മസ്‌കറ്റ്: അറബിക്കടലിൽ ന്യൂനമർദത്തെ തുടർന്ന് രൂപപ്പെട്ട 'ചപാല' ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ വൈകുന്നേരത്തോടെ ഒമാൻ തീരത്തോട് കാറ്റ് അടുക്കുമെന്നാണ് സൂചന.

വ്യാഴാഴ്ച ലഭിച്ച മുന്നറിയിപ്പനുസരിച്ച് ദോഫാറിൽനിന്ന് 900 കിലോമീറ്റൽ അകലെ മാത്രമാണ് കാറ്റുള്ളത്. കാറ്റിന് ഉപരിതലത്തിൽ മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയാണുള്ളത്. അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് സംബന്ധിച്ച് വ്യക്തമായ രൂപം ലഭിക്കും.

കാറ്റ് ശക്തമായ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് ദോഫാർ, യമൻ എന്നീ തീരത്തേക്ക് നീങ്ങുമോ എന്നും സൂചനകൾ ലഭിക്കും. അൽവുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്.

ചപാലയുടെ പ്രഭാവത്തിൽ കടൽത്തിരയും ക്രമാതീതമായി ഉയർന്നുപൊങ്ങും. റാസൽ ഹദ്ദ് മുതൽ ദോഫാർ വരെയുള്ള കടൽത്തീരങ്ങൾ പ്രക്ഷുബ്ധമാകാനിടയുണ്ട്. ഇവിടെ മൂന്ന് മുതൽ അഞ്ച് വരെ മീറ്റർ ഉയരത്തിൽ തിരമാലകൾ പൊങ്ങാനും സാധ്യതയുണ്ട്. ശക്തമായ മഴയിൽ പലഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാനും വാദികൾ കവിയാനും സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.

വാദിയിൽ വാഹനമിറക്കരുതെന്നും ശക്തമായ മഴയിൽ വാഹനം ഒഴുകിപ്പോകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.