മസ്‌ക്കറ്റ്: ഒമാനിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ വൻ വർധന നേരിട്ടതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. ഏപ്രിൽ അവസാനം രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് സുൽത്താനേറ്റിൽ 1,604,158 വിദേശ തൊഴിലാളികളാണുള്ളത്. കഴിഞ്ഞ മാർച്ചിൽ രേഖപ്പെടുത്തിയ  1,594,464 എണ്ണ കണക്കിനെ അപേക്ഷിച്ച് 0.6 ശതമാനം വർധനയാണ് പ്രവാസികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.

വിദേശ തൊഴിലാളികൾക്കിടയിൽ പുരുഷന്മാരുടെ എണ്ണം 1,416,162 എത്തുകയും സ്ത്രീ തൊഴിലാളികളുടെ എണ്ണം 187,996. ആകുകയും ചെയ്തതായാണ് റിപ്പോർട്ട്. കൂടാതെ സ്വകാര്യമേഖലിയാണ് വിദേശ തൊഴിലാളികളുടെ എണ്ണം ഏറ്റവും കൂടുതൽ വർധിച്ചിട്ടുള്ളത്. സ്വകാര്യമേഖലയിൽ നിലവിൽ 1,294,490 വിദേശ തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ തന്നെ 30,281 സ്ത്രീ തൊഴിലാളികളും 1,264,209 പുരുഷ തൊഴിലാളികളുമാണുള്ളത്. സ്വകാര്യമേഖലയിൽ തന്നെ മാർച്ചിലേതിനേക്കാൾ 0.6 ശതമാനം വർധനയാണ് വിദേശ തൊഴിലാളികളുടെ കാര്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഫാമിലി സെക്ടറാണ് വിദേശ തൊഴിലാളികളുടെ കാര്യത്തിൽ രണ്ടാമത് നിൽക്കുന്നത്. ഈ മേഖലയിലെ പ്രവാസികളുടെ എണ്ണം 249,301 ആയിട്ടുണ്ട്. അതേസമയം സർക്കാർ മേഖലയാണ് ഇക്കാര്യത്തിൽ മൂന്നാമത് നിൽക്കുന്നത്.  39,352 പുരുഷന്മാരും 21,042 സ്ത്രീകളും ഉൾപ്പെടെ മൊത്തം 60,367 വിദേശീയർ മാത്രമാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ മാർച്ചിലേതിനേക്കാൾ ഈ മേഖലയിൽ 0.1 ശതമാനം വർധനയേ പ്രവാസികളുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളൂ.

ഒമാനിൽ തൊഴിലെടുക്കുന്ന പ്രവാസികളിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യക്കാരാണ്.  619,850 ആണ് ഒമാനിലുള്ള പ്രവാസി ഇന്ത്യക്കാരുടെ എണ്ണം. 34,014 സ്ത്രീ തൊഴിലാളികളും 585,836 പുരുഷന്മാരും ഉൾപ്പെടെ 0.9 ശതമാനം വർധനയാണ് ഇവരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.  പ്രവാസികളിൽ ഭൂരിപക്ഷവും ലേബർ തസ്തികയിലാണ് തൊഴിലെടുക്കുന്നത്. 5,23,139 പുരുഷന്മാരടക്കം 5,89,373 ലേബർമാരാണ് ഒമാനിലുള്ളത്.

സെക്കൻഡറി സ്‌കൂൾ സർട്ടിഫിക്കറ്റുള്ള 2,41,857 പേരും ഡിപ്‌ളോമ സർട്ടിഫിക്കറ്റുള്ള 52,942 പേരും സർവകലാശാല ബിരുദമുള്ള 92,610 പേരും ഉന്നത ഡിപ്‌ളോമയുള്ള 52,942 പേരും മാസ്റ്റർ യോഗ്യതയുള്ള 5,953 പേരും പി.എച്ച്.ഡിയുള്ള 2,793 പേരും പ്രവാസികളിൽ ഉണ്ട്. നിരക്ഷരരായ 21,416 പ്രവാസികളും രാജ്യത്ത് തൊഴിലെടുക്കുന്നുണ്ട്. മസ്‌കത്ത് ഗവർണറേറ്റിലാണ് ഏറ്റവുമധികം പ്രവാസികളുള്ളത്, 7,18,133. 0.9 ശതമാനത്തിന്റെ വർധനവാണ് ഇവിടെ രേഖപ്പെടുത്തിയത്. വടക്കൻ ബാത്തിനയിൽ 2,08,042ഉം ദോഫാറിൽ 1,76,968 ഉം പ്രവാസികൾ തൊഴിലെടുക്കുന്നതായി കണക്കുകൾ പറയുന്നു.