാൽ രോഗവിമുക്തി എളുപ്പമല്‌ളെന്നും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

2012ലാണ് മെർസ് വ്യാപകമായത്. 1625 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇത് വരെ. 586 പേരെങ്കിലും അസുഖം മൂലം മരിക്കുകയും ചെയ്തു.