മസ്‌കത്ത്: ദാർസൈത്ത് മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഇവിടെയുള്ള ഇന്ത്യൻ സോഷ്യൽ ക്‌ളബ് മാറ്റിസ്ഥാപിക്കാൻ നീക്കമെന്ന് റിപ്പോർട്ട്. മസ്‌കത്ത് നഗരസഭാ കൗൺസിലറെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുന്ന മേഖലയാണ് നഗരഹൃദയത്തിൽ തന്നെ ഉള്ള ദാർസൈറ്റ്. നിലവിൽ മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിനോട് ചേർന്ന കെട്ടിടത്തിലാണ് ഇന്ത്യൻ സോഷ്യൽക്‌ളബ് പ്രവർത്തിക്കുന്നത്. സോഷ്യൽ ക്‌ളബിനു പുറമെ 13000ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന രണ്ട് ഇന്ത്യൻ സ്‌കൂളുകളും ദാർസൈത്ത് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

പ്രവൃത്തിദിവസങ്ങളിൽ രണ്ട് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള യാത്രാപ്രശ്‌നം മൂലം രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. വാരാന്ത്യങ്ങളിൽ സോഷ്യൽ ക്ലൂബ്ബ് പരിപാടികൾക്ക് എത്തുന്ന വാഹനങ്ങൾ പ്രദേശത്ത് ഗതാഗതക്കുരു ുണ്ടാക്കുന്നുവെന്ന പരാതി പ്രദേശവാസികളും ഉന്നയിച്ചിട്ടുണ്ട്.

ഇതനുസരിച്ച് ഇന്ത്യൻ സ്‌കൂളുകൾ ഇവിടെനിന്ന് മാറ്റണമെന്ന് നേരത്തേ നിർദേശമുണ്ടായിരുന്നു.ഇത് പ്രായോഗികമല്‌ളെന്ന് കണ്ടതിനാലാണ് സോഷ്യൽക്‌ളബ് മാറ്റുന്ന കാര്യം പരിഗണനയിലുള്ളതെന്ന് മുനിസിപ്പൽ കൗൺസിലർ സാലിം അൽ ഗമ്മാറിയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. സോഷ്യൽ ക്‌ളബിന് അമിറാത്തിൽ സ്ഥലമുണ്ടെന്നും അവിടെ കെട്ടിടം പണിയാമെന്നുമാണ് ഇദ്ദേഹത്തിന്റെ നിലപാട്. ഇക്കാര്യം അടുത്ത മുനിസിപ്പൽ കൗൺസിൽ ഗൗരവമായി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മുനിസിപ്പാലിറ്റിയിൽ നിന്ന് ഇതുവരെ നിർദ്ദേശം ഒന്നും കിട്ടിയിട്ടില്ലെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ചെയർമാൻ സതീഷ് നമ്പ്യാർ പറഞ്ഞു .1978ൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷനായി രൂപംകൊണ്ട സംഘടനയിൽ ഇപ്പോൾ 20 ഭാഷാവിഭാഗങ്ങൾ ഉണ്ട്. 1994ലാണ് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് എന്ന പേര് സ്വീകരിച്ചത്.