മസ്‌കറ്റ്: ഒമാനെ മുക്കിക്കൊണ്ട് തകർത്തു പെയ്യുന്ന മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ  മലയാളിയടക്കം ആറു പേർ ഒഴുക്കിൽപെട്ട് മരിച്ചു. കൊല്ലം വയല സ്വദേശി ജയചന്ദ്രനാണ് (55) മരിച്ച മലയാളി. മറ്റുള്ളവർ ഒമാൻ സ്വദേശികളാണ്. കൊല്ലം അഞ്ചൽ സ്വദേശി അനിൽകുമാറിന് പരിക്കുണ്ട്. ഇയാളെ നിസ്വ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ നാലുപേർ കുട്ടികളാണ്.

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്നാണ് ഒമാനിൽ ശക്തമായ കാറ്റും മഴയും ദുരിതം വിതയ്ക്കുന്നത്. രണ്ടു ദിവസമായി തകർത്തു പെയ്യുന്ന മഴ ഒമാന്റെ ഉൾപ്രദേശങ്ങളിലാണ് നാശം വിതച്ചത്. ദാഖിലിയ ഗവർണറേറ്റിലെ നിസ്വക്ക് സമീപം ബർക്കത്ത് മൂസിൽ വാദി മുറിച്ചുകടക്കവേയാണ് ജയചന്ദ്രൻ നായരും അനിൽ കുമാറും സഞ്ചരിച്ച നിസാൻ പാത്ത്‌ഫൈൻഡർ ഒഴുക്കിൽപെട്ടത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
ജബൽ അഖ്ദറിലെ നിർമ്മാണ കമ്പനിയായ ആദിൽ ഒമാൻ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും നിസ്വയിൽനിന്ന് മടങ്ങിവരുകയായിരുന്നു. വാദി മുറിച്ചുകടക്കവേ മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലൊന്ന് നിന്നുപോയി. ഈ സമയത്തുണ്ടായ ശക്തമായ ഒഴുക്കിൽ ഇവരുടേതടക്കം മൂന്നു കാറുകൾ ഒഴുകിപ്പോയി. മുന്നിലെ വാഹനങ്ങളിൽ ഉണ്ടായിരുന്ന സ്വദേശികൾ വെള്ളത്തിന്റെ വരവുകണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും ഇവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ജയചന്ദ്രന്റെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ നിസ്വ അണക്കെട്ടിന് സമീപത്തുനിന്നാണ് കണ്ടത്തെിയത്. കുറച്ചുദൂരം ഒഴുകിപ്പോയ അനിൽ കുമാറിന് മരത്തിൽ പിടികിട്ടിയതാണ് രക്ഷയായത്. വെള്ളിയാഴ്ച വൈകീട്ടോടെ അനിൽകുമാറിനെ ഡിസ്ചാർജ് ചെയ്തു.

20 വർഷത്തോളമായി ജബൽ അഖ്ദറിൽ ജയചന്ദ്രൻ ജോലി ചെയ്തുവരുന്നു. നിസ്വ ആശുപത്രി മോർച്ചറിയിലുള്ള ജയചന്ദ്രന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഹംറ മേഖലയിലെ വാദി ഗുല്ലിൽ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ ഒഴുക്കിൽപെട്ട് മാതാവും മൂന്നു പെൺമക്കളും മരിച്ചു. പിതാവിനെ പരിക്കുകളോടെ നിസ്വ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സിവിൽ ഡിഫൻസ് അറിയിച്ചു. മസ്‌കത്തിൽ പലയിടത്തും സന്ധ്യയോടെ ഇടിവെട്ട് അനുഭവപ്പെട്ടു.വ്യാഴാഴ്ച റുസ്താഖിലെ വാദി സൂഖ് മേഖലയിൽ വാഹനം ഒഴുക്കിൽപെട്ട് കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹത്തിനായുള്ള തിരച്ചിലിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടത്തെി. വെള്ളിയാഴ്ചയും പലയിടങ്ങളിലും ഇടിമിന്നലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. ദാഖിറ, ദാഖിലിയ, ശർഖിയ ഗവർണറേറ്റുകളിൽ പലയിടത്തും രാത്രിയും മഴ തുടരുകയാണ്. പലയിടങ്ങളിലും വാദികൾ നിറഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെട്ടു. കാറ്റും മഴയും രണ്ടുദിവസംകൂടി തുടരാനിടയുണ്ടെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഥോറിറ്റി അറിയിച്ചു.