മസ്കറ്റ്: വലിയ അളവിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് ഇറാൻ പൗരന്മാരെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇറാനിൽ നിന്നുള്ള രണ്ട് പ്രവാസികൾ ഒരു മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് 68,000-ത്തിലധികം സൈക്കോട്രോപിക് ഗുളികകളും മറ്റ് മയക്കുമരുന്നുകളും കടത്തുന്നതിനിടെയാണ് അറസ്റ്റിലായത്.

വലിയ അളവിൽ ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, മരിജുവാന, 68,000-ത്തിലധികം സൈക്കോട്രോപിക് ഗുളികകൾ എന്നിവ ഇവരിൽ നിന്നും പൊലീസ് കണ്ടെത്തി. ഇറാനിൽ നിന്നും ഒമാനി സമുദ്രാതിർത്തിയിലേക്ക് അനധികൃതമായി പ്രവേശിച്ച മത്സ്യബന്ധന ബോട്ട് റോയൽ ഒമാൻ പൊലീസിന്‍റെ കോസ്റ്റ് ഗാർഡ് യൂണിറ്റുകൾ പിടിക്കപ്പെട്ടതിനെത്തുടർന്നാണ് ഇവരിൽ നിന്നും മയക്കുമരുന്നുകൾ കണ്ടെത്തിയത്. പോലീസ് പിടിയിലായ രണ്ട് ഇറാൻ പൗരന്മാർക്കെതിരെയുള്ള നിയമ നടപടികൾ നിലവിൽ പുരോഗമിച്ച്‌ വരികയാണെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.