മസ്‌ക്കറ്റ്: സലാല തീരത്തു നിന്ന് 312 കിലോമീറ്റർ അകലെ കടലിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. ബുധനാഴ്ച രാവിലെ 11.20ഓടെ ഉണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ അഞ്ച് തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് മസ്‌ക്കറ്റിലെ സുൽത്താൻ ഖാബൂസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. കടലിലാണ് ഭൂകമ്പം ഉണ്ടായതെങ്കിലും അതിന്റെ പ്രതിഫലനങ്ങൾ ചിലയിടങ്ങളിൽ അനുഭവപ്പെട്ടതായി പറയുന്നു.

കടലിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. കൂടാതെ, അനുഭവവേദ്യമല്ലാത്ത ചെറുചലനങ്ങളും ഉണ്ടായതായി ഭൂകമ്പ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ ചലനങ്ങളിൽ ഒന്നിലും നാശനഷ്ടം ഉണ്ടായിരുന്നില്ല.

ഏപ്രിൽ, മെയ്‌, ജൂലൈ മാസങ്ങളിൽ സലാലയിലും മസ്‌കത്തിലും നാലിനും അഞ്ചിനും ഇടയിലുള്ള ചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഒന്നോ രണ്ടോ ചലനങ്ങൾ മാത്രമാണ് ജനങ്ങൾക്ക് അനുഭവേദ്യമായത്. വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഒമാന്റെ വടക്കൻ മേഖല ഭൂകമ്പ സാധ്യതയുള്ള സ്ഥലമായാണ് വിലയിരുത്തപ്പെടുന്നത്.