മസ്‌ക്കറ്റ്: ടാക്‌സി നിരക്കുകൾ നിയന്ത്രിക്കുന്നതിന് ഏകീകൃതമായ സംവിധാനം ആവശ്യപ്പെട്ട് ഡ്രൈവർമാർ രംഗത്ത്. പാർക്കിങ് സൗകര്യം ഏർപ്പെടുത്തുകയും ടാക്‌സി പ്രവർത്തനങ്ങൾ കൃത്യമായി നീരീക്ഷിക്കുന്നതും അടക്കമുള്ള സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം. യാത്രാ ചെലവ് കുറയ്ക്കുന്ന മ്‌സ്വാലത് സേവനം ആരംഭിച്ചത് ടാക്‌സി ഡ്രൈവർമാരെ പ്രതികൂലമായി ബാധിച്ചു. ചെലവ് കുറഞ്ഞ ബസ് സർവ്വീസ് കൂടി ആരംഭിച്ചതോടെ തങ്ങളുടെ പ്രതിസന്ധി രൂക്ഷമായതായി ഡ്രൈവർമാർ പറയുന്നു. മ്‌സ്വാലത് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സമയത്ത് സൗജന്യ യാത്രയും നടത്തിയിരുന്നു.

മ്‌സ്വാലത് സംവിധാനത്തിന്റെ പരീക്ഷണ ഘട്ടം തന്നെ തങ്ങളെ ഏറെ പ്രതികൂലമായി ബാധിച്ചു. അറുന്നൂറോളം ടാക്‌സി ഡ്രൈവർമാരിൽ ഭൂരിഭാഗം പേർക്കും പണിയില്ലാതായെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഗതാഗതമന്ത്രാലയത്തോട് ഏകീകൃത ടാക്‌സി നിരക്ക് ഏർപ്പെടുത്തുന്നതിനൊപ്പം ഒമാൻ നാഷണൽ ട്രാൻസ്‌പോർട് കമ്പനി ടിക്കറ്റ് നിരക്ക് ടാക്‌സി നിരക്കിന് തുല്യമാക്കാൻ കൂടി ഇവർ ആവശ്യപ്പെടുന്നു.

ഇതിനൊപ്പം ഡ്രൈവർമാർ നേരിടുന്ന പാർക്കിങ് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ഇവരുടെ ആവശ്യത്തിൽ ഉൾപ്പെടുന്നു. റുവിക്ക് അടുത്തുള്ള ഒകെ സെന്ററിൽ പാർക്കിങിന് അനുമതി നൽകുന്നില്ല. മുപ്പത് ഒഎംആർ വരെ ദിവസം കിട്ടിയിരുന്ന ടാക്‌സി ഡ്രൈവർമാർക്ക് ഇപ്പോൾ ലഭിക്കുന്നത് വെറും മൂന്ന് ഒഎംആർ മാത്രമാണ്.