മസ്കത്ത്: ഒമാനിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ദാഖിലിയ ​ഗവർണറേറ്റിലെ ആദം വിലയത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ പ്രാദേശിക സമയം 8.44ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ഹൈമ ന​ഗരത്തിന് ഏകദേശം 175 കിലോമീറ്റർ വടക്കു കിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭൂചലനത്തിന്റെ ആഘാതത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തുടനീളം ഭൂചലനങ്ങൾ സമയബന്ധിതമായി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ഒരു ഭൂകമ്പ നിരീക്ഷണ ശൃംഖല തന്നെ ഒമാനിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.