മസ്‌കത്ത്: കേരളത്തിൽ എണ്ണവിലയിൽ ഇടിവുണ്ടാകുന്നതിനനുസരിച്ച് ഡീസൽ വില കുറഞ്ഞെങ്കിലും ബസ് ചാർജ്ജ് കുറയ്ക്കാത്തത് പോലെയാണ് പ്രവാസികൾക്ക് ഗുണം ചെയ്യേണ്ട ഇന്ത്യൻ വിമാനക്കമ്പനികളുടെ കാര്യവും. എണ്ണവിലയിൽ 60 ശതമാനം കുറവുണ്ടായിട്ടും വിമാനക്കമ്പനികൾ ഇന്ധന സർചാർജുകൾ ഈടാക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.

പല ഏഷ്യൻ വിമാനക്കമ്പനികളും സർചാർജ് കുറച്ചിട്ടും ഇന്ത്യൻ വിമാനക്കമ്പനികൾ കുറക്കാൻ തയാറായിട്ടില്ല. ആസ്‌ട്രേലിയൻ വിമാനക്കമ്പനിയായ കണ്ടാസ് എയർവേസ് കഴിഞ്ഞ ദിവസം ഇന്ധന സർചാർജ് കുറച്ചിരുന്നു. മലേഷ്യയുടെ എയർഏഷ്യ, ഫിലിപ്പൈൻ എയർ, ഫിലിപ്പീൻസിന്റെ സെബു എയർ എന്നിവയും കഴിഞ്ഞ മാസം സർചാർജ് കുറച്ചിരുന്നു. ചൈന എയർലൈൻസ്, ഇവ എയർലൈൻസ് എന്നിവ അടുത്തിടെ ഇന്ധന ചാർജ് 40 ശതമാനം കുറച്ചിരുന്നു.

ഇന്ത്യൻ വിമാനക്കമ്പനികൾ പലതും ഇന്ധന ചാർജുകൾ ഈടാക്കുന്നുണ്ട്. എയർ ഇന്ത്യ എക്പ്രസ് വൺവേക്ക് കുറഞ്ഞ നിരക്കായി 25 റിയാലാണ് അധിക നിരക്ക് ഈടാക്കുന്നത്. വിമാനത്താവളം ഉപയോഗിക്കുന്നതിനുള്ള സേവന നികുതിയാണ് ഇതിൽ അഞ്ച് റിയാൽ. ബാക്കി 20 റിയാലും വൈ.ക്യു എന്ന കോഡുള്ള ഇന്ധന സർചാർജ് ഇനത്തിലാണ് ഈടാക്കുന്നത്. എയർപോർട്ട് സേവന നിരക്ക് മാത്രമാണ് അതാത് വിമാനത്താവളങ്ങൾക്ക് നൽകേണ്ടിവരുന്നത്. മസ്‌കത്തിൽനിന്ന് കോഴിക്കോട്ടേക്ക് 43 റിയാൽ നിരക്ക് ഈടാക്കുമ്പോൾ 25 റിയാലും നികുതിയിനത്തിലാണ് പോവുന്നത്. റിട്ടേൺ ടിക്കറ്റെടുക്കുന്നവർക്ക് 17.500 റിയാലാണ് നികുതി ഈടാക്കുന്നത്.

ഒമാനിൽനിന്ന് ഇന്ത്യൻ സെക്ടറിൽ സർവിസ് നടത്തുന്ന മറ്റു വിമാനക്കമ്പനികളും ഉയർന്ന ഇന്ധന നിരക്കുകൾ ഈടാക്കുന്നുണ്ട്. ചില വിമാനക്കമ്പനികൾ നിരക്കുകൾ വേർതിരിച്ച് കാണിക്കാതെയാണ് നികുതികൾ ഈടാക്കുന്നത്. ഈ ഇനത്തിൽ 31 റിയാൽ വരെയാണ് നിരക്കുകൾ ഈടാക്കുന്നത്.