മസ്‌കത്ത്: സുൽത്താൻ ഖാബൂസിന്റെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ രാജ്യം ആദ്യമായി ദേശീയദിനം ആഘോഷിക്കുകയാണ്.ചികിത്സയിൽ കഴിയുന്ന സുൽത്താൻ ഖാബൂസിന്റെ അഭാവത്തിൽ ഔദ്യോഗികമായ ദേശീയദിന പരിപാടികൾ വെട്ടിച്ചുരുക്കിയിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള പരിപാടികൾ രാജ്യമെങ്ങും നടന്നുവരികയാണ്. സുൽത്താന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി സ്വദേശിവിദേശി വ്യത്യാസമില്ലാതെ രാജ്യമെങ്ങും പ്രാർത്ഥനാനിർഭരമാണ്.

നവംബർ 26,27 തിയ്യതികളിലാണ് ദേശീയദിന അവധികൾ പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർസ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരുപോലെ രണ്ട് ദിവസത്തെ അവധിയാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള പ്രവൃത്തിദിവസങ്ങളായി ഉപയോഗിക്കാം. ബുധനും വ്യാഴവും ദേശീയദിന അവധിയും വെള്ളിയും ശനിയും വാരാന്ത്യഅവധിയും കഴിഞ്ഞ് ജീവനക്കാർക്ക് നവംബർ 30ന് ഞായറാഴ്ച ജോലിയിൽ പ്രവേശിച്ചാൽ മതിയാവും.

ഒഴിവുദിനങ്ങൾ ഉല്ലസിക്കാൻ സ്വദേശികളും വിദേശികളും ഒരുപോലെ ഒരുങ്ങുകയാണ്. കനത്ത ചൂടും മഴയും കഴിഞ്ഞ് തണുപ്പുള്ള അനുകൂല കാലാവലസ്ഥയും വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നു.