മസ്കത്ത്: വടക്കൻ ബാതിനയിലെ ഖാബൂറയിൽ ബുധനാഴ്ച നടന്ന വാഹനാപകടത്തിൽ 42 പേർക്ക് പരിക്കേറ്റു. രണ്ട് ബസുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

അപകടത്തിൽ 10 പേർക്ക് സാരമായ പരിക്കേൽക്കുകയും 29 പേർക്ക് നിസ്സാര പരിക്കുകളുണ്ടാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അപകടസ്ഥലത്ത് ഉടൻ തന്നെ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ടീം എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റി.

പരിക്കേറ്റ എല്ലാവർക്കും ആവശ്യമായ എല്ലാവിധ മെഡിക്കൽ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.