മസ്‌കറ്റ്: റംസാൻ മാസത്തിൽ അനുവദിച്ചിരിക്കുന്ന തൊഴിൽ സമയം ലംഘിച്ച് കൂടുതൽ സമയം തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇത്തരം കമ്പനികളുടെ മേൽ പിഴ ചുമത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

തുടർച്ചയായി നിയമലംഘനമുണ്ടാകുന്ന സാഹചര്യത്തിൽ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. വിശുദ്ധ റംസാൻ മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുസ്ലിം തൊഴിലാളികൾക്ക് ദിവസം ആറു മണിക്കൂറോ, ആഴ്ചയിൽ 30 മണിക്കൂറോ മാത്രം ജോലി നൽകണമെന്നായിരുന്നു നിർദ്ദേശം.

ചില സ്വകാര്യ മേഖല ജീവനക്കാർ വ്യക്തമാക്കുന്നത് തങ്ങളുടെ കമ്പനി ഈ നിയമം പാലിക്കുന്നില്ലെന്നാണ്. ഇത്തരം പരാതികളെ തുടർന്നാണ് മന്ത്രാലയം നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ് നൽകിയത്. മന്ത്രാലയം പുറപ്പെടുവിച്ച നിയമം ലംഘിക്കുന്നതിന് കമ്പനികൾക്ക് യാതൊരു അധികാരവുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നിയമം ലംഘിക്കുന്നവർക്ക് 100 ഒമാൻ റിയാലിൽ കുറയാതെ പിഴ വിധിക്കും. കൂടുതൽ സമയം ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ വിഭാഗത്തിൽ പരാതി നൽകാൻ തൊഴിലാളികൾക്ക് സാധിക്കും.