മസ്‌കറ്റ്: ഒമാനിൽ രജിസ്റ്റർ ചെയ്യാത്ത മോട്ടോർ ബൈക്കുകളിൽ കറങ്ങുന്ന കുട്ടി ഡ്രൈവർമാരെ പിടികൂടാനാണ് റോയൽ ഒമാൻ പൊലീസിന്റെ പുതിയ പദ്ധതി. ഇത്തരം രജിസ്റ്റർ ചെയ്യാതെ ടു വിലർ ഉപയോഗിക്കുന്നവരുടെ മേൽ പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇതിന് പുറമെ വാഹനം പിടിച്ചെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

റോയൽ ഒമാൻ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നൽകിയിരിക്കുന്ന പരസ്യത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികൾക്കായിട്ട് മാതാപിതാക്കൾ ചെറിയ മോട്ടോർ ബൈക്കുകൾ സമ്മാനമായി വാങ്ങി നൽകുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.  ഇത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് മുന്നറിയിപ്പ്.

രാജ്യത്തെ റോഡുകൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും സുരക്ഷിതമായി ഉപയോഗിക്കാനുള്ള നടപടികളാണ് റോയൽ ഒമാൻ പൊലീസ് നടപ്പിലാക്കി വരുന്നത്. റോഡപകടങ്ങൾ മൂലമുള്ള മരണങ്ങളും പരുക്കുകളും കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. മോപെഡ്‌സ്, ടൂവീലറുകൾ തുടങ്ങിയ വാഹനങ്ങൾ ലൈസൻസില്ലാതെ ഉപയോഗിക്കുന്നത് മൂലമുള്ള അപകടങ്ങൾ കുറയ്ക്കുകയാണ് പൊലീസിന്റെ ഉദ്യേശ്യം. ഇത്തരം വാഹനങ്ങൾ ധാരാളം ട്രാഫിക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട്. കൂടുതലും കാൽനടയാത്രക്കാർക്കാണ് ഇതുമൂലം അപകടങ്ങൾ ഉണ്ടാകുന്നത്.