മസ്‌കത്ത്: ഒമാനിൽ വെള്ളിയാഴ്ച മുതൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉൾനാടുകളിലും മരുഭൂമി പ്രദേശങ്ങളിലുമടക്കം മിക്ക ഗവർണറേറ്റുകളിലും തണുപ്പ് കടുക്കും. ഈ സീസണിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കൂടുതൽ തണുപ്പ് വെള്ളിയാഴ്ച മുതലായിരിക്കും അനുഭവപ്പെടുകയെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പ്രധാനമായും അതിരാവിലെയും വൈകുന്നേരങ്ങളിലുമായിരിക്കും തണുപ്പ് ഏറ്റവും കൂടുതൽ അനുഭവപ്പെടുക. ജബൽ അഖ്ദറിൽ സ്ഥിതി ചെയ്യുന്ന സൈഖ് വിലായത്തിൽ, ശനിയാഴ്ച പുലർച്ചയോടെ താപനില 2°C വരെ താഴുമെന്നാണ് പ്രവചനം. സോഹാറിലും ഇബ്രിയിലും കുറഞ്ഞ താപനില 10°C നും 14°C നും ഇടയിലായിരിക്കും.

ഹൈമയിലും ഖസബിലും ഏറ്റവും താഴ്ന്ന താപനില 11°C നും 14°C നും ഇടയിൽ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. തലസ്ഥാനമായ മസ്‌കത്തിൽ കുറഞ്ഞ താപനില 17°C വരെയായിരിക്കും.

ഒമാനിൽ വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറഞ്ഞ് തണുപ്പ് കടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.