മസ്‌കത്ത്: നാല്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തിനായി രാജ്യം തയ്യാറെടുക്കുകയാണ്. ഈ വരുന്ന 18 നാണ് രാജ്യം ദേശീയദിനമായി ആചരിക്കുക. ആഘോഷങ്ങളുടെ ഭാഗമായി കർശന സുരക്ഷാ നടപടികളാണ് രാജ്യം ഒരുക്കിയിരിക്കുന്നത്.

വാഹന റാലികളും മറ്റും നടത്തുന്നവർ ഗതാഗത നിയമങ്ങൾ ലംഘിക്കരുതെന്നും പൊതു ജനങ്ങൾക്കും മറ്റു വാഹനങ്ങൾ ഓടിക്കുന്നവർക്കും പ്രയാസം സൃഷ്ടിക്കരുതെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ, തടവ് തുടങ്ങിയ ശിക്ഷകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

മറ്റു വാഹനങ്ങളുടെയും കാൽനടക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ഗതാഗത നിയമലംഘനങ്ങൾ പരമാവധി കുറക്കണമെന്നും നിയമം അനുശാസിക്കുന്നു. എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതത്വത്തോടെയും സന്തോഷത്തോടെയും ദേശീയ ദിനാഘോഷ പരിപാടികൾ ആസ്വദിക്കാൻ കഴിയണമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന റാലികളും മറ്റ് ആഘോഷ പ്രകടനങ്ങളും ഒമാൻ സുൽത്താന് കൂറും ആദരവും പ്രഖ്യാപിക്കാനുള്ള അവസരങ്ങളാണ്. ഇത് ദുരുപയോഗപ്പെടുത്തരുത്. മറ്റു വാഹനങ്ങൾ ഓടിക്കുന്നവർക്കും പൊതുജനങ്ങൾക്കും ഒരു കാരണവശാലും ബുദ്ധിമുട്ട് ഉണ്ടാക്കരുത്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന എല്ലാ ആഘോഷ പരിപാടികൾക്കും അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അമിത വേഗത്തിൽ
വാഹനമോടിച്ച് ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്നത് കുറ്റകരമാണ്. അമിത വേഗത്തിൽ വാഹനം ഓടിച്ച് പൊടി ഉയർത്തുകയും വാഹനങ്ങൾ വളഞ്ഞുപുളഞ്ഞ് ഓടിക്കുന്നതും ഏറെ അപകടം സൃഷ്ടിക്കുന്നതാണ്. ഇത് അധികൃതർ നേരത്തേതന്നെ ശക്തമായി നിയന്ത്രിച്ചിരുന്നു. ഗതാഗത സ്തംഭനം സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നതും അനുവദനീയമല്ലാത്ത മേഖലകളിൽ പാർക്ക് ചെയ്യുന്നതും നിയമവിരുദ്ധമാണ്.

നിയമലംഘകർ സ്വയവും മറ്റുള്ളവർക്കും അപകടം വരുത്തുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുകയും വാഹന റാലി നടത്തുന്നതും എല്ലാ ആഘോഷങ്ങളുടെയും ഭാഗമാണ്. ഇത്തരം വാഹനങ്ങൾ തുടർച്ചയായി ഹോൺ അടിക്കാറുമുണ്ട്. രാത്രി ഏറെ വൈകിയും ഇത്തരം കൂട്ട ഹോൺ അടികൾ സാധാരണമാണ്. ഇത് ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പൊലീസ് പറഞ്ഞു. ഈ വിഷയത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ദേശീയ ദിനത്തിന്റെ ഭാഗമായോ മത്സരങ്ങളിൽ വിജയം നേടിയതിന്റെ ഭാഗമായോ വാഹനങ്ങളുടെ മുകൾ ഭാഗങ്ങളിൽ ഒമാൻ പതാക പറപ്പിച്ച് പാട്ട് പാടുന്നതും മറ്റും കുറ്റകരമാണ്. ഇത്തരം റാലികളിൽ ചിലർ സ്ത്രീകളോട് മോശമായി പെരുമാറുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് ഗുരുതരമായി കാണുന്നതായും അധികൃതർ പറഞ്ഞു.

പൊതുജനങ്ങളുടെയും മറ്റു വാഹനങ്ങൾ ഓടിക്കുന്നവരുടെയും ആഘോഷങ്ങൾ നടത്തുന്നവരുടെതന്നെയും സുരക്ഷ ഉറപ്പാക്കാൻ നിയമം ശക്തമായി നടപ്പാക്കുന്നതോടെ കഴിയുമെന്ന് അധികൃതർ വിലയിരുത്തുന്നു. പടക്കങ്ങൾ ഉപയോഗിക്കുന്നത് നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രമായിരിക്കണമെന്ന് റോയൽ ഒമാൻ പൊലീസിന്റെ നിർദ്ദേശം. മസ്‌കറ്റ് ഗവർണറേറ്റിൽ അംറേത്ത്, ബൗഷർ, സീബ് എന്നിവിടങ്ങളിലാണ് ദേശീയ ദിനത്തോടനുബന്ധിച്ച് ഫയർവർക്ക്‌സിന് അനുമതിയുള്ളത്. മസ്‌കറ്റിൽ മൂന്ന് പ്രധാന ഡിസ്‌പ്ലേകൾ അരങ്ങേറും. അൽ അംറേത്ത് ഹൈറ്റ്‌സ്, ബൗഷർ സ്‌ടോർട്‌സ് കോംപ്ലക്‌സ്, വാദി അൾ ഖൗദ് എന്നിവിടങ്ങളാണവ. രാത്രി എട്ടു മണിക്കായിരിക്കും അവ നടക്കുക.