മസ്‌കത്ത്: എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തിൽ ഒമാൻ അടുത്ത വർഷം മുതൽ ഇന്ധന സബ്‌സിഡി കുറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സബ്‌സിഡി റദ്ദാക്കുന്നതുവഴി ലഭിക്കുന്ന വരുമാനം സാമ്പത്തിക പദ്ധതികൾക്കായി നീക്കി വയ്ക്കാനാണ് പദ്ധതിയിടുന്നത്. ഇതിന് പുറമെ ഇന്ധനക്കടത്ത് കുറയ്ക്കാനുള്ള നടപടികളും കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ ഘട്ടം ഘട്ടമായിട്ടായിരിക്കും ഇന്ധന സബ്‌സിഡി റദ്ദാക്കുന്നതെന്നും ധനമന്ത്രാലയത്തിൽ നിന്നുള്ള വക്താക്കൾ അറിയിച്ചു.

എണ്ണയുടെ റെക്കോഡ് വിലയിടിവ് കണക്കിലെടുത്ത് ഈ വർഷം മുതൽ ഇന്ധന സബ്‌സിഡിയിൽ കുറവുവരുത്തുമെന്ന് ഒമാൻ ധനകാര്യമന്ത്രി ദർവിഷ് അൽ ബലൂഷി അടുത്തിടെ അറിയിച്ചിരുന്നു. നിലവിലെ സബ്‌സിഡി സമ്പ്രദായം അർഹരിലേക്ക് എത്തുന്നില്‌ളെന്ന് പറഞ്ഞ ധനമന്ത്രി ഇതിൽ കുറവുവരുത്തുന്നതോടെ പ്രകൃതിസമ്പത്തിന്റെ അമിതോപയോഗം സംബന്ധിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരാകുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് അടുത്തിടെ നടത്തിയ സർവേയിൽ പങ്കെടുത്ത 68.7 ശതമാനം പേരും ഇന്ധന സബ്‌സിഡി കുറക്കാനുള്ള നീക്കത്തെ എതിർത്തിരുന്നു. 18 ശതമാനം പേർ മാത്രമാണ് സർക്കാറിന്റെ ഈ നീക്കത്തെ അനുകൂലിച്ചത്.

അതേസമയം, ഇന്ധന സബ്‌സിഡിയിൽ കുറവുവരുത്താനുള്ള തീരുമാനം ശൂറാ കൗൺസിലിനെ അറിയിച്ചിട്ടില്‌ളെന്ന് മജ്‌ലിസുശ്ശൂറ വൈസ് പ്രസിഡന്റ് അലി അൽ ബാദി അറിയിച്ചു. ഒക്ടോബർ 25ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാണ് ശൂറാ കൗൺസിൽ യോഗം ചർച്ച ചെയ്തത്. എണ്ണവില 45 ഡോളറിന് ചുറ്റും കറങ്ങിത്തിരിയുന്ന സാഹചര്യത്തിൽ സർക്കാർ നീക്കത്തെ
ഭൂരിപക്ഷം ശൂറാ അംഗങ്ങളും പിന്തുണക്കുമെന്നാണ് കരുതുന്നതെന്നും അലി അൽ ബാദി ചൂണ്ടിക്കാട്ടി.